1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2011

സംസ്ഥാന രാഷ്‌ട്രീയത്തില്‍ കെ.കരുണാകരന്‍ കഴിഞ്ഞാല്‍ തന്ത്രങ്ങളുടെ കാര്യത്തില്‍ അഗ്രഗണ്യനാരെന്ന്‌ ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. കെ.എം.മാണിയെന്ന പാലാക്കാരുടെ സ്വന്തം മാണി സാര്‍. മുന്നണി രാഷ്‌ട്രീയത്തിന്റെ മലരും ചുഴിയും ഹൃദിസ്ഥമാക്കിയ മാണിക്ക്‌ സീറ്റ്‌ വിഭജനത്തിലായാലും മന്ത്രിമാരെ കിട്ടുന്ന കാര്യത്തിലായാലും ഒറ്റ നിലപാടെ ഉള്ളൂ. പരമാവധി വിലപേശുക പരമാവധി നേടിയെടുക്കുക.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഇത്തവണ യുഡിഎഫിന്റെ സീറ്റ്‌ വിഭജനം നടന്നപ്പോള്‍ മാണി സാറിന്‌ ചുവടൊന്നു പിഴച്ചു എന്ന്‌ കണ്ടു നിന്നവര്‍ കരുതി. 24 സീറ്റെന്ന അവകാശവാദവുമായി മാണി സാര്‍ രംഗത്തുവന്നുവെങ്കിലും അവസാനം 15ല്‍ ഒതുങ്ങേണ്ടി വന്നു. കിട്ടില്ലെന്ന്‌ അറിഞ്ഞുകൊണ്ടു തന്നെയാണ്‌ മാണിസാര്‍ 23 സീറ്റിനായി വിലപേശിയത്‌ എന്നത്‌ വേറെ കാര്യം. പിന്നെ ഏകദേശം അമ്പതോളം ജനറല്‍ സെക്രട്ടറിമാരുള്ള പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ ഇത്തരം ചില പൊടിക്കൈകളെല്ലാം പ്രയോഗിക്കേണ്ടി വരും. സ്ഥാനാര്‍ഥി മോഹികളോട്‌ `മാണി സാര്‍ ചോദിച്ചു മക്കളെ കോണ്‍ഗ്രസ്‌ വഴങ്ങുന്നില്ല’ എന്ന്‌ പറഞ്ഞാലെ അടുത്ത തെരഞ്ഞെടുപ്പിലും വെള്ളം കോരാന്‍ അവരെ കിട്ടുകയുള്ളൂ എന്ന്‌ മാണി സാറിന്‌ നല്ലപോലെ അറിയാം. അതുകൊണ്ടു തന്നെ 23ല്‍ നിന്ന്‌ 15 ഒതുങ്ങിയപ്പോഴും മാണി സാര്‍ ഉള്ളില്‍ ചിരിച്ചു.

എന്നാല്‍ കോണ്‍ഗ്രസുമായുള്ള വിലപേശലും ജോസഫിനു വേണ്ടിയുള്ള കടുംപിടുത്തവും പാലായിലെ ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ചു. എന്നിട്ടും മന്ത്രിസഭാ വികസനമെന്ന മുഖ്യ അജണ്ടയിലും മാണി സാര്‍ പഴയ അടവുകള്‍ തന്നെയാണ്‌ പ്രയോഗിച്ചത്‌. ഒമ്പത്‌ എം.എല്‍.എമാര്‍ മാത്രമുള്ള കേരളാ കോണ്‍ഗ്രസിന്‌ നാലു മന്ത്രിമാരെ വേണമെന്നായിരുന്നു മാണിസാറിന്റെ ആദ്യ ആവശ്യം. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഉറച്ചു നിന്നതോടെ രണ്ടു മന്ത്രിമാരും ഡെപ്യൂട്ടി സ്‌പീക്കര്‍ വാഗ്‌ദാനവും കൊണ്ട്‌ മാണി സാര്‍ തൃപ്‌തിപ്പെട്ടു.

മാണി സാറിന്റെ ആവശ്യം കേട്ടപ്പോഴെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്‌നമെന്ന്‌ ആത്മഗതം പറഞ്ഞിരുന്നു. ഇത്‌ മറ്റാരേക്കാളും നന്നായി കെ.എം. മാണിക്കും അറിയാമായിരുന്നു. കാരണം സീറ്റുകളുടെ എണ്ണം നോക്കിയാലും സാമുദായിക പരിഗണനവെച്ചു നോക്കിയാലും കേരളാ കോണ്‍ഗ്രസിന്‌ നാലു മന്ത്രിമാരെ കിട്ടാനിടയില്ലെന്ന്‌ മാണി സാറിന്‌ നല്ല പോലെ അറിയാം. കേരളാ കോണ്‍ഗ്രസില്‍ നിന്ന്‌ മന്ത്രിസ്ഥാനത്തേക്ക്‌ മാണി സാര്‍ നിര്‍ദേശിക്കുന്ന പേരുകളില്‍ തന്റെ പേരിനു പുറമെ പി.ജെ.ജോസഫും, പി.സി.ജോര്‍ജും ഉണ്ടാകുമെന്നകാര്യത്തില്‍ രണ്ടു പക്ഷമില്ലായിരുന്നു. എന്നിട്ടും ഇത്തരമൊരു വിലപേശല്‍ നടത്തിയതിലൂടെ കൂടെയുള്ളവരുടെ കൊഴിഞ്ഞുപോക്ക്‌ തടയാനും പറ്റുമെങ്കില്‍ മകന്‌ കേന്ദ്രസഹമന്ത്രി സ്ഥാനം ഉറപ്പാക്കുകയും ചെയ്യാം എന്നായിരുന്നു മാണി സാറിന്റെ കണക്കുക്കൂട്ടല്‍.

എന്നാല്‍ ഇവിടെ മാണി സാറിന്റെ കണക്കുക്കൂട്ടല്‍ പിഴച്ചുവെന്നാണ്‌ വിലയിരുത്തല്‍. കാരണം കോണ്‍ഗ്രസുമായുള്ള കൂടിക്കാഴ്‌ച കഴിഞ്ഞു പുറത്തുവന്നപ്പോള്‍ തന്നെ ഡെപ്യൂട്ടി സ്‌പീക്കറാവാനില്ലെന്ന്‌ പി.സി.ജോര്‍ജ്‌ വ്യക്തമാക്കി. ജോര്‍ജിനെ ഡെപ്യൂട്ടി സ്‌പീക്കറാക്കിയാല്‍ വലിയ ശല്യങ്ങളൊന്നുമില്ലാതെ ഒതുങ്ങി കഴിഞ്ഞോളും എന്ന മാണി സാറിന്റെ കണക്കുക്കൂട്ടലാണ്‌ ഇവിടെ പിഴച്ചത്‌. പാര്‍ലമെന്ററി കാര്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ്‌ ഒഴിച്ചിട്ടുണ്ടടങ്കിലും അത്‌ കേരളാ കോണ്‍ഗ്രസിന്‌ കൊടുക്കുമെന്ന്‌ ഉറപ്പില്ല. കാരണം ഒമ്പത്‌ സീറ്റുള്ള കേരളാ കോണ്‍ഗ്രസിന്‌ മൂന്ന്‌ മന്ത്രിമാരെ നല്‍കിയാല്‍ 20 എഎല്‍എമാരുള്ള ലീഗിന്‌ ആറോ കുറഞ്ഞത്‌ അഞ്ചോ മന്ത്രിമാരെ നല്‍കേണ്ടി വരും. ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനം കൊണ്ട്‌ തൃപ്‌തരാവില്ലെന്ന ലീഗും വ്യക്തമാക്കിയിട്ടുണ്ട്‌.

ചുരുക്കത്തില്‍ പി.സിയെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍ മാണി സാര്‍. അതിനിടയിലും ധനകാര്യം, നിയമം, ഭവനം തുടങ്ങിയ നല്ലവകുപ്പുകള്‍ സ്വന്തം കീശയിലാക്കാന്‍ മാണി സാര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തു, പൂഞ്ഞാറില്‍ ഇടതിന്റയും വലതിന്റെയും പിന്തുണയോടെ ജയിച്ചിട്ടുള്ള പി.സിയ്‌ക്ക്‌ പ്രതിപക്ഷ നേതാവാവുമെന്ന്‌ കരുതുന്ന വി.എസ്‌.അച്യുതാനന്ദനുമായുള്ള അടുപ്പം കാണാതിരിക്കാനും ഇപ്പോഴത്തെ സാഹചര്യത്തില്‍ മാണി സാറിനാവില്ല.

മാണി സാര്‍ പരമാവധി ചോദിച്ചു മക്കളെ കോണ്‍ഗ്രസ്‌ വഴങ്ങുന്നില്ലെന്ന്‌ പറഞ്ഞാലും ജോര്‍ജ്‌ വഴങ്ങില്ല. അതുകൊണ്ടു തന്നെ പി.സിയെ അങ്ങനെ തഴയാന്‍ മാണി സാറിനാവില്ല. കാരണം കേവല ഭൂരിപക്ഷത്തേക്കാള്‍ ഒരു അംഗം മാത്രം കൂടതലുള്ള മുന്നണിയില്‍ നിന്ന്‌ ഒരു തുള്ളി പോലും ചോര്‍ന്നു പോകുന്നത്‌ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കും. എന്തായാലും 23ന്‌ മുമ്പ്‌ മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കുമെന്നാണ്‌ ഉമ്മന്‍ ചാണ്ടി ഉറപ്പ്‌ നല്‍കിയിരിക്കുന്നത്‌. 23നു ശേഷം കേരളാ കോണ്‍ഗ്രസിന്റെ ബ്രാക്കറ്റുകളുടെ എണ്ണം കൂടുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം.

ജി.കെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.