1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2011

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഓണ്‍ലൈനിലെ ആഗോളമലയാളിയുടെ പ്രധാനചര്‍ച്ചാവിഷയം രഞ്ജിനിയും ജഗതിയും തമ്മിലുള്ള വാക്‌പോരിനെപ്പറ്റിയാണ്. ന്യൂയോര്‍ക്കിലും ദുബയിലും കൊച്ചിയിലും ഇങ്ങ് ലണ്ടനിലുമൊക്കെയിരുന്ന് അവര്‍ ജഗതി പറഞ്ഞതും രഞ്ജിനി മറുപടി പറഞ്ഞതുമെല്ലാം ആവേശപൂര്‍വം ചര്‍ച്ച ചെയ്യുകയും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.എന്‍ ആര്‍ ഐ മലയാളി പുനപ്രസിദ്ധീകരിച്ച ബെര്‍ളി തോമസിന്‍റെ രഞ്ജിനി ഹരിദാസിന് ഒരു തുറന്ന കത്ത് എന്ന ലേഖനത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും ആവേശപൂര്‍ണമായ പ്രതികരണമാണ് ലഭിച്ചത്.

ബ്ലോഗിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിലുമെല്ലാം സംഭവത്തിന് നല്ല കവറേജാണ് കിട്ടിയത്. നെറ്റിസെന്‍സല്ലാത്ത മല്ലൂസ് ഇത് ചര്‍ച്ച ചെയ്യുന്നില്ലായെന്നല്ല പറയുന്നത്. എന്നാലും നെറ്റിലെ ഡിസ്‌ക്കഷനാണ് ലേശം ചൂട് കൂടുതലെന്ന് പറയേണ്ടിവരും. ഇത് സംബന്ധിച്ചുള്ള ബ്ലോഗ് പോസ്റ്റുകള്‍ പോലും ഇമെയിലുകളായി നെറ്റില്‍ പറന്നുനടക്കുന്നുണ്ട്. വാര്‍ത്തകള്‍ക്ക് താഴെ വരുന്ന കമന്റുകളും സംഭവത്തിന്റെ ചൂട് വെളിപ്പെടുത്തുന്നുണ്ട്.

ഏഷ്യാനെറ്റിന്റെ മഞ്ച് ജൂനിയര്‍ സ്റ്റാര്‍ സിങറിന്റെ ഫൈനലിനിടെ ജഗതി രഞ്ജിനിയെ വലിച്ചുകീറി ഒട്ടിച്ചുവെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. പതിറ്റാണ്ടുകളായി വെല്ലുവിളികളേതുമില്ലാതെ സിനിമയില്‍ തുടരുന്ന ജഗതിയുടെ നടപടികളെ അഭിനന്ദിയ്ക്കാനും വലിയൊരു വിഭാഗമാളുകളുണ്ട്. രഞ്ജിനിയുടെ അവതാരകശൈലിയെ ശക്തമായി എതിര്‍ക്കുന്നവരാണ് ഈ അഭിനയസാമ്രാട്ടിന് പിന്നില്‍ അണിനിരക്കുന്നത്.

അതേസമയം, മിനി സ്‌ക്രീനില്‍ ഏതാനും വര്‍ഷങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള രഞ്ജിനിയ്ക്ക് കിട്ടുന്ന പിന്തുണ ആരെയും അമ്പരിപ്പിയ്ക്കുന്നതാണ്. മിസ്റ്റര്‍ മൂണെന്ന അഭിസംബോധനയോടെ ജഗതിയ്ക്കുള്ള മറുപടിയെന്നോണം ഡെക്കാന്‍ ക്രോണിക്കിളില്‍ വന്ന രഞ്ജിനിയുടെ പ്രതികരണത്തെ പിന്തുണയ്ക്കുന്നവര്‍ ജഗതിയുടെ നടപടിയെ നിശിതമായി വിമര്‍ശിയ്ക്കുന്നുണ്ട്. ബ്ലോഗുകളിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയുമാണ് രഞ്ജിനി ഫാന്‍സുകാര്‍ ജഗതിക്കെതിരെ തിരിഞ്ഞിരിയ്ക്കുന്നത്.

ഒരു പൊതുപരിപാടിയ്ക്കിടെ പ്രകോപനങ്ങളൊന്നുമില്ലാതെ ജഗതിയുടെ ഭാഗത്തു നിന്നുണ്ടായ വിമര്‍ശനങ്ങള്‍ അനവസരത്തിലായിപ്പോയെന്ന് പൊതുവേയൊരു വികാരമുണ്ട്. വിമര്‍ശിയ്ക്കണമെന്നുണ്ടെങ്കില്‍ തന്നെ ജഗതി തിരഞ്ഞെടുത്ത വേദി ശരിയായിപ്പോയില്ലെന്ന് പറയുന്നവര്‍ അദ്ദേഹത്തിന്റെ നിലപാടുകളെ അംഗീകരിയ്ക്കുന്നവര്‍ക്കിടയിലുണ്ടെന്നതും മറ്റൊരു സത്യം.

വാക്കുകള്‍ കൊണ്ടുള്ള ക്രൂരമായ ആക്രമണമെന്നാണ് ജഗതിയുടെ നടപടിയെ രഞ്ജിനി ഫാന്‍സുകാര്‍ വിശേഷിപ്പിയ്ക്കുന്നത്. ആവേശം മൂത്ത ചിലര്‍ ജഗതിയുടെ വ്യക്തി ജീവിതത്തിലുണ്ടായ ചില വിവാദങ്ങളുയര്‍ത്തിക്കാണിയ്്ക്കാനും ശ്രമിയ്ക്കുന്നുണ്ട്. രഞ്ജിനിയെ ഈ രീതിയില്‍ വിമര്‍ശിയ്ക്കാനുള്ള ധാര്‍മികത ജഗതിയ്ക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

രഞ്ജിനിയെ പിന്തുണയ്ക്കുന്നവരുടെ പ്രധാന വാദങ്ങള്‍ ഇതെല്ലാമാണ്. ഐഡിയ സ്റ്റാര്‍ സിങറെന്ന റിയാലിറ്റി ഷോയുടെ വിജയത്തിന് പിന്നില്‍ രഞ്ജിനിയെന്ന അവതാരകയെ ഒരിയ്ക്കലും അവഗണിയ്ക്കാനാവില്ല, അവരുടെ തനതായ അവതാരക ശൈലിയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണീയത.

രഞ്ജിനിയെ അനുകരിയ്ക്കാന്‍ ശ്രമിച്ച പലരും ദയനീയമായി പരാജയപ്പെടുകയായിരുന്നു. സ്റ്റാര്‍ സിങറിന്റെ വിജയം രഞ്ജിനിയെന്ന അവതാരകയ്ക്കുള്ള അംഗീകാരമാണ്. അതുകൊണ്ടാണ് രഞ്ജിനിയെ ഒരുതവണ ഒഴിവാക്കിയിട്ടും ഏഷ്യാനെറ്റിന് അവരെ തിരികെക്കൊണ്ടു വരേണ്ടിവന്നതും അതുകൊണ്ടു തന്നെ.

ജഗതിയുടെ വിമര്‍ശനങ്ങളിലൂടെ ഖണ്ഡിയ്ക്കാനും രഞ്ജിനി ആരാധകര്‍ ശ്രമിയ്ക്കുന്നുണ്ട്. പരിപാടിയ്ക്കിടെ ജഗതി പുകഴ്ത്തിയ മഞ്ച് സ്റ്റാര്‍ സിങറിന്റെ അവതാരക പോലും രഞ്ജിനിയെ അനുകരിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. അവതാരക വിധി പറയുന്നെന്ന കുറ്റപ്പെടുത്തലും ശരിയല്ല, രഞ്ജിനി തന്റെ സ്വന്തം അഭിപ്രായമാണ് അവിടെ രേഖപ്പെടുത്തുന്നത്. പാട്ട് നന്നായോ മോശമായോ എന്നൊന്നും അവര്‍ പറയുന്നില്ല, അതെല്ലാം വിധികര്‍ത്താക്കള്‍ തന്നെയാണ് ചെയ്യുന്നത്.

ഇംഗ്ലീഷ് ചേര്‍ന്നുള്ള രഞ്ജിനിയുടെ മലയാളം ഇംഗ്ലണ്ടിലെ വിദ്യഭ്യാസത്തിലൂടെ വന്നുപോയതാണ്. ജഗതിയുടെ വിമര്‍ശനം പറയാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായും ഇവര്‍ കുറ്റപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.