1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2011

ലെസ്റ്റര്‍:: താമരശേരി രൂപതയുടെ രജതജൂബിലി ആഘോഷം (തെയ്‌റോ രജതോല്‍സവം) പ്രവാസി വിശ്വാസി മക്കള്‍ ലെസ്റ്ററില്‍ വര്‍ണാഭമായി ആഘോഷിച്ച് രൂപതയോടുള്ള തങ്ങളുടെ സ്‌നേഹ-ബഹുമാന വിധേയത്വ പ്രഖ്യാപനം നടത്തി. കുടിയേറ്റ കാലഘട്ടത്തില്‍ അനിവാര്യമായിരുന്ന ആദ്ധ്യാത്മിക-സാമൂഹിക-സേവന പിന്തുണയും പ്രോത്സാനവും നല്‍കി കുടിയേറ്റ ജനതയെ നയിച്ച രൂപതയുടെ ജൂബിലി ആഘോഷം വിശ്വാസി മക്കള്‍ ഹൃദയത്തിലേറ്റി അവിസ്മരണീയമാക്കി മാറ്റി.

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തില്‍ ജീസസ് യൂത്ത് കോഓര്‍ഡിനേറ്ററും രൂപതാംഗവുമായ ജോസ് മാത്യു ചോപ്പുങ്കല്‍- ദീപാ ജോസ് ദമ്പതികളുടെ പ്രാര്‍ത്ഥനാര്‍പ്പണത്തോടെ ജൂബിലി ആഘോഷത്തിന് ആരംഭം കുറിച്ചു. താമരശേരി രൂപതാ സംഗമവേദിയായ പാരിഷ് ഹാളില്‍ നിന്നും വര്‍ണാഭമായ മുത്തുക്കുടകളുടേയും പൂക്കുടങ്ങളുടേയും, ദേശീയ പതാകകളുടേയും പേപ്പല്‍ കൊടിയും ഇരുവരികളില്‍ അകമ്പടിയായി മുഖ്യാതിഥിയായ റെമിജിയോസ് പിതാവിനേയും വൈദിക ശ്രേഷ്ഠരെയും സന്ന്യാസിനികളേയും അതിഥികളെയും അകമ്പടിയായി പ്രദക്ഷിണമായിട്ടാണ് പള്ളി അങ്കണത്തിലേക്ക് സ്വീകരിച്ചാനയിച്ചത്.

ലങ്കാസ്റ്റര്‍ രൂപതയിലെ ചാപഌന്‍ ഫാ.തോമസ് കളപ്പുരക്കല്‍ എല്ലാവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ബര്‍മ്മിംഗ്ഹാം രൂപതാ ചാപഌന്‍ ഫാ.സോജി ഓലിക്കല്‍ താമരശേരി രൂപതയുടെ മധ്യസ്ഥയായ വി.അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് മദൃബഹായിത്തിച്ച് പ്രാര്‍ത്ഥനാ മജ്ഞരി അര്‍പ്പിച്ചു. യു.കെയിലെ അല്‍ഫോന്‍സാ കേന്ദ്രരായ വൂസ്റ്ററില്‍ നിന്നും ഭക്തിപുരസ്സരമായി ലെസ്റ്ററില്‍ എത്തിച്ച തിരുശേഷിപ്പ് പിന്നീട് ഏവരും വണങ്ങിയശേഷം മാര്‍.റെമിജിയോസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷരായ ജൂബിലി കൂര്‍ബ്ബാന അര്‍പ്പിച്ചു. സീറോ മലബാര്‍ യു.കെയുടെ കോഓഡിനേറ്റര്‍ ഫാ.തോമസ് പാറയടി, ഫാ.സോജി ഓലിക്കല്‍, ഫാ.തോമസ് കളപ്പുരക്കല്‍, ഫോ.ജോ ഇരുപ്പക്കാട്ട്, ഫാ.ലൂക്ക് മാറാപ്പിള്ളില്‍, ഫാ.പോള്‍ നെല്ലികുളം, ഫാ.ഐവാന്‍ മുത്തനാട്ട്, തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. ഫാ. മാത്യു ചൂരപ്പൊയില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി.

ആഘോഷപൂര്‍വ്വമായ ജൂബിലി തിരുനാള്‍ കൂര്‍ബ്ബാനക്കുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് ആശീര്‍വ്വദിച്ച്് വിതരണം നടത്തി. താമരശേരി രൂപതാ ജൂബിലി ആഘോഷത്തിന്റെ മുഖ്യമുഹൂര്‍ത്തമായ സമ്മേളനം പാരിഷ്ഹാളില്‍ അരങ്ങേറി. ജൂബിലി ആഘോഷകമ്മറ്റി കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോ ഇരുപ്പുക്കാട്ട് സമ്മേളന വേദിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം അരുളി.

സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറയടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയും രൂപതാധ്യക്ഷനുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജൂബിലി സന്ദേശം നല്‍കി. താമരശേരി രൂപതയില്‍ നിന്നുമുള്ള വൈദികരുടെ പ്രതിനിധിയായി ഫാ.ലൂക്ക് മാറാപ്പിള്ളില്‍, സന്ന്യാസിനി പ്രതിനിധി സിസ്റ്റര്‍ ഡോ.മീന ഇലവന്നാല്‍, രൂപതാ ആത്മായ പ്രതിനിധിയായി അപ്പച്ചന്‍ കണ്ണഞ്ചിറ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

താമരശേരി രൂപതയുടെ ഭാവി പ്രവര്‍ത്തന മേഖലകളെ പരാമര്‍ശിച്ച പിതാവ്, താമരശേരി രൂപതയിലെ പ്രവാസി വിശ്വാസികളുടെ കൂട്ടായ്മ ഉണ്ടാവേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് സംസാരിച്ചു.

ജൂബിലി ആഘോഷകമ്മറ്റി കണ്‍വീനര്‍ റവ.ഡോ.മാത്യു ചൂരപ്പൊയ്കയില്‍ നന്ദി പ്രകടനം നിര്‍വ്വഹിച്ചു. ജൂബിലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന എല്ലാ വൈദികരേയും കൂദാശിക ആചാരമനുസരിച്ച് രൂപതയ്ക്കുവേണ്ടി പിതാവ് ഊറാല നല്‍കി ആദരിച്ചു. ജൂബിലി സംഗമ വേദിയില്‍ ഫാ.ജോ, ജോസ് മാര്യു എന്നിവര്‍ അവതാരകരായി തിളങ്ങി. കുട്ടികളും വിവിധ കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ ജൂബിലി ആഘോഷത്തിന് കൊഴുപ്പേകി.

ജോജു പാറേക്കുടി, സിബി വാര്‍വിക്, ജിമ്മി വെള്ളാരംകുന്നേല്‍, റോബിന്‍ മഞ്ജു, ആല്‍വിന്‍ കണ്ണഞ്ചിറ, എന്നിവര്‍ നേതൃത്വം നല്‍കി. ഗാനശുശ്രൂഷകള്‍ ജോബി ലെസ്റ്റര്‍, അഭിലാഷ്, സ്റ്റാന്‍ലി, മാത്യു എന്നിവര്‍ നയിച്ചു. രൂപതയുടെ വിശ്വാസി കൂട്ടായ്മയ്ക്ക് സഹകാരികളായി അപ്പച്ചന്‍ കണ്ണഞ്ചിറ, സ്റ്റാന്‍ലി പയ്യമ്പിള്ളി എന്നിവരെ ഐക്യകണ്‌ഠേന ചുമതലപ്പെടുത്തി. വര്‍ഷം തോറും രൂപതാത്മാക്കളുടെ സംഗമം നടത്തുവാന്‍ തീരുമാനിക്കുകയും ഉണ്ടായി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.