1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2010


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ചെയര്‍മാനായി പ്രദീപ് ചൗധരി നിയമിതനാകും. നിലവിലെ ചെയര്‍മാന്‍ ഒ.പി.ഭട്ടിന്റെ കാലാവധി 2011 മാര്‍ച്ചില്‍ അവസാനിക്കുന്നതോടെയാണ് പുതിയ ചെയര്‍മാന്‍ അധികാരത്തിലെത്തുക. നിലവില്‍ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് പ്രദീപ് ചൗധരി.

അദ്ദേഹത്തെ ചെയര്‍മാനായി നിയമിക്കാന്‍ ധനമന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. കാബിനറ്റിന്റെ തിരഞ്ഞെടുപ്പ് സമിതിയുടെയും പ്രധാനമന്ത്രിയുടെയും കൂടി അംഗീകാരം ഇനി ഇതിന് ആവശ്യമാണ്.

മാനേജിങ് ഡയറക്ടര്‍മാരെ തിരഞ്ഞെടുക്കാനായി ഈ മാസം നടന്ന ഇന്റര്‍വ്യൂവില്‍ മറ്റ് മൂന്ന് ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍മാര്‍ക്കൊപ്പം പ്രദീപ് ചൗധരിയും പങ്കെടുത്തിരുന്നു. കോര്‍പ്പറേറ്റ് ആന്‍ഡ് ഹോള്‍സെയില്‍ ബാങ്കിങ് വിഭാഗം മേധാവി ഹേമന്ദ് കോണ്‍ട്രാക്ടര്‍, ഐ.ടി വിഭാഗം മേധാവി കെ.കൃഷ്ണകുമാര്‍, ഗ്രാമീണ – ദേശീയ ബാങ്കിങ് വിഭാഗം മേധാവി ദിവാകര്‍ ഗുപ്ത എന്നിവരാണ് എംഡി സ്ഥാനത്തേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മറ്റുള്ളവര്‍. ഇവരെ ചെയര്‍മാന്‍ സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി, ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രദീപ് ചൗധരിയെയും ഹേമന്ദ് കോണ്‍ട്രാക്ടറെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. ഒടുവില്‍ പ്രദീപ് ചൗധരിയെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയും മറ്റു മൂന്ന് പേരെയും എം.ഡി.മാരായി നിയമിക്കുകയുമായിരുന്നു.

എസ്.ബി.ഐ നിയമത്തില്‍ ഈയിടെ നടത്തിയ ഭേദഗതിയില്‍ ബാങ്കിന് നാല് എം.ഡി.മാര്‍ വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുതായി മൂന്ന് എം.ഡി.മാരെ തിരഞ്ഞെടുത്തത്. നിലവില്‍ ആര്‍.ശ്രീധരന്‍ മാത്രമാണ് എം.ഡിയായിട്ടുള്ളത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.