1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2011

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിശേഖരത്തിന്റെ മൂല്യം തൊണ്ണൂറായിരം കോടി കവിഞ്ഞു. ആറു നിലവറകളില്‍ നാലെണ്ണത്തിലെ പരിശോധന പൂര്‍ത്തിയായപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ നിധിശേഖരമുള്ള ക്ഷേത്രമായി പത്മനാഭസ്വമിക്ഷേത്രം മാറി.

എ നിലവറയിലെ കണക്കെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. ഇതില്‍ നിന്ന് മാത്രം 90,000കോടി മൂല്യമുള്ള നിധിശേഖരമാണ് കണ്ടെത്തിയത്. 13 കോടി വിലവരുന്ന തിരുമുഖം, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍, സ്വര്‍ണക്കട്ടികള്‍ , അമൂല്യ രത്‌നങ്ങള്‍ പതിച്ച വിഷ്ണുവിഗ്രഹം എന്നിവയുള്‍പ്പെടെ ഇന്നലെ കണ്ടെടുത്തു.

ശേഷിക്കുന്ന രണ്ട് അറകളുടെ പരിശോധന തിങ്കളാഴ്ച ഉച്ചയ്ക്ക്‌ശേഷം ആരംഭിക്കും.നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന് കരുതപ്പെടുന്ന ലോഹനിര്‍മ്മിത വാതിലുള്ള ‘ബി’ നിലവറയും നിത്യാദി നിലവറയായ ‘എഫും’ ഇനി തുറക്കാനുണ്ട്. നിധിയുടെ മൂല്യം ഒരുലക്ഷം കോടിയിലേക്ക് അടുത്തതോടെ ക്ഷേത്രസുരക്ഷ സംസ്ഥാന പോലീസ് ഏറ്റെടുത്തു.

ഓരോ നിലവറയും തുറക്കുമ്പോള്‍ സ്വര്‍ണങ്ങളും രത്‌നങ്ങളുമടങ്ങിയ നിധി ശേഖരത്തിന്റെ അമ്പരപ്പിക്കുന്ന കാഴ്ചകളാണു കണ്ടത്. ശ്രീപത്മനാഭന്റെ ഉയരമുള്ള, 18 അടി നീളവും 35 കിലോ ഭാരവുമുള്ള തങ്ക അങ്കിയാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. 13 കഷണങ്ങളായി സൂക്ഷിച്ച അങ്കി കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മാറ്റിവച്ചതാണെ ന്നാണു കരുതപ്പെടുന്നത്. കോടിക്കണക്കിനു രൂപ വിലവരുന്ന രത്‌നങ്ങളും വൈഡൂര്യങ്ങളും പതിപ്പിച്ച ഒഢ്യാണങ്ങള്‍, രത്‌നങ്ങള്‍ പതിപ്പിച്ച ഭാരിച്ച ആറു കങ്കണങ്ങള്‍, ഭഗവാനു ചാര്‍ത്താനുള്ള കൂറ്റന്‍ മാലകള്‍, നിവേദ്യം അര്‍പ്പിക്കാനുള്ള നവരത്‌നങ്ങളും സ്വര്‍ണവും കൊണ്ടു തീര്‍ത്ത ചിരട്ടകള്‍ എന്നിവ ഇന്നലെ വിസ്മയക്കാഴ്ചകളായി.

വിലമതിക്കാനാകാത്ത നിധികള്‍ സൂക്ഷിക്കുന്ന പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി അഡ്മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പി. വേണുഗോപാല്‍ കെ. നായരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച രണ്ടു പ്ലാറ്റൂണ്‍ സായുധ പോലീസിനെ ക്ഷേത്രത്തിന് ചുറ്റും ആദ്യഘട്ടമായി വിന്യസിച്ചു. ക്ഷേത്രത്തിനകത്ത് ക്ഷേത്രസുരക്ഷാ ജീവനക്കാരെക്കൂടാതെ ക്ഷേത്രാചാരത്തിന് കളങ്കംവരുത്താത്ത രീതിയില്‍ കൂടുതല്‍ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.