1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2011


ബോബി മുക്കാടന്‍

ലിവര്‍പൂള്‍: യു.കെയിലെ സീറോ മലബാര്‍ സഭയുടെ സിരാകേന്ദ്രമായ ലിവര്‍പൂള്‍ അതിരൂപതയില്‍ മാര്‍ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷങ്ങള്‍ പൂര്‍ത്തിയായി. വി.സെബാസ്‌റ്റ്യോനിസിന്റെ അമ്പ് എഴുന്നെള്ളിപ്പും, വി.അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മ തിരുനാളും ഈ ദുക്‌റാന തിരുനാളിനോടൊപ്പം സംയുക്തമായിട്ടാചരിക്കപ്പെടുകയാണ്.

സെന്റ് തോമസ് നഗറായ ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്‌കൂളിലാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്കുള്ള വേദി സജ്ജമാക്കിയിരിക്കുന്നത്. തിരുനാള്‍ ദിവസമായ ജൂലൈ 2 ന് ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് നഗറിന്റെ പ്രധാന കവാടത്തില്‍ എത്തിച്ചേരുന്ന കര്‍ണ്ണാടക മാണ്ഡ്യം രൂപതയുടെ പ്രഥമാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞെരളക്കാടിനെയും ബഹുമാനപ്പെട്ട ആംഗ്ലേയ മലയാളി വൈദികരെയും അതിരൂപതയിലെ സീറോ മലബാര്‍ സഭാ മക്കള്‍ ഓന്നായി അണിചേര്‍ന്ന് തങ്ങളുടെ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി വേദിയിലേക്ക് സ്വീകരിച്ചാനയിക്കും.

തുടര്‍ന്ന് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കപ്പെടുന്നതും പ്രസുദേന്തി വാഴ്ച നടത്തപ്പെടുന്നതുമാണ്. കൃത്യം 10.30 ന് മാര്‍ ജോര്‍ജ് ഞെരളക്കാട് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹബലിയില്‍ ഒരു ഡസനിലധികം ആംഗ്ലേയ മലയാളി വൈദികര്‍ സഹകാര്‍മ്മികരായിരിക്കും. ഇവര്‍ക്കൊപ്പം അതിരൂപതയുടെ വിവിധ മേഖലകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 10 ല്‍ പരം അള്‍ത്താര ബാലന്മാര്‍ ശുശ്രൂഷകരായി അണയുന്നതോടെ ബ്രോഡ് ഗ്രീന്‍ സ്‌കൂളിന്റെ വിസ്തൃതമായ സ്‌റ്റേജ് ഒരു വലിയ അള്‍ത്താരയുടെ പ്രതിരൂപമായി മാറ്റപ്പെടുന്നു.

കേരളത്തിലെ അതിപുരാതനമായ ഒരു ദേവാലയത്തിന്റെ അള്‍ത്താരയുടെ ചിത്രം പിന്‍ചുമരില്‍ പതിപ്പിച്ചാണ് ബലിവേദി സജ്ജമാക്കിയിരിക്കുന്നത്. അഭിവന്ദ്യപിതാവ് വചനപ്രഘോഷണം നടത്തും. 12.30 ന് റവ.ഫാ.മാത്യു ചൂരപൊയ്കയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നെള്ളിച്ച് കൊണ്ടുവരുന്നതോടുകൂടി ഭക്തി സാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കുകയായി.

കൊടിത്തോരണങ്ങളാല്‍ അലംകൃതമായ ബ്രോഡ് ഗ്രീന്‍ സ്‌കൂളിന്റെ അതിവിശാലമായ കോമ്പൗണ്ട് ചുറ്റിയുള്ള പ്രദക്ഷിണത്തിന് ബാനറിന്റെയും തിരുനാള്‍ കൊടിയുടെയും പിന്നിലായി പൊന്‍വെള്ളി കുരിശുകള്‍, ഇരുപത്തഞ്ചില്‍പരം വര്‍ണ്ണപ്പകിട്ടാര്‍ന്ന മുത്തുക്കുടകള്‍, ചെണ്ടബാന്റ് മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളുമായി രണ്ടുവരികളായി സഭാമക്കള്‍ നീങ്ങിത്തുടങ്ങുമ്പോള്‍, അകലെ ജന്മനാട്ടിലെ ഇടവകതിരുന്നാളിന്റെ പരിശുദ്ധി യൂറോപ്പിന്റെ ഈ സാംസ്‌കാരിക നഗരത്തില്‍ നിറഞ്ഞു തുളുമ്പും. പ്രദക്ഷിണം ബലിവേദിയില്‍ മടങ്ങിയെത്തുന്നതോടെ റവ.ഫാ.തോമസ് കളപ്പുരയ്ക്കല്‍ നേര്‍ച്ച വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കുന്നതും തുടര്‍ന്ന് നേര്‍ച്ച വിതരണം നടത്തപ്പെടുന്നതുമാണ്.

ഉച്ച കഴിഞ്ഞ് 2.45 ന് പൊതു സമ്മേളനം നടത്തപ്പെട്ടു. ലിവര്‍പൂള്‍ അതിരൂപത സഹായ മെത്രാന്‍ റൈറ്റ്.റവ.വിന്‍സന്റ് മെലോണ്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്രോഡ് ഗ്രീന്‍ സ്‌കൂള്‍ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടര്‍ മിസിസ് ക്രിസ് ഫോസ് ആശംസാപ്രസംഗം നടത്തും. തുടര്‍ന്ന് വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ക്ക് തുടക്കം കുറിക്കും. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ക്കുപുറമെ വി.അല്‍ഫോണ്‍സാമ്മയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ശ്രീ ജോസി നെടുമുടി രചനയും സംവിധാനവും നിര്‍വഹിച്ച ‘സഹനപുഷ്പം’ എന്ന നാടകം അവതരിപ്പിക്കും.

ഈ വര്‍ഷത്തെ തിരുനാളില്‍ സംബന്ധിക്കുവാന്‍ 1000 ല്‍ പരം സീറോ മലബാര്‍ സഭാമക്കള്‍ ഒന്നായി അണിചേര്‍ന്ന് ഈ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുമെന്ന് സീറോ മലബാര്‍ സഭയുടെ ലിവര്‍പൂള്‍ അതിരൂപതാ കോഓര്‍ഡിനേറ്റര്‍ റവ.ഫാ.ബാബു അപ്പാടന്‍ അറിയിക്കുകയുണ്ടായി.

ഈ വര്‍ഷത്തെ തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി ജനറല്‍ കണ്‍വീനര്‍ ശ്രീ തോമസ് കുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ അതിരൂപതയുടെ വിവിധ ഏരിയാകളില്‍നിന്നായി ഒരു മുപ്പത് അംഗ കമ്മിറ്റി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചു തിരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്ന് ഫാ.ബാബു കൂട്ടിച്ചേര്‍ത്തു. വി.സെബാസ്റ്റ്യാനോസിന്റെ അമ്പ് എഴുന്നെള്ളിപ്പ് അതിരൂപതയിലുള്ള 450 ല്‍പരം ഭവനങ്ങളില്‍ നടത്തപ്പെട്ടുവരുന്നു. തിരുന്നാളിന്റെ തലേദിവസമായ വെള്ളിയാഴ്ച വൈകീട്ട് തിരുന്നാള്‍ വേദിയായ സെന്റ് തോമസ് നഗറില്‍ റവ.ഫാ. ബാബുവും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് അമ്പുകള്‍ ഏറ്റുവാങ്ങുന്നതാണ്. തിരുന്നാള്‍ ദിവസം അമ്പ് എഴുന്നെള്ളിക്കുവാനുള്ള പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. രുചികരമായ നാടന്‍ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാകുന്ന രണ്ട് സ്റ്റാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്നും വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും വോളണ്ടിയേഴ്‌സിന്റെ നിര്‍ലോഭമായ സേവനം ലഭ്യമാണെന്നും കണ്‍വീനര്‍ തോമസുകുട്ടി ഫ്രാന്‍സിസ് പ്രസ്താവിക്കുകയുണ്ടായി.
വേദി സെന്റ് തോമസ് നഗര്‍
Broadgreen international high school
Heliens road
L13 4DH
Oldswan

വിശദവിവരങ്ങള്‍ക്ക്
തോമസുകുട്ടി ഫ്രാന്‍സിസ്07882193199
ജോബി സൈമണ്‍07930857362
ബോബി മുക്കാടന്‍07727186192

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.