1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2011

ലണ്ടന്‍: വാഗ് ലൈഫ്‌സറ്റൈലും, റിയാലിറ്റി ഷോകളും പെണ്‍കുട്ടികളുടെ സ്വഭാവം വഷളാക്കുന്നെന്ന് ടീച്ചര്‍മാര്‍. എങ്ങനെയെങ്കിലും പണക്കാരിയാവണമെന്ന ചിന്തമാത്രമേ ഇപ്പോഴത്തെ മിക്ക പെണ്‍കുട്ടികള്‍ക്കും ഉള്ളൂ. ഒരു ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യയായോ, ബ്രിട്ടനിലെ ഗോട് ടാലന്റിലോ, ദ എക്‌സ്ഫാക്ടറിലോ വിജയിച്ച് പെട്ടെന്ന് പണക്കാരാവണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്കിടയില്‍ പഠനത്തില്‍ നിന്ന് അകന്നുപോകുകയും ചെയ്യുന്നു.

മിക്ക പെണ്‍കുട്ടികള്‍ക്കും ചെറിയൊരു സെലിബ്രിറ്റിയെങ്കിലും ആകണം എന്നാണ് ആഗ്രഹം. അതിനായി ക്ലാസ് നടക്കുന്നതിനിടയില്‍ ശല്യമുണ്ടാക്കുകയും, അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും സൈബര്‍ കുറ്റകൃത്യങ്ങള്‍ വരെ ചെയ്യാന്‍ ഇവര്‍ തയ്യാറാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടിവരുന്നതിനാല്‍ ടീച്ചര്‍മാര്‍ക്ക് ക്ലാസ് ടൈം നഷ്ടമാകുന്നു.

ദ അസോസിയേഷന്‍ ഓഫ് ടീച്ചേഴ്‌സ് ആന്റ് ലക്‌ചേഴ്‌സ് 859 സ്‌ക്കൂള്‍ ജീവനക്കാരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടികളുടെ സ്വഭാവം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത പകുതിപ്പേരും അഭിപ്രായപ്പെട്ടു. ആണ്‍കുട്ടികളുടേതിനെക്കാള്‍ ഭീഷണി പെണ്‍കുട്ടികളുടെ സ്വഭാവ ദൂഷ്യമാണെന്ന് അഞ്ചില്‍ ഒന്ന് പേരും അഭിപ്രായപ്പെട്ടു.

സ്‌പോര്‍ട്‌സ്മാനെ വിവാഹം കഴിച്ച് പെട്ടെന്ന് പണക്കാരിയാവാമെന്നതാണ് വാഗ്‌സ് സ്ത്രീകളെ ആകര്‍ഷിക്കാന്‍ കാരണമെന്ന് എ.ടി.എലിന്റെ ജൂനിയര്‍ വൈസ് പ്രസിഡന്റ് ഹാങ്ക് റോബേര്‍ട്ട്‌സ് പറയുന്നു. ടി.വി ഷോകള്‍ വിജയത്തെക്കുറിച്ച് തെറ്റായ ഒരു ധാരണനല്‍കുകയും വിജയം ഭാഗ്യമുള്ള ആര്‍ക്കും നേടാമെന്ന തെറ്റുദ്ധാരണ കുട്ടികളില്‍ ഉണ്ടാക്കുന്നുണ്ടെന്നും കോപ്ലാന്റ് കമ്മ്യൂണിറ്റി സ്‌ക്കൂളിലെ അധ്യാപകന്‍ കൂടിയായ റോബേര്‍ട്ട്‌സ് അഭിപ്രായപ്പെടുന്നു. യൗവനാരംഭത്തിലുള്ള പ്രശ്‌നങ്ങളും കുടുംബപ്രശ്‌നങ്ങളുമാണ് പെണ്‍കുട്ടികളില്‍ ദുഃസ്വഭാവം ഉണ്ടാക്കുന്ന മറ്റ് ഘടകങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.