1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2011

മുഖ്യമന്ത്രിയെ തീരുമാനിയ്ക്കല്‍ വലിയ പോരില്ലാതെ കഴിഞ്ഞു. ഇനി വകുപ്പിനായുള്ല കടിപിടിയാണ്. മികച്ച വിജയം നേടിയ കേരള കാണ്‍ഗ്രസ് മാണി വിഭാഗവും മുസ്ലിം ലീഗും മെച്ചപ്പെട്ട വകുപ്പുകള്‍ക്കായി ശ്രമിയ്ക്കുമെന്നതിന് സംശയം വേണ്ട. പൊതുവേ മോശമായ പ്രകടനം നടത്തിയ കോണ്‍ഗ്രസിന് അവരുടെ സമ്മര്‍ദ്ദങ്ങളെ ചെറുക്കാനും എളുപ്പമായിരിയ്ക്കില്ല.

എന്നാല്‍ ഈ പ്രധാന വകുപ്പുകള്‍ ഘടക കക്ഷികള്‍ക്ക് കൊടുക്കണമെങ്കില്‍ സ്ഥിരമായി ഇവര്‍ കൈവശം വച്ചിരുന്ന ചില വകുപ്പുകള്‍ നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ധനകാര്യ വകുപ്പാണ് മാണി കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച കെ എം മാണി ആ സ്ഥാനം വീണ്ടും ഉറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ്. റവന്യൂ വകുപ്പാണ് മാണി നോട്ടമിടുന്ന മറ്റൊരു വകുപ്പ്. ഈ വകുപ്പും മുന്‍പ് മാണി വിഭാഗം കൈകാര്യം ചെയ്തിരുന്നതാണ്. ഈ അനുഭവ ജ്ഞാനവും മികച്ച വിജയവും മാണിയ്ക്ക് അനുകൂലമായ ഘടകങ്ങളാവുകയാണ്.

മാണി നോട്ടമിടുന്ന റവന്യൂ വകുപ്പില്‍ മുസ്ലിം ലീഗിനും കണ്ണുണ്ടെന്നതാണ് ഒരു പ്രശ്നം. കൂടുതല്‍ സീറ്റുകള്‍ നേടിയ മുസ്ലിം ലീഗിന് സമ്മര്‍ദ്ദ ശക്തി കൂടുതലുമാണ്. ഇത് മാണിയ്ക്ക് വിനയായേയ്ക്കും.

20 മന്ത്രിമാരായിരിയ്ക്കും പുതിയ മന്ത്രിസഭയില്‍. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനായിരിയ്ക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശം. മന്ത്രിമാര്‍ കോണ്‍ഗ്രസിന് ഒമ്പതും മുസ്‌ലിംലീഗിന് അഞ്ചും കേരള കോണ്‍ഗ്രസിന് രണ്ടും ആയിരിയ്ക്കും. എന്നാല്‍ മൂന്ന് മന്ത്രിസ്ഥാനം വേണമെന്നാണ് മാണിയുടെ ആവശ്യം.

ചെറു പാര്‍ട്ടികളായ സോഷ്യലിസ്റ്റ് ജനത, കേരള കോണ്‍ഗ്രസ് (ബി), കേരള കോണ്‍ഗ്രസ് (ജേക്കബ്), ആര്‍.എസ്.പി. (ബി) എന്നിവയ്ക്ക് ഓരോ മന്ത്രിസ്ഥാനമായിരിയ്ക്കും കിട്ടുക. ഏതൊക്കെ വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.

കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ പ്രാഥമിക ധാരണകള്‍ ഇവിടെയുണ്ടാകുമെങ്കിലുംഅന്തിമതീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതായിരിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുറമേ കെ. മുരളീധരന്‍, ആര്യാടന്‍ മുഹമ്മദ്, ജി. കാര്‍ത്തികേയന്‍, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു, പാലോട് രവി, കെ. അച്യുതന്‍, അടൂര്‍ പ്രകാശ്, എന്‍. ശക്തന്‍, വി.ഡി. സതീശന്‍, എ.പി.അനില്‍കുമാര്‍, പി.കെ. ജയലക്ഷ്മി എന്നിവരെയാണ് പരിഗണിക്കുന്നത്.

തൊഴിലും ടൂറിസവും വകുപ്പുകളാണ് ആര്‍.എസ്.പി.(ബി) ആവശ്യപ്പെടുന്നത്. ആരോഗ്യവും സാംസ്‌കാരികവുമാണ് കേരളാകോണ്‍ഗ്രസ് (ബി) ചോദിച്ചത്. ജലസേചനവകുപ്പാണ് ടി.എം.ജേക്കബ്ബിന് താല്പര്യം. സോഷ്യലിസ്റ്റ്ജനത വകുപ്പിന്റെ കാര്യത്തിലേക്ക് കടന്നില്ല.

ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി. സതീശന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് സ്പീക്കറുടെ സ്ഥാനത്തേയ്ക്ക് കേള്‍ക്കുന്നത്. എന്നാല്‍ ഇവരില്‍ പലരും സ്പീക്കറാവാന്‍ തയാറല്ല. ശക്തമായ പ്രതിപക്ഷമായതിനാല്‍ സ്പീക്കര്‍ കരുത്തനും പരിചയ സമ്പന്നനും ആവണണെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. എന്നാല്‍ ഇത് അത്ര അനായാസമായ കാര്യമല്ല.

ഐക്യമുന്നണിയിലെ വിവിധ ഘടക കക്ഷികള്‍ വകുപ്പ് , മന്ത്രിമാരുടെ എണ്ണം എന്നിവയെക്കുറിച്ച് ആലോചിയ്ക്കാനായി യോഗം ചേരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.