1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2011

കറാച്ചി: മികച്ച ഫോമില്‍ നില്‍ക്കുന്ന താരങ്ങളുടെ ഭാവി എങ്ങിനെ നശിപ്പിക്കാമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനും മികച്ച ക്യാപ്റ്റനുമായ ഷഹീദ് അഫ്രീഡിയാണ് ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയതായി പ്രഖ്യാപിച്ചത്.

പാക് ക്രിക്കറ്റ് ബോര്‍ഡിന് താരങ്ങളെ എങ്ങിനെ ബഹുമാനിക്കണമെന്ന് അറിയില്ല. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുടെ പിന്തുണ എനിക്കുണ്ട്. കളിക്കാരെ മനസിലാക്കാന്‍ കഴിയാത്ത ബോര്‍ഡുമായി ഒരുമിച്ചുപോകേണ്ട ആവശ്യമില്ല- ഒരു ടി.വി അഭിമുഖത്തില്‍ അഫ്രീഡി അരിശത്തോടെ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ നിലവിലെ പാക് ക്രിക്കറ്റ് ബോര്‍ഡിനു കീഴില്‍ ദേശീയ ടീമിന് വേണ്ടി കളിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അഫ്രീഡി വ്യക്തമാക്കി. വെസ്റ്റിന്‍ഡീസുമായുള്ള പരമ്പരയ്ക്ക് ശേഷമാണ് അഫ്രീഡി ബോര്‍ഡുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. ടീം കോച്ച് വഖാര്‍ യൂനിസിനെതിരേ താരം നടത്തിയ ചില പരാമര്‍ശനങ്ങളാണ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് അഫ്രീഡിക്ക് നോട്ടീസ് നല്‍കിയിരുന്നു.

അയര്‍ലന്റിനെതിരായ പരമ്പരയില്‍ ടീം ക്യാപ്റ്റന്‍ എന്ന സ്ഥാനത്തുനിന്ന് നീക്കിയതും അഫ്രീഡിയെ ചൊടിപ്പിച്ചു. മിസ്ബ ഉള്‍ ഹഖിനെയാണ് പരമ്പരയ്ക്കുള്ള ക്യാപ്റ്റനായി നിശ്ചയിച്ചത്. ബോര്‍ഡിന്റെ ഈ നീക്കങ്ങളെല്ലാം കളി നിര്‍ത്തുമെന്ന പ്രഖ്യാപനം നടത്താന്‍ അഫ്രീഡിയെ പ്രേരിപ്പിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.