1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2011

കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുന്ന യുഡിഎഫ് സര്‍ക്കാരിനെ കാത്തിരിയ്ക്കുന്നത് അഗ്നിപരീക്ഷണങ്ങള്‍. 45 അംഗങ്ങളുള്ള സിപിഎം നയിക്കുന്ന ശക്തമായ പ്രതിപക്ഷം മാത്രമല്ല പാളയത്തിലെ ചെറുകക്ഷികളുടെ ഭീഷണികളും അടുത്ത സര്‍ക്കാരിന് തലവേദനയാവും.

സഭാസമ്മേളനങ്ങള്‍ വെറും നേരംപോക്കുകള്‍ എന്നതില്‍നിന്നു മാറി ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കും വോട്ടെടുപ്പുകള്‍ക്കും സാക്ഷിയാകും. സാങ്കേതികതയിലൂന്നിയ കേവലഭൂരിപക്ഷം എന്നതുകൊണ്ടുതന്നെ അടുത്ത അഞ്ചുവര്‍ഷവും സഭയില്‍ ഫുള്‍ഹാജരുണ്ടാകും.

സഭയിലെ ഓരോ കാര്യപരിപാടിയിലും ഏതെങ്കിലും വിഷയത്തില്‍ വോട്ടെടുപ്പ് വേണ്ടിവന്നാല്‍ മുഴുവന്‍ അംഗങ്ങളുമില്ലെങ്കില്‍ ഭരണപക്ഷം പ്രതിസന്ധിയിലാകും. മുള്‍മുനയിലാകും സഭാസമ്മേളനങ്ങള്‍ നടക്കുകയെന്ന കാര്യം ഉറപ്പാണ്. നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് പ്രതിപക്ഷത്തിരിക്കുന്ന മുന്നണിയിലെ ഒരു പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നത്. സിപിഎം നിയമസഭയില്‍ നിര്‍ണായകശക്തിയാകും.

പുതിയ സര്‍ക്കാര്‍ രൂപീകരിച്ചശേഷം ഈ മാസം അവസാനമോ ജൂണ്‍ ആദ്യമോ പതിമൂന്നാം നിയമസഭയുടെ ആദ്യസമ്മേളനം ചേരും. നിയമസഭാ സാമാജികരുടെ സത്യപ്രതിജ്ഞയായിരിക്കും അജന്‍ഡ. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം സഭ പിരിയും. നയപ്രഖ്യാപനപ്രസംഗത്തിനായി ചേരുന്ന സമ്മേളനത്തിലായിരിക്കും യുഡിഎഫ് സര്‍ക്കാര്‍ നേരിടുന്ന ആദ്യത്തെ അഗ്‌നിപരീക്ഷ.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുശേഷം അതിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. 72 സീറ്റ് മാത്രം ഉള്ളതിനാല്‍ വോട്ടെടുപ്പോടെയേ നന്ദിപ്രമേയം പാസാകുകയുള്ളൂ. സഭയില്‍ മതിയായ അംഗസംഖ്യയില്ലെങ്കില്‍ ഭരണപക്ഷത്ത് പ്രതിസന്ധിയാകും. സ്പീക്കറുടെ കാസ്റ്റിങ് വോട്ട് പല അവസരങ്ങളിലും വിനിയോഗിക്കേണ്ടി വരും.

ഭരണപക്ഷത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനു 38 സീറ്റുകള്‍ മാത്രമാണുള്ളത്. ലീഗിനും കേരള കോണ്‍ഗ്രസിനും കൂടി 29 അംഗങ്ങളുണ്ട്. ഈ രണ്ടു പ്രബല കക്ഷികളുടെ സമ്മര്‍ദം മുന്നണിയിലും സര്‍ക്കാരിലും വളരെ ശക്തമായി ഉണ്ടാകുമെന്നുറപ്പാണ്. ഇതിന് പുറമെ ഒന്നോ രണ്ടോ സീറ്റുള്ള കക്ഷികളുടെ നിലപാടും സഭയില്‍ നിര്‍ണായകമാവും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.