സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷന്റെ (എസ്.എം.എ) ആതിഥേയത്വത്തില്‍ സൗത്തെന്‍ഡ് ഓണ്‍ സീയില്‍ വച്ച് നവംബര്‍ 12 ന് നടത്താനിരുന്ന യൂണിയന്‍ ഓഫ് യു.കെ. മലയാളി അസോസിയേഷന്‍സിന്റെ ഈ വര്‍ഷത്തെ നാഷണല്‍ കലാമേള നവംബര്‍ 5-ലേക്കു മാറ്റിയതായി യുക്മ നാഷണല്‍ കമ്മറ്റി അറിയിച്ചു. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഇങ്ങനെ ഒരു മാറ്റം അനിവാര്യമായി വന്നതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും യുക്മ അംഗങ്ങള്‍ക്ക് ഈ തീരുമാനം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് നിര്‍വ്യാജം ഖേദിക്കുന്നുവെന്നും യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, സെക്രട്ടറി അബ്രഹാം ലൂക്കോസ്, യുക്മ വൈസ് പ്രസിഡന്റും നാഷണല്‍ കലാമേള കോ-ഓര്‍ഡിനേറ്ററുമായ വിജി കെ.പി. എന്നിവര്‍ അറിയിച്ചു. 2011 സെപ്തംബര്‍ 3 ന് ആതിഥേയ അസ്സോസിയേഷനായ എസ്.എം.എയും യുക്മ നാഷണല്‍ കമ്മിറ്റിയുമായി നടന്ന യോഗത്തിനു ശേഷമാണ് ഈ തീരുമാനം അറിയിച്ചത്.
വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലുമായി 350-ലേറെ മത്സരങ്ങള്‍ നടക്കുന്ന ഈ കലാമേളയില്‍ 4 സ്റ്റേജുകളിലായി മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. 1000 പേര്‍ക്ക് വീതം ഇരിപ്പിട സൗകര്യമുള്ള 2 പ്രധാന സ്റ്റേജുകളും 200 പേര്‍ക്ക് വീതം ഇരിപ്പിട സൗകര്യമുള്ള 2 ചെറിയ സ്റ്റേജുകളും 600 ന് മേല്‍ വാഹന പാര്‍ക്കിംഗ് സൗകര്യവും, എല്ലാ റീജിയനും പ്രത്യേക റൂം സൗകര്യവുമുള്ള വെസ്റ്റ് ക്ലിഫ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ് ആന്റ് ഗേള്‍സ് ആണ് ഇത്തവണത്തെ കലാമേളയ്ക്കായി യുക്മ നാഷണല്‍ കമ്മറ്റിക്കുവേണ്ടി എസ്.എം.എ കണ്ടെത്തിയിരിക്കുന്നത്. ഒരു കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ടു സ്‌കൂള്‍ ഓഡിറ്റോറിയങ്ങളും ഒന്നിച്ചു കിട്ടുന്നതിനു വേണ്ടിയാണ് കലാമേളയുടെ തീയതി മാറ്റിയത്.
സാംസ്‌ക്കാരിക സമ്മേളനവും, മത്സരങ്ങളും സമ്മാനദാനവും സമാപനമായി 30 മണിക്കൂറോളം നീളുമെന്നു കരുതുന്ന പരിപാടികള്‍ 4 സ്റ്റേജുകളിലായി വിഭജിച്ച് പങ്കെടുക്കുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ നടത്താനാണ് തീരുമാനം. മല്‍സരങ്ങളില്‍ മാറ്റുരക്കുന്ന 800 കലാകാരന്മാരുള്‍പ്പെടെ 3000 പേരെ പ്രതീ ക്ഷിക്കുന്ന നാഷണല്‍ കലാമേളയുടെ സുഗമമായ നടത്തിപ്പിനായി യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ വര്‍ഗീസ് ജോണ്‍ ആതിഥേയ റീജിനായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് ശ്രീ കുഞ്ഞുമോന്‍ ജോബ് എന്നിവര്‍ യഥാക്രമം ചെയര്‍മാനും വൈസ്ചെയര്‍മാനുമായി കമ്മിറ്റികള്‍ തിരഞ്ഞെടുത്തു.
8 റീജിയനുകള്‍ക്കും പ്രത്യേകമായി രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ തുറന്ന് മല്‍സരാര്‍ത്ഥികള്‍ക്കുള്ള ചെസ്റ്റ് നമ്പറുകള്‍ വിതരണം ചെയ്ത് ഓരോ മല്‍സരങ്ങളും നടക്കുന്ന വേദിയുടെ വിവരങ്ങളും സമയക്രമവും കാലേകൂട്ടി പ്രഖ്യാപിച്ച് വീഴ്ചകളില്ലാതെ ഈ കലാമേള നടത്തുന്നതിന് ചുക്കാന്‍ പിടിക്കുന്നത് യുക്മ വൈസ്പ്രസിഡന്റും കലാമേള കോര്‍ഡിനേറ്ററുമായ വിജി കെ പി യുടെ നേതൃത്വത്തില്‍ യുക്മ നാഷണല്‍ ജെനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ്, സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി പ്രദീപ് കുരുവിള എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സഹകമ്മിറ്റികളായിരിക്കും.
കലാമേളയില്‍ പങ്കെടുക്കുന്നതിന് താമസസൗകര്യം ആവശ്യമുള്ളവരൂണ്‌ടെങ്കില്‍ ശ്രീ പ്രദീപ് കുരുവിളയുമായി 07861373471 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല