1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2011

ഇരുണ്ട രാവുകള്‍ക്ക് മേല്‍ വെളിച്ചം പകര്‍ന്ന് ഭൂമിക്ക് മറ്റൊരു സൂര്യന്‍. അത്യപൂര്‍വമായ ഈ പ്രതിഭാസം 2011ല്‍ കാണാന്‍ കഴിയുമെന്ന നിഗമനത്തിലാണ് വാന ശാസ്ത്രജ്ഞര്‍.

രണ്ടാഴ്ചത്തേക്ക് മാത്രമേ ഈ സൂര്യനെ നമുക്ക് കാണാനാകൂ. ബെറ്റില്‍ഗൂസെന്ന ചുവന്ന ഭീമന്‍ നക്ഷത്രത്തിന്റെ മരണത്തിന് മുമ്പുള്ള അവസാന ആളിക്കത്തലാണ് രാത്രിയിലും പ്രകാശം ചൊരിയുന്ന രണ്ടാം സൂര്യന്‍ എന്ന പ്രതിഭാസത്തിനു കാരണമാവുക.

ഈ പ്രതിഭാസത്തിനായി ഏറെ കാത്തിരിക്കേണ്ടെന്നും ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ചിലപ്പോള്‍ പ്രതിഭാസം കാണാന്‍ ഇത്തിരി കാത്തിരിയ്‌ക്കേണ്ടിവരുമെന്നും ഗവേഷകര്‍ പറയുന്നു. കാത്തിരിപ്പ് ചിലപ്പോള്‍ 10 ലക്ഷം വര്‍ഷം വരെ നീളാമെന്നൊരു മുന്‍കൂര്‍ ജാമ്യവും ഇവരെടുത്തിട്ടുണ്ട്.

ഭൂമിയില്‍നിന്ന് 640 പ്രകാശവര്‍ഷം അകലെയുള്ള ഓറിയോണ്‍ നക്ഷത്ര സമൂഹത്തിലെ ബെറ്റില്‍ഗൂസ് ഇന്ധനം തീര്‍ന്ന് വിസ്മൃതിയിലാകും മുമ്പുണ്ടാകുന്ന സ്‌ഫോടനത്തില്‍ രാത്രി പകല്‍പോലെയാകും. നക്ഷത്രങ്ങള്‍ കത്തിത്തീരുമ്പോഴുള്ള വന്‍ സ്‌ഫോടനത്തിന്റെ ഫലമായി ദൃശ്യമാകുന്ന ഉജ്വല പ്രകാശത്തെയാണ് സൂപ്പര്‍ നോവ എന്ന് വിശേഷിപ്പിയ്ക്കുന്നത്. ഭൂമിക്ക് ലഭിച്ചതില്‍ വച്ചേറ്റവും ശക്തമായ പ്രകാശമായിരിക്കും ഇതിലൂടെ ലഭിക്കുക. ഭൂമിയില്‍നിന്നു നോക്കിയാല്‍ രണ്ട് സൂര്യന്മാരുണ്ടെന്ന തോന്നലുണ്ടാകുകയും ചെയ്യും. സ്‌ഫോടനത്തില്‍ ജ്വലിക്കുന്ന നക്ഷത്രത്തിന്റെ പ്രകാശം പതുക്കെ കുറഞ്ഞ് കാണാന്‍ പറ്റാത്തവിധം ഇല്ലാതാകും.

640 പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രത്തിലുണ്ടാവുന്ന സ്‌ഫോടനം എന്ന് സംഭവിക്കുമെന്ന കാര്യത്തില്‍ മാത്രമാണ് ഗവേഷകര്‍ക്കിടയില്‍ തര്‍ക്കം.2012ല്‍ ക്ഷീരപഥത്തില്‍ സ്‌ഫോടനം സംഭവിച്ചേക്കുമെന്ന് ആസ്‌ത്രേലിയയിലെ ദക്ഷിണ ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലാ ശാസ്ത്രജ്ഞന്‍ ബ്രാഡ് കാര്‍ട്ടര്‍ പറഞ്ഞു.

സൂപ്പര്‍നോവ പ്രതിഭാസം ഇതിനോടകം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു നൂറ്റാണ്ടുകള്‍ക്കു മുന്‍പായിരിക്കും; നാം കാണുന്നത് ഇപ്പോഴാണെന്നു മാത്രം. നക്ഷത്രത്തില്‍ നിന്ന് ഇപ്പോള്‍ ദൃശ്യമാകുന്ന പ്രകാശത്തെ വിശകലനം ചെയ്താണു സൂപ്പര്‍നോവ അടുത്തെത്തിയെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.