1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2011

തുടര്‍ച്ചയായ ജയങ്ങളുടെ ആലസ്യത്തില്‍ കളി മറക്കരുതെന്ന അഫ്രീഡിയുടെ മുന്നറിയിപ്പ് പാക് ബാറ്റ്‌സ്മാന്‍മാര്‍ മറന്നു. എന്നാല്‍ ഒരു ക്യാപ്റ്റന്‍ എങ്ങിനെ ടീമിനെ നയിക്കണമെന്ന് അഞ്ചുവിക്കറ്റ് നേട്ടവുമായി അഫ്രീഡി കാണിച്ചുകൊടുത്തപ്പോള്‍ പാക്കിസ്ഥാന്‍ കാനഡയെ 46 റണ്‍സിന് തകര്‍ത്തു. സ്‌കോര്‍. പാക്കിസ്ഥാന്‍ 184. കാനഡ 138. അഫ്രീഡിയാണ് മാന്‍ ഓഫ് ദ മാച്ച്.

വെല്‍ഡണ്‍ അഫ്രീഡി
തുടര്‍ച്ചയായ വിജയങ്ങളുടെ ആലസ്യവുമായാണ് പാക്കിസ്ഥാന്‍ കാനഡക്കെതിരേ കളിക്കാനിറങ്ങിയതെന്നത് വ്യക്തമായിരുന്നു. കാനഡയുടെ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിയുക കൂടിചെയ്തതോടെ റണ്‍റേറ്റ് മൂന്നിനും താഴെയെത്തി. ഒടുവില്‍ ഉമര്‍ അക്മലിന്റേയും (48) മിസ്ബ ഉള്‍ ഹഖിന്റേയും (37) ബാറ്റിംഗ് മികവില്‍ പാക്കിസ്ഥാന്‍ 184 റണ്‍സ് നേടി.

അട്ടിമറി മോഹവുമായി ബാറ്റിംഗിനിറങ്ങിയ കാനഡയുടെ തുടക്കം തന്നെ പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ പതിനാറു റണ്‍സെടുക്കുന്നതിനിടെ ആദ്യ രണ്ടുവിക്കറ്റ് വീണു. തുടര്‍ന്നായിരുന്നു അഫ്രീഡി തന്റെ മായാജാലം പുറത്തെടുത്തത്. പത്തോവറില്‍ വെറും 23 റണ്‍സ് വഴങ്ങിയാണ് പാക് ക്യാപ്റ്റന്‍ അഞ്ചുവിക്കറ്റെടുത്തത്. കാനഡയുടെ നിരയില്‍ എട്ടുതാരങ്ങള്‍ ഇരട്ട അക്കം കാണാനാകാതെ പുറത്തായി.

വിജയത്തേരില്‍ ദക്ഷിണാഫ്രിക്ക കുതിക്കുന്നു
മൊഹാലി: തുടര്‍ച്ചയായ രണ്ടാം മല്‍സരവും ജയിച്ച് ദക്ഷിണാഫ്രിക്ക ലോകകപ്പ് കിരീടപ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തി. അട്ടിമറി മോഹവുമായിറങ്ങിയ ഹോളണ്ടിനെ 231 റണ്‍സെന്ന കൂറ്റന്‍ മാര്‍ജിനിലാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്. സ്‌കോര്‍: 5/351 ഹോളണ്ട് 120 എബി ഡിവില്ലിയേഴ്‌സാണ് കളിയിലെ താരം.

ഹഷിം ആംല (113), എ.ബി ഡിവില്ലിയേഴ്‌സ് (134) എന്നിവരുടെ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ സവിശേഷത. ആംലയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 221 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സ് ടൂര്‍ണമെന്റില്‍ തന്റെ മികച്ച ഫോം തുടരുകയാണ്.

മറുപടിയായി ഹോളണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരെ കാലിസ് വേഗത്തില്‍ പവലിയനിലെത്തിച്ചു. സ്പിന്നര്‍ ഇമ്രാന്‍ തഹിര്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മൂന്നുവിക്കറ്റ് വീഴ്ത്തി. സ്‌റ്റെയ്ന്‍ രണ്ടുവിക്കറ്റും ഡുമിനി ഒരുവിക്കറ്റും വീഴ്ത്തി. 44 റണ്‍സെടുത്ത ബരേസി മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ഗ്രൂപ്പ് എ: ടീം, പോയിന്റ്
a ന്യൂസിലാന്‍ഡ്- 2
b ശ്രീലങ്ക -4
c കാനഡ -0
d കെനിയ -0
e ആസ്‌ട്രേലിയ -4
f പാക്കിസ്ഥാന്‍ -6
g സിംബാവേ -2

ഗ്രൂപ്പ് ബി: ടീം, പോയിന്റ്
a ഇന്ത്യ -3
b ബംഗ്ലാദേശ് -2
c ഇംഗ്ലണ്ട് -3
e ദക്ഷിണാഫ്രിക്ക -4
f വെസ്റ്റ്ഇന്‍ഡീസ് -2
g അയര്‍ലാന്റ് -2
h നെതര്‍ലാന്റ് -0

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.