1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2011


വിശ്വപ്രേമത്തിന്റെ മഹാപുരുഷന്‍ സത്യസായി ബാബയ്ക്ക് മഹാസമാധി. ബാബയുടെ സംസ്‌കാരച്ചടങ്ങുകള്‍ പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തിലുള്ള സായി കുല്‍വന്ത് ഹാളില്‍ പൂര്‍ത്തിയായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാവിലെ 7.30നു ഗണപതിഹോമത്തോടും ദീക്ഷശുഭാരംഭത്തോടും കൂടി ആരംഭിച്ച ചടങ്ങുകള്‍ മൂന്നു മണിക്കൂറോളം നീണ്ടു.

കന്ദകൂരി കൊണ്ട അവധാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ കിഴക്കന്‍ ഗോദാവരിയില്‍ നിന്നുള്ള 18 പൂജാരിമാരാണു സമാധികര്‍മങ്ങള്‍ നടത്തിയത്. ഹൈന്ദവാചാരപ്രകാരം നടന്ന ചടങ്ങില്‍ ലോകമതങ്ങളെ പ്രതിനിധീകരിച്ച് അഞ്ചു പുരോഹിതരും പങ്കെടുത്തു. ബാബയുടെ സഹോദര പുത്രന്‍ രത്‌നാകര്‍ ആണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.

സായി കുല്‍വന്ത് ഹാളില്‍ വിശ്വാസികള്‍ക്കു ബാബ പതിവുദര്‍ശനം നല്‍കിയിരുന്ന സ്ഥാനത്താണു ഒന്‍പതടി ആഴത്തിലും ആറടി നീളത്തിലും മൂന്നടി വീതിയിലുമുള്ള സമാധിയറയില്‍ ബാബയെ സമാധിയിരുത്തിയത്. നവധാന്യങ്ങളും നവരത്‌നങ്ങളും കൃഷ്ണ, ഗോദാവരി, കാവേരി, സരസ്വതി നദികളില്‍ നിന്നെത്തിച്ച ജലവും മണലും നിറച്ചാണു ബാബയുടെ ഭൗതീക ദേഹം സമാധിയിരുത്തിയത്.

യജുര്‍വേദ പാരായണം, മഹാ ആവാഹനം എന്നിവയോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്. സമാധി ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ബാബയുടെ കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെടെ 600 പേര്‍ക്കു സൗകര്യമൊരുക്കിയിരുന്നത്. ബാബയ്ക്ക് അന്ത്യ പ്രണാമം അര്‍പ്പിക്കാനെത്തിയെ മതസാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകാരും പ്രശാന്തിനിലയത്തിലെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമുള്‍പ്പെടെയുള്ള പ്രമുഖര്‍ ബാബയുടെ ഭൗതിക ശരീരത്തിന് മുന്നില്‍ നമ്രശിരസ്‌കരായി ആദരാഞ്ജലി അര്‍പ്പിച്ചു .

11 ദിവസം സമാധിസ്ഥലം മണ്ണിട്ടു മൂടിയ നിലയില്‍ തുടരും. ഈ ദിവസങ്ങളിലെ പ്രത്യേക ചടങ്ങുകള്‍ക്കു ശേഷം ഷിര്‍ദ്ദിസായി സമാധിയുടെ മാതൃകയില്‍ ഇവിടെ സ്മൃതിമണ്ഡപം നിര്‍മിക്കുമെന്നു സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് അറിയിച്ചു. ഭക്തര്‍ക്ക് 11.45 മുതല്‍ സമാധിസ്ഥലം ദര്‍ശിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.