1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2015

ബിന്‍സു ജോണ്‍: സഹജീവികളുടെ കണ്ണീരൊപ്പുന്ന കാര്യത്തില്‍ വാറ്റ്‌ഫോര്‍ഡ് മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഒരേ മനസ്സ്. അവിടെ അസോസിയേഷനുകളുടെ വേര്‍തിരിവോ, ജാതി മത ചിന്തകളോ ഒന്നുമില്ല. എക്കാലത്തും ചാരിറ്റി പ്രവര്‍ത്തനത്തില്‍ ഇവര്‍ ഒന്നാം സ്ഥാനത്താണ്. അതിന്റെ തെളിവായിരുന്നു നേപ്പാള്‍ ചാരിറ്റിയ്ക്കായി യുക്മ നടത്തിയ പിരിവ്. വാറ്റ്‌ഫോര്‍ഡില്‍ നിന്നുള്ള സണ്ണിമോന്‍ മത്തായി ആക്ടിംഗ് പ്രസിഡണ്ട് ആയുള്ള ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ആയിരുന്നു നേപ്പാള്‍ ചാരിറ്റി അപ്പീലില്‍ ഏറ്റവുമധികം തുക സമാഹരിച്ച് നല്‍കിയത്.

ഇക്കഴിഞ്ഞ ഓണാഘോഷത്തിന് വാറ്റ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ നടത്തിയ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നതിനായി യുക്മ നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു വന്നപ്പോള്‍ പറഞ്ഞ ചില വാക്കുകള്‍ ആണ് വാറ്റ്‌ഫോര്‍ഡ് മലയാളികളുടെ ജീവ കാരുണ്യ ചിന്തകളെ വീണ്ടും ഉദ്ദീപിപ്പിച്ചത്. കേരളത്തിലെ ഒരു നിര്‍ധന യുവതിയ്ക്ക് കിഡ്‌നി ചികിത്സയ്ക്കായി 12 ലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്നും സന്മനസ്സുള്ളവര്‍ സഹായിക്കണമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ യുക്മ പ്രസിഡന്റ് അഭ്യര്‍ഥിച്ചിരുന്നു.

ഓണാഘോഷം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞെങ്കിലും ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ആക്ടിംഗ് പ്രസിഡണ്ടും വാറ്റ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ട്രഷററുമായ സണ്ണി മത്തായിയും, റീജിയന്റെ ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയ മാത്യു സെബാസ്റ്റ്യനും ഇക്കാര്യം സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുകയും ഇത് പോലെയുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് തീരുമാനിക്കുകയും ആയിരുന്നു. വാറ്റ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ചാള്‍സ് മാണിയും, വാറ്റ്‌ഫോര്‍ഡ് മലയാളി സമാജം ഭാരവാഹി ഇന്നസെന്റ് ജോണും ഉള്‍പ്പെടെയുള്ളവര്‍ ഈ ആശയം സപ്പോര്‍ട്ട് ചെയ്യുകയും ചെയ്തപ്പോള്‍ ഇതിനായി ഒരു കമ്മറ്റിയും രൂപം കൊണ്ടു.

മാത്യു സെബാസ്റ്റ്യന്‍, സണ്ണി മത്തായി, ഇന്നസെന്റ് ജോണ്‍, അനൂപ് ജേക്കബ്, സുജു കെ ഡാനിയേല്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി ഒരു കമ്മറ്റി ഇതിനായി നിലവില്‍ വരികയും ഇവരുടെ നേതൃത്വത്തില്‍ നവംബര്‍ എട്ടാം തീയതി ഒരു ‘ചാരിറ്റി ലഞ്ച്’ സംഘടിപ്പിക്കുകയും ചെയ്തു. എട്ടാം തീയതി ഒരു മണി മുതല്‍ മൂന്ന്! മണി വരെ നടത്തിയ ഈ ചാരിറ്റി ലഞ്ചിലൂടെ ഇവര്‍ ശേഖരിച്ചത് 900 പൌണ്ടോളം ആയിരുന്നു.

ചാരിറ്റി പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിച്ച യുക്മ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യുവിന് അദ്ദേഹം ആവശ്യപ്പെട്ട കാര്യത്തിലേക്ക് 501 പൗണ്ട് സംഭാവന ചെയ്ത വാറ്റ്‌ഫോര്‍ഡുകാര്‍ ബാക്കി തുക മറ്റേതെങ്കിലും ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന്! കൊണ്ട് പോകാനുള്ള ഒരു സ്ഥിരം സംവിധാനം എന്ന നിലയില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് മുന്‍പോട്ട് പോകാനുമാണ് വാറ്റ്‌ഫോര്‍ഡുകാരുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.