ബ്രിട്ടീഷ് ജനത തങ്ങളുടെ രാജ്ഞിയുടെ ഡയമന്റ് ജൂബിലി ആഘോഷിക്കുന്നതിന്റെ ഒരുക്കത്തിലാണ്. നൂറ്റാണ്ടുകളായി തുടരുന്ന രാജഭരണത്തിന്റെ മോടികള്‍ അഴിഞ്ഞിട്ട് കാലങ്ങളായെങ്കിലും ഇപ്പോഴും രാജ്ഞിയെന്നൊക്കെ പറഞ്ഞാല്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു പ്രൗഢിയുടെ ഓര്‍മ്മയാണ്. പഴയ സുവര്‍ണ്ണ കാലത്തിന്റെ ഓര്‍മ്മയാണ് പഴയ ബ്രിട്ടീഷുകാര്‍ക്ക് രാജ്ഞിയെന്നൊക്കെ പറഞ്ഞാല്‍. ഈ രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയാണ് സര്‍വ്വ പ്രൗഢിയോടുംകൂടി ബ്രിട്ടീഷ് ജനത ആഘോഷിക്കാന്‍ പോകുന്നത്.
എന്നാല്‍ കള്ളുകുടിയന്മാര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്തയുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന വെള്ളിയും ശനിയുമെല്ലാം രാത്രി ഒരുമണിവരെ പബ്ബുകള്‍ തുറന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അതായത് ബ്രിട്ടീഷ് രാജ്ഞിക്ക് ചിയേഴ്സ് പറഞ്ഞ് കുടിച്ച് കുന്തം മറിയാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള ലൈസന്‍സ് നിയമങ്ങള്‍ താല്‍ക്കാലികമായി പുതുക്കിയാണ് സര്‍ക്കാര്‍ ഈ അവസരം ഒരുക്കിയിരിക്കുന്നത്.
ബ്രിട്ടണിലെ പബ്ബുകള്‍ക്കും ബാറുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പ്രത്യേകിച്ച് അപേക്ഷയൊന്നും നല്‍കാതെ തന്നെ പുലര്‍ച്ചെവരെ തുറക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാല് ദിവസങ്ങളിലായിട്ടാണ് രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നത്. തേംസ് നദിയിലും തീരങ്ങളിലും ബക്കിംങ്ങ്ഹാം കൊട്ടാരത്തിലുമെല്ലാമായി നടക്കുന്ന ആഘോഷങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. എല്‍ട്ടന്‍ ജോണും പോള്‍ മക്കാര്‍ട്ട്നിയുമെല്ലാം ചേര്‍ന്ന് അവതരിപ്പിക്കുന്ന റോക്ക് സംഗീതം രാത്രികളെ ഉന്മാദത്തിന്റെ കൊടിമുടി കയറ്റും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല