1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2011


ഇന്ത്യന്‍ പുറംകരാര്‍ സേവന കമ്പനിയായ പാട്‌നി കമ്പ്യൂട്ടര്‍ സിസ്റ്റംസിനെ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഗേറ്റ് ഏറ്റെടുക്കാന്‍ അന്തിമ ധാരണയായി. പാട്‌നി കമ്പ്യൂട്ടേഴ്‌സിന്റെ 63 ശതമാനം ഓഹരികളാണ് ഐ ഗേറ്റ് വാങ്ങിയത്. അപാക്‌സ് പാര്‍ട്ടനേഴ്‌സ് കമ്പനിയോടെ ചേര്‍ന്ന്122 കോടി ഡോളറിനാണ് ഏറ്റെടുക്കല്‍.

പാട്‌നി കമ്പ്യൂട്ടേഴ്‌സിന്റെ സ്ഥാപകരായ നരേന്ദ്ര പാട്‌നി, ഗജേന്ദ്ര പാട്‌നി, അശോക് പാട്‌നി എന്നിവരുടെ കൈവശമുള്ള 45.6 ശതമാനം ഓഹരികളും, സ്വകാര്യ കമ്പനിയായ ജനറല്‍ അറ്റലാന്റിക്കിന് കൈവശമുള്ള 17.4 ശതമാനം ഓഹരികളുമാണ് ഐഗേറ്റ് വാങ്ങിയത്. 2011 ആദ്യ പകുതിയോടെ തന്നെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നതെന്ന് ഐഗേറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫനീഷ് മൂര്‍ത്തി അറിയിച്ചു.

പാട്‌നിയുടെ 63 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി ഐ ഗേറ്റ് 92.10 കോടി ഡോളര്‍ ചിലവിടും. ഓഹരി ഒന്നിന് 503.50 രൂപ നിരക്കിലാണ് ഏറ്റെടുക്കല്‍. ഏറ്റെടുക്കലിനെ തുടര്‍ന്നുള്ള ഓപ്പണ്‍ ഓഫറിന് ലഭിക്കുന്ന പ്രതികരണം കണക്കാക്കിയതിന് ശേഷം 27 കോടി ഡോളറിനും 48 കോടി ഡോളറിനും ഇടയിലുള്ള തുകയ്ക്ക് അപാക്‌സ് പാര്‍ട്ട്‌നേഴ്‌സിന് ഓഹരികള്‍ ഇഷ്യു ചെയ്യുമെന്നും ഐഗേറ്റ് അറിയിച്ചു. ഓപ്പണ്‍ ഓഫറില്‍ മുന്നോട്ട് വെയ്ക്കുന്ന 20.6 ശതമാനം ഓഹരികളും വിറ്റു പോവുന്ന പക്ഷം ഏറ്റെടുക്കല്‍ തുക 122 കോടി ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

ഏറ്റെടുക്കലിന്് ജെഫ്രീസ് ആന്‍ഡ് കമ്പനി, ആര്‍.ബി.സി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നീ കമ്പനികളില്‍ നിന്ന് ഫണ്ട് സ്വരുപിക്കാനൊരുങ്ങുകയാണ് ഐ ഗേറ്റ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് പാട്‌നി കമ്പ്യൂട്ടേഴ്‌സില്‍ പൊതുജന പങ്കാളിത്തം ഉയര്‍ത്തുന്നതിനായി 20.6 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറില്‍ മുന്നോട്ട് വെയ്ക്കും. ഇന്ത്യയിലെ സാങ്കേതിക രംഗം ഈയടുത്ത് സാക്ഷ്യം വഹിക്കുന്ന വലിയ ഏറ്റെടുക്കലാണിത്. ഇതോടെ പാട്‌നീ കമ്പ്യൂട്ടേഴ്‌സിന് മേഖലയിലെ മറ്റ് വമ്പന്‍മാരായ ടി.സി.എസ,് ഇന്‍ഫോസിസ് ടെക്‌നോളജീസ്, വിപ്രോ, എച്ച്.സി.എല്‍ ടെക്‌നോളജിസ് എന്നിവര്‍ക്കൊപ്പം ആദ്യ പത്ത് കമ്പനികളുടെ പട്ടികയില്‍ ഇടം ലഭിക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.