1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2011

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്ത് വന്നു. ലീഗിന്റെ സീറ്റുകളുടെ എണ്ണത്തില്‍ ധാരണയായെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന് തൊട്ട് പിന്നാതെ അത് നിഷേദിച്ചുകൊണ്ട് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.

ഇന്ന് വൈകീട്ടോടെയാണ് കോണ്‍ഗ്രസ്-ലീഗ് സീറ്റ് വിഭജന ചര്‍ച്ച നടന്നത്. യോഗത്തിന് ശേഷം മാധ്യമങ്ങളെക്കണ്ട പി.പി തങ്കച്ചനാണ് ലീഗിന് കടുംപിടുത്തമില്ലെന്നും സീറ്റുകളുടെ എണ്ണത്തില്‍ തീരുമാനമായെന്നും പറഞ്ഞത്. ‘കഴിഞ്ഞ തവണ ലീഗ് മത്സരിച്ചത് 23 സീറ്റുകള്‍ അവര്‍ ചോദിച്ചിട്ടുണ്ട്. രണ്ട് മൂന്ന് എം.എല്‍.എമാര്‍ ലീഗില്‍ പുതുതായി വന്നിട്ടുണ്ട്. എന്നാല്‍ അവര്‍ കൂടുതല്‍ സീറ്റ് ക്ലെയിം ചെയ്തിട്ടില്ല. സീറ്റിന്റെ എണ്ണത്തില്‍ പ്രശ്‌നമില്ല. അത്യാവശ്യ ആലോചനകള്‍ നടത്തി തിരുവനന്തപുരത്ത് വീണ്ടും ഇരിക്കുന്നുണ്ട്. അതില്‍ അന്തിമ തീരുമാനമുണ്ടാകും’. – തങ്കച്ചന്‍ വ്യക്തമാക്കി.

ചിലര്‍ ഉന്നയിക്കുന്നത് പോലെ കൂടുതല്‍ സീറ്റ് വേണമെന്ന കടുംപിടുത്തം ലീഗിനില്ല. സീറ്റ് വിഭജനം സംബന്ധിച്ച് എട്ടിനോ ഒമ്പതിനോ ചേരുന്ന ചര്‍ച്ചയില്‍ അന്തിമനിലപാട് എടുക്കുമെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.

എന്നാല്‍ തങ്കച്ചന്റെ പ്രസ്താവനയുടെ അപകടം മനസ്സിലാക്കി കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ ധാരണയായെന്ന തങ്കച്ചന്റെ വാദം തള്ളിക്കളഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍: സീറ്റിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല. 23 എന്ന് കണ്‍വീനര്‍ പറഞ്ഞത് കഴിഞ്ഞ തവണ തങ്ങള്‍ മത്സരിച്ച സീറ്റുകളെക്കുറിച്ചായിരിക്കും. ഇപ്പോള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യം വളരെ സൗഹാര്‍ദത്തോടെ ഞങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. നമ്പറിലേക്ക് ഇപ്പോള്‍ കടന്നിട്ടില്ലയ അത് അടുത്ത സിറ്റിങ്ങിലായിരിക്കും. കണ്‍വീനര്‍ നമ്പര്‍ പറഞ്ഞത് കഴിഞ്ഞ തവണ മത്സരിച്ചതിനെക്കുറിച്ചായിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ചോദിച്ച് കുഴപ്പമാക്കിയതായിരിക്കും- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മലപ്പുറത്ത് പുതുതായി രൂപം കൊണ്ട നാല് മണ്ഡലങ്ങളില്‍ മൂന്നെണ്ണം തങ്ങള്‍ക്ക് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനെ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായി എതിര്‍ക്കുന്നുണ്ട്. ഈ എതിര്‍പ്പിന്റെ പ്രതിഫലനമാണ് രണ്ട് നേതാക്കളും ഇന്ന്് നടത്തിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

സാധ്യതാ പട്ടികയുമായി മുസ്‌ലിം ലീഗ്

26 മണ്ഡലങ്ങളിലേക്കുള്ള മുസ് ലിം ലീഗ് സാധ്യതാ പട്ടിക തയ്യാറായി. ഓരോ മണ്ഡലത്തിലേക്കും മൂന്നുപേരുള്ള പട്ടികയാണു തയ്യാറാക്കിയിട്ടുള്ളത്.
യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും. പഞ്ചായത്ത്, മണ്ഡലം ഭാരവാഹികളുടെ യോഗം വിളിച്ച് ഭൂരിപക്ഷ അഭിപ്രായമനുസരിച്ചായിരിക്കും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക.

2006ലെ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് 24 നിയമസഭാ സീറ്റുകളിലാണു മല്‍സരിച്ചത്. എട്ട് സീറ്റില്‍ മാത്രം വിജയിച്ചു. മല്‍സരിക്കാന്‍ ലഭിച്ച ഒരു സീറ്റ്(അഴീക്കോട്) സി.എം.പിക്ക് നല്‍കുകയായിരുന്നു. ഇത്തവണ 26 സീറ്റ് മല്‍സരിക്കാന്‍ ലഭിണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.

ലീഗ് സ്ഥാനാര്‍ഥി സാധ്യതാ പട്ടിക
ഏറനാട്-പി വി അബ്ദുല്‍ വഹാബ്, പി കെ ബഷീര്‍, പി അബ്ദുല്‍ ഹമീദ്.
കൊണേ്ടാട്ടി-കെ എന്‍ എ ഖാദര്‍, ടി എ അഹമ്മദ് കബീര്‍, കെ മമ്മുണ്ണി ഹാജി.
മലപ്പുറം-പി കെ കുഞ്ഞാലിക്കുട്ടി, പി ഉബൈദുല്ല, ടി വി ഇബ്രാഹിം.
മഞ്ചേരി- പി വി അബ്ദുല്‍ വഹാബ്, അഡ്വ. യു എ ലത്തീഫ്, അഡ്വ. എം ഉമര്‍.
വേങ്ങര-പി കെ കുഞ്ഞാലിക്കുട്ടി, ടി എ അഹമ്മദ് കബീര്‍, പി ഉബൈദുല്ല.
തിരൂരങ്ങാടി-പി കെ അബ്ദുറബ്ബ്, പി എം എ സലാം, സി എച്ച് മഹമൂദ് ഹാജി.
താനൂര്‍-അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, അഡ്വ. എന്‍ ശംസുദ്ദീന്‍, കുട്ടി അഹമ്മദ് കുട്ടി.
തിരൂര്‍-അഡ്വ. എന്‍ ശംസുദ്ദീന്‍, കുറുക്കോളി മൊയ്തീന്‍, ഖമറുന്നീസാ അന്‍വര്‍.
കോട്ടക്കല്‍-അബ്ദുസ്സമദ് സമദാനി, അഡ്വ. എന്‍ ശംസുദ്ദീന്‍, സി എച്ച് അബൂ യൂസഫ് കുരിക്കള്‍.
മങ്കട-മഞ്ഞളാംകുഴി അലി, പി ഉബൈദുല്ല, കെ പി എ മജീദ്.
പെരിന്തല്‍മണ്ണ-മഞ്ഞളാംകുഴി അലി, കളത്തില്‍ അബ്ദുല്ല, എന്‍ സൂപ്പി.
തവനൂര്‍-എം അബ്ദുല്ലക്കുട്ടി, അശ്‌റഫ് കോക്കൂര്‍, സി പി ബാവഹാജി.
വള്ളിക്കുന്ന്-പി എം എ സലാം, വി പി അബ്ദുല്‍ ഹമീദ്, എം എ ഖാദര്‍.
കോഴിക്കോട് സൗത്ത്-എം കെ മുനീര്‍, എന്‍ സി അബൂബക്കര്‍, പി എം എ സലാം.
ബേപ്പൂര്‍-ഉമ്മര്‍ പാണ്ടികശാല, എം എ അബ്ദുല്‍ റസാഖ്, അഹമ്മദ്കുട്ടി ഉണ്ണികുളം.
കൊടുവള്ളി-എം കെ മുനീര്‍, എം സി മായിന്‍ഹാജി, സി മോയിന്‍കുട്ടി.
കുന്ദമംഗലം-യു സി രാമന്‍, സി മമ്മുട്ടി, പി കെ ഫിറോസ്.
തിരുവമ്പാടി-എം കെ മുനീര്‍, കെ എം ഷാജി, സി പി ചെറിയമുഹമ്മദ്.
കുറ്റിയാടി-സൂപ്പി നരിക്കാട്ടേരി, ടി ടി ഇസ്മായില്‍, പാറക്കല്‍ അബ്ദുല്ല.
മണ്ണാര്‍ക്കാട്-കളത്തില്‍ അബ്ദുല്ല, കല്ലടി മുഹമ്മദ്, ടി വി ഇബ്രാഹിം.
ഗുരുവായൂര്‍-പി കെ കെ ബാവ, കെ എസ് ഹംസ, സി എച്ച് റഷീദ്.
മട്ടാഞ്ചേരി-വി കെ ഇബ്രാഹിംകുഞ്ഞ്, ടി എ അഹമ്മദ് കബീര്‍, സി മമ്മുട്ടി.
ഇരവിപുരം-പി കെ കെ ബാവ, ഡോ. എം എ അമീന്‍, എ യൂനുസ് കുഞ്ഞ്.
കാസര്‍കോഡ്-പി ബി അബ്ദുര്‍റസാഖ്, ടി ഇ അബ്ദുല്ല, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍.
മഞ്ചേശ്വരം-എം സി ഖമറുദ്ദീന്‍, പി ബി അബ്ദുര്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്,
അഴീക്കോട്-ബി പി ഫാറൂഖ്, വി പി വമ്പന്‍, എം സി ഖമറുദ്ദീന്‍.
മലപ്പുറം ജില്ലയിലെ പുതിയ നാലു മണ്ഡലങ്ങളില്‍ വള്ളിക്കുന്ന്, ഏറനാട്, വേങ്ങര എന്നിവ മുസ്‌ലിംലീഗ് ആവശ്യപ്പെടും. തവനൂര്‍ കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.