1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2011

വരന്‍ താലിചാര്‍ത്താന്‍ ഒരുങ്ങുന്നതിനിടെ വധു കാമുകനെത്തേടി കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയി. എന്നാല്‍ പറഞ്ഞവാക്കുപാലിക്കാതെ കാമുകന്‍ യുവതിയെ പറ്റിച്ചു. ഞായറാഴ്ച പതിനൊന്നരയോടെ കോടിമത സുമംഗലി ഓഡിറ്റോറിയത്തില്‍ പുതുപ്പള്ളിക്കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയും തിരുവനന്തപുരം ചാക്ക സ്വദേശിയായ യുവാവും തമ്മില്‍ നടക്കേണ്ടിയിരുന്ന വിവാഹം വധുവിന്റെ ഇറങ്ങിയോട്ടത്തെത്തുടര്‍ന്ന് സംഘര്‍ഷത്തിലും പൊലീസ് കേസിലും കലാശിച്ചു.

യുവാവ് താലി ചാര്‍ത്താന്‍ തുടങ്ങവേയാണ് ഈ വിവാഹത്തിന് ഇഷ്ടമല്ല എന്നു പറഞ്ഞു യുവതി എയെഴുന്നേറ്റത്. ഇതോടെ കതിര്‍മണ്ഡപത്തില്‍ സംഘര്‍ഷമായി. പ്രശ്‌നങ്ങള്‍ അവസാനിച്ച് ജനം പിരിഞ്ഞത് വൈകീട്ട് നാലുമണിയോടെയായിരുന്നു.

കരഞ്ഞുകൊണ്ട് മണ്ഡപത്തിലെത്തിയ വധുവിന്റെ ഭാവം നിമിഷങ്ങള്‍ക്കം മാറി. താലികെട്ടാനൊരുങ്ങിയ വരന്റെ കൈതട്ടിമാറ്റി എഴുന്നേറ്റ വധു ഈ വിവാഹം ഇഷ്ടമില്ലെന്ന് പ്രഖ്യാപിയ്ക്കുകയും മണ്ഡപത്തില്‍ നിന്നും പുറത്തേക്കിറങ്ങുകയും ചെയ്തു. ഇതോടെ വരന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ തള്ളുകയും വഴക്കിടുകയും ചെയ്തു.

പ്രശ്‌നം വഷളായപ്പോള്‍ ബന്ധുക്കള്‍ യുവതിയെ ഓഡിറ്റോറിയത്തിലെ മുറിയില്‍ പൂട്ടിയിട്ടു. പലരും സംസാരിച്ചിട്ടും യുവതി വിവാഹത്തിന് തയ്യാറായില്ല. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി, പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ നാണക്കേടിലായ വരനും സംഘവും സ്ഥലം വിടുകയുംചെയ്തു.

പെണ്‍കുട്ടിക്കു മറ്റൊരാളുമായി പ്രണയമുണ്ടെന്നും മൂന്നുമാസം മുന്‍പ് ഇവര്‍ റജിസ്റ്റര്‍ വിവാഹം നടത്തിയതാണെന്നും പൊലീസ് കണ്ടെത്തി. കഞ്ഞിക്കുഴി സ്വദേശിയാണ് കാമുകനെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. നേരത്തേ പ്രണയം പ്രശ്‌നമായപ്പോള്‍ പൊലീസ് ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്. അന്ന് ബന്ധം വേണ്ടെന്ന് വയ്ക്കാന്‍ കാമുകനും കാമുകിയും തയ്യാറാവുകയായിരുന്നു.

എന്നാല്‍, വീട്ടുകാരറിയാതെ രഹസ്യമായി ബന്ധം തുടര്‍ന്ന ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും യുവാവിന്റെ നമ്പര്‍ കണ്ടെത്തി പൊലീസ് അയാളെ വിളിച്ചു. ആദ്യം കോടിമതയില്‍ എത്താമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പിന്നീട് പൊലീസ് വീണ്ടും വിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നു.

കാമുകന്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറാവില്ലെന്ന് ഉറപ്പായതോടെ മാതാപിതാക്കളോട് പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അപമാനിച്ച മകളെ വേണ്ടെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. അച്ഛനും അമ്മയും ഇതുപറഞ്ഞ് മടങ്ങുകയും ചെയ്തു. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ കുരുങ്ങിയ പൊലീസ് പെണ്‍കുട്ടിയെ അച്ഛന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി തടിതപ്പുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.