1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2011


23 വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കിരീടം നേടിയ ചുണക്കുട്ടികള്‍ക്ക് പണമായും ഭൂമിയായും വാഹനമായും സമ്മാനങ്ങള്‍ പ്രവഹിക്കുകയാണ്.

ടീമംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ കോടി രൂപ നല്‍കാന്‍ ബി.സി.സി.ഐ. തീരുമാനിച്ചു.കോച്ച് ഗാരി കേസ്റ്റനും സപ്പോര്‍ട്ടിങ് സ്റ്റാഫിനും അരക്കോടി രൂപ വീതവും സെലക്ടര്‍മാര്‍ക്ക് 25 ലക്ഷം രൂപ വീതവും നല്‍കും.ഡല്‍ഹി സര്‍ക്കാര്‍ ക്യാപ്റ്റന്‍ ധോനിക്ക് രണ്ടു കോടി രൂപയും ഡല്‍ഹിക്കാരായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, വീരാട് കോലി, ആശിഷ് നെഹ്‌റ എന്നിവര്‍ക്ക് ഓരോ കോടി രൂപ വീതവും പ്രഖ്യാപിച്ചു.

ക്യാപ്റ്റന്‍ ധോനിക്ക് ക്രിക്കറ്റ് അക്കാദമി തുടങ്ങാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഭൂമിയും സാമ്പത്തിക സഹായവും നല്കും. എത്ര സ്ഥലം വേണമെന്നും എവിടെ വേണമെന്നും ധോനിക്ക് തീരുമാനിക്കാം.
സച്ചിന്‍ തെണ്ടുല്‍ക്കറിനും സഹീര്‍ഖാനും മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചു.യുവരാജ് സിങ്ങിനും ഹര്‍ഭജന്‍ സിങ്ങിനും പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ വീതം നല്കും.

ബാംഗ്ലൂര്‍ വികസന അതോറിറ്റിയുടെ കീഴില്‍ താരങ്ങള്‍ക്കെല്ലാവര്‍ക്കും ബാംഗ്ലൂരില്‍ വീടുവെക്കാന്‍ കര്‍ണാടകസര്‍ക്കാര്‍ ഭൂമി നല്‍കും.മസൂറിയിലെ പതിവു സന്ദര്‍ശകരായ ധോനിക്കും സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും അവിടെ വീടോ വീടുവെക്കാന്‍ ഭൂമിയോ നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേഷ് പൊഖ്‌റിയാല്‍ അറിയിച്ചു. ധോനിയുടെ പേരില്‍ ഉത്തരാഖണ്ഡില്‍ സ്റ്റേഡിയം പണിയും.

ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കായികപുരസ്‌കാരമായ ഏകലവ്യ അവാര്‍ഡ് യൂസഫ് പഠാനും മുനാഫ് പട്ടേലിനും നല്‍കും.സംസ്ഥാനത്തെ ഏറ്റവും വലിയ കായികപുരസ്‌കാരമായ കന്‍ഷിറാം ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് അവാര്‍ഡ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുരേഷ് റെയ്‌നയ്ക്കും പിയൂഷ് ചൗളയ്ക്കും സമ്മാനിക്കും.

ടീമംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും റെയില്‍വേ ആജീവനാന്ത ഫസ്റ്റ് ക്ലാസ് എ.സി. പാസ് നല്‍കും.ഹരിയാണ സര്‍ക്കാര്‍ സെവാഗിനെയും ആശിഷ് നെഹ്‌റയെയും ആദരിക്കും.ടീമംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 300 ചതുരശ്ര അടി ഭൂമി വീതം നല്‍കുമെന്ന് രാജ്‌കോട്ട് സ്വദേശിയായ വ്യവസായി ഭൂപത് ബോഡാര്‍ പ്രഖ്യാപിച്ചു. മാന്‍ ഓഫ് ദ ടൂര്‍ണമെന്റായ യുവരാജ് സിങ്ങിന് കാര്‍ നിര്‍മാതാക്കളായ ഔഡി ഇന്ത്യ കാര്‍ സമ്മാനിക്കും.

യുവിയുടെ സ്പെഷ്യല്‍ താരം സച്ചിന്‍ !

ലോകകപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ മാന്‍ ഓഫ് ദ മാച്ചായ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ പ്രകടനങ്ങളെല്ലാം ഒരു പ്രത്യേക വ്യക്തിക്കുവേണ്ടിയാണെന്ന് യുവരാജ് പറഞ്ഞിരുന്നു.ആരാണാ പ്രത്യേക വ്യക്തിയെന്ന അന്വേഷണത്തിലായിരുന്നു പിന്നീട് ആരാധകര്‍. തന്‍റെ മിന്നുന്ന പ്രകടനങ്ങള്‍ക്ക് പ്രചോദനം പകര്‍ന്ന സ്‌പെഷല്‍ വ്യക്തിയാരെന്ന് ഒടുവില്‍ യുവരാജ് സിങ് വെളിപ്പെടുത്തി: സച്ചിന്‍ തെണ്ടുല്‍ക്കര്‍.

എന്നോടു ക്ഷമിക്കണം, അതെന്റെ കാമുകിയോ പ്രതിശ്രുത വധുവോ അല്ല. സച്ചിന്‍ തെണ്ടുല്‍ക്കറിനുവേണ്ടിയാണ് ഞാന്‍ എന്റെ പ്രകടനങ്ങള്‍ സമര്‍പ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനുവേണ്ടി സച്ചിന്‍ നല്‍കിയതുപോലുള്ള സംഭാവനകള്‍ മറ്റാരും നല്‍കിയിട്ടില്ല. സച്ചിന്‍ വിരമിക്കുന്നതിനുമുമ്പ് അദ്ദേഹത്തിനായി ലോകകപ്പ് നേടാന്‍ കഴിയണേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചിരുന്നു. അത് സാധിച്ചു-യുവി പറഞ്ഞു. ടൂര്‍ണമെന്റില്‍ നാലുതവണ മാന്‍ ഓഫ് ദ മാച്ചായ യുവരാജ് 362 റണ്‍സും 15 വിക്കറ്റും നേടിയാണ് ലോകകപ്പിന്റെ താരമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.