1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2011

തിരുവനന്തപുരം: മുഖ്യമന്ത്രിയാര് എന്ന ചോദിച്ചാല്‍ ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റ വാക്കില്‍ ഉത്തരം പറയും. പക്ഷെ ഒന്നുകൂടി ഉറപ്പിച്ച് ചോദിച്ചാല്‍ അവര്‍ക്ക് തന്നെ സംശയം. കാരണം മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ അന്തര്‍ നാടകങ്ങളും ചരടുവലികളും തിരഞ്ഞെടുപ്പിന് മുമ്പെ തന്നെ തുടങ്ങിയതാണ്.

ഫലമറിഞ്ഞ ഇന്നലെ തന്നെ ചരടുവലികളുടെ തുടര്‍ച്ചയുണ്ടായി. മുഖ്യമന്ത്രിയാകാന്‍ താനില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിന് കത്തെഴുതിയെന്ന വാര്‍ത്ത പ്രചരിക്കപ്പെട്ടത് ഇതിന്റെ ഭാഗമായാണ്. കോണ്‍ഗ്രസ്സിലെ തന്നെ ചെന്നത്തലക്ക് വേണ്ടി ഒളിയാക്രമണം നടത്തുന്ന വിഭാഗമാണ് ഈ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ സ്വാധീനിച്ച് വാര്‍ത്ത നല്‍കിക്കാനായിരുന്നു നീക്കം.

യു.ഡി.എഫ് വിജയം നാല് സീറ്റില്‍ ഒതുങ്ങിയതില്‍ പരിഭവിച്ചും കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ എണ്ണം 37 ആയി ചുരുങ്ങിയതില്‍ ആശങ്കപ്പെട്ടും ഈ നിലയില്‍ തനിക്ക് മുഖ്യമന്ത്രിയായിരിക്കാന്‍ താല്‍പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചുവെന്നായിരുന്നു വാര്‍ത്ത വന്നത്. ഇന്നലെ ചില ദൃശ്യമാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആധികാരികതയില്‍ സംശയം തോന്നിയതിനാല്‍ പ്രമുഖ മാധ്യമങ്ങളൊന്നും ഇത് വാര്‍ത്തയാക്കിയില്ല. ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട സ്രോതസ്സുകളൊന്നും കത്ത് എഴുതിയ കാര്യം സ്ഥിരീകരിച്ചുമില്ല.

ഏതായാലും മുഖ്യമന്ത്രി സ്ഥാനവും മറ്റ് മന്ത്രി പദവികളും വീതം വെക്കല്‍ അത്ര എളുപ്പത്തിലാകില്ലെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. കനപ്പെട്ട വകുപ്പുകള്‍ ചോദിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കെ.എം മാണി. മിക്കവാറും ധനകാര്യത്തില്‍ പിടിമുറുക്കിയായിരിക്കും മാണിയുടെ നീക്കം. അതേസമയം മുഖ്യമന്ത്രി പദവിയില്ലെങ്കില്‍ ആഭ്യന്തരം വേണമെന്ന നിലപാടില്‍ ചെന്നിത്തല ഉറച്ച് നില്‍ക്കുമെന്നാണ് സൂചന. അങ്ങിനെയെങ്കില്‍ ധനകാര്യവും ആഭ്യന്തരവുമില്ലാത്ത മുഖ്യമന്ത്രി പദവിയാണ് ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത്. ഇത് ഉമ്മന്‍ചാണ്ടി എങ്ങിനെ സ്വീകരിക്കുമെന്നതും ചോദ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.