1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2011

നോബിള്‍ തെക്കുമുറി

ഒരു ഒരു ജനതതിയുടെ സ്വപ്നങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ചാരുതയേകാന്‍,ചിറകു മുളപ്പിക്കാന്‍ യുഗപ്പിറവി കൊണ്ട ചേതന യു.കെ എന്ന കലാസംസ്‌കാരിക സംഘടനയ്ക്ക് ആത്മഹര്‍ഷത്തിന്റെ ആത്മനിര്‍വൃതിയുടെ രണ്ട് വല്‍സരത്തിന്റെ നിറവ്. ചേതന യു.കെയുടെ രണ്ടാമത് വാര്‍ഷികാഘോഷങ്ങള്‍ അതിവിപുലമായ പരിപാടികളോടെ ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടര മുതല്‍ ബോണ്‍മാത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍വെച്ച് നടക്കും. വര്‍ണ്ണശബളമായ വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് എം ബി രാജേഷാണ് (പാലക്കാട് എം പി ).ചേതന പ്രസിഡന്‍റ് നോബിള്‍ തെക്കേമുറി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബിനോയ്‌ മാത്യു സ്വാഗതവും മാര്‍ട്ടിന്‍ നന്ദിയും പറയും.

സംഘടനയുടെ ശില്‍പ്പിക്ക് അല്ലെങ്കില്‍ ശില്‍പ്പങ്ങള്‍ക്ക് ഇത് ഒരുസ്വകാര്യ അഹങ്കാരമാണ്. രണ്ട് വര്‍ഷംമുമ്പ് സംഘടന നിലവില്‍ വരുന്നതിന് മുമ്പ് ഇതിന്റെ പ്രയോക്താക്കള്‍ക്ക് തങ്ങളുടെ ഹൃദയരക്തത്തിലും അകക്കാമ്പിലും ഉണ്ടായിരുന്നത് ജീവിതത്തെക്കുറിച്ചുള്ള ചില സത്യങ്ങളും നൊമ്പരങ്ങളും മാത്രം. ഈ വിതുമ്പലുകളുടേയും രോദനങ്ങളുടേയും മനുഷ്യാവിഷ്‌കാരമാണ് ചേതന യു.കെ എന്ന വലിയ സത്യം. പ്രായത്തേക്കാളധികം വളര്‍ച്ച കൈവരിച്ച ഈ പുഷ്പവല്ലരി സൗരഭ്യംപടര്‍ത്തി സഹജീവികള്‍ക്ക് തണലേകി ആശ്രയമേകി രണ്ടാംവാര്‍ഷികത്തില്‍ തലയെടുപ്പോടെ പ്രശോഭിക്കുന്നതില്‍ സംഘടനയുടെ സാരഥികള്‍ക്ക് ഏറെ അഭിമാനിക്കാവുന്നതാണ്.

പതിവിലും വ്യത്യസ്തമായി ഇന്ത്യക്ക് അകത്തും പുറത്തും വിവിധ വേദികളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള പ്രതിഭകളുടെ, ചേതനയിലെ കൊച്ചുകുരുന്നകളുടെ കലാപ്രകടനങ്ങളാകും ഇത്തവണ വേദിയില്‍ അരങ്ങേറുക. ഏഷ്യാനെറ്റ്‌ യൂറോപ്പ് ടാലന്‍റ് ഷോയിലെ വിധികര്‍ത്താവായ സന്തോഷ്‌ മേനോന്‍ അവതരിപ്പിക്കുന്ന നൃത്തവും സംഗീതവും,സ്നേഹ അബ്രഹാം അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍,ചെതനയിലെ സംഗീത വിദ്യാര്‍ഥികളുടെ സംഗീത കച്ചേരി,ചേതന നൃത്ത വിദ്യാര്‍ഥികളുടെ ശാസ്ത്രീയ നൃത്തം,ചേതന നിസരിയുടെ സംഗീത പരിപാടി എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അക്ഷരകേരളത്തിന്റെ കലാരൂപങ്ങളുടെ പ്രകടനങ്ങള്‍ക്ക് മാത്രമല്ല ചേതന യു.കെ ഇത്തവണ വേദിയൊരുക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള, യു.കെയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളുടെ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും കലാവിരുതും മാറ്റുരയ്ക്കപ്പെടുമെന്ന പ്രത്യേകതയും ഇത്തവണ ഉണ്ടാകുമെന്ന് ചേതനയുടെ വക്താക്കള്‍ അറിയിച്ചു ടാഗോര്‍ കാവ്യങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ സ്ഫുടം ചെയ്ത് പതംവരുത്തിയ ബംഗാളി നൃത്തശില്‍പ്പവും പഞ്ചാബി നൃത്തസന്ധ്യയും ആഘോഷവേളയിലെ വേറിട്ട കാഴ്ച്ചയാകും.

മാഞ്ചസ്റ്റര്‍ , പോര്‍ട്സ്മൗത്ത് ,സൌതാംപ്ടന്‍ ,കവന്‍ട്രി ,പൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമായി സ്വദേശികളും വിദേശികളുമായി വലിയ ഒരുസദസ്സ് വാര്‍ഷിക പൊതുയോഗ പരിപാടികള്‍ക്കും തുടര്‍ന്നുള്ള കലാസന്ധ്യക്കും സാക്ഷികളാകും. ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്ന ആസ്വാദകര്‍ക്കും കലാകാരന്‍മാര്‍ക്കും വേണ്ടി പാര്‍പ്പിടസൗകര്യങ്ങളും സജ്ജമാക്കിയതായി ആഘോഷകമ്മറ്റി അറിയിച്ചു. സദസ്യരുടെ സൗകര്യാര്‍ത്ഥം പരിപാടികള്‍ അരങ്ങേറുന്ന പ്രധാന ഹാളിന് വെളിയില്‍ മൊബൈല്‍ ഫുഡ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.