ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയ്ക്ക് സ്ഥാനചലനമുണ്ടായത് കേരളത്തിലെയും ഇന്ത്യയിലെ തന്നെയും ഭരണസ്ഥിരതയെ ബാധിക്കുമെന്ന് ദേവപ്രശ്നത്തില്‍ കണ്ടെത്തി. നിധിയ്ക്ക് സ്ഥാനചലനമുണ്ടായത് വന്‍ അനര്‍ത്ഥങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭരണഘടനാ സംവിധാനത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാവും. വിവിധ സര്‍ക്കാരുകള്‍ക്ക് അഞ്ചു വര്‍ഷം കാലാവധി തികയ്ക്കാന്‍ കഴിയാതെ പോകും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രശ്നത്തില്‍ കണ്ടെത്തിയത്.
ക്ഷേത്രത്തിലെ ദോഷംമൂലം വ്യാപകമായ അനിഷ്ടസംഭവങ്ങളും, നിയന്ത്രിക്കാനാകാത്ത അക്രമസംഭവങ്ങളുമുണ്ടാകും-ദേവപ്രശ്നത്തിന്റെ രണ്ടാം ദിവസത്തെ നടപടികള്‍ വിശദീകരിച്ച് ജ്യോതിഷികളായ മധൂര്‍ രംഗഭട്ടും പദ്മനാഭശര്മ്മയും പറഞ്ഞു.കന്യാകുമാരിയാണ് ഭാരതത്തിന്റെ പാദഭാഗമെങ്കിലും പാദപീഠക്ഷേത്രം ശ്രീപത്്മനാഭസ്വാമിക്ഷേത്രമാണ്. ഇത് രാഷ്ട്രക്ഷേത്രമാണെന്നാണ് ജ്യോതിഷികള്‍ പറഞ്ഞത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് തുറക്കാനിരിക്കുന്ന നിലവറയ്ക്ക് ക്ഷേത്രചൈതന്യത്തെ നിലനിറുത്തുന്ന ശ്രീചക്രപ്രതിഷ്ഠകളുള്പ്പെടെയുള്ളവയുമായി ബന്ധമുണ്ടെന്ന്് ദേവപ്രശ്നത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനുണ്ടായ ചലനവും അതുവഴിയുണ്ടാകുന്ന ദോഷവും ദേവന്റെ അനിഷ്ടവും കോപവും വിളിച്ചുവരുത്തുമത്രേ.
ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ക്ക് പരോക്ഷമായ ചില കാരണങ്ങളുണ്ടെന്ന് പ്രശ്നത്തില്‍ കണ്ടെത്തി. നൂറ്റാണ്ടുകള്‍ മുമ്പ് ഏതോ യതിവര്യന്റെയോ ബ്രാഹ്മണ സമൂഹത്തിന്റെയോ അധീനതയിലുള്ളതായിരുന്നു ഈ ക്ഷേത്രം. അവരെ നിഷ്കാസനം ചെയ്തതിനുളള പ്രായശ്ചിത്തമെന്ന നിലയ്ക്കുളള പരിഹാരക്രിയകള്‍ മുമ്പ് ചെയ്തുകൊണ്ടിരുന്നുവെങ്കിലും ഇന്നത് നടക്കുന്നില്ല.
മുമ്പ് മുറജപം, ദീപാരാധന, സാമൂഹ്യാരാധന തുടങ്ങിയ പ്രത്യേക പരിഹാരങ്ങള്‍ ചെയ്തിരുന്നു. അതിന്റെ സുകൃതംകൊണ്ടാണ് ഇതുവരെ കുഴപ്പങ്ങളുണ്ടാകാതിരുന്നത്. ക്ഷേത്രം നടത്തുന്ന കുടുംബത്തിന്റെ വംശനാശത്തിനുവരെ ഇത് കാരണമാകുമെന്ന മുന്നറിയിപ്പാണ് ദേവപ്രശ്നത്തില്‍ ലഭിച്ചത്-ജ്യോതിഷികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല