1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2011

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത് 190 റണ്‍സിന് പുറത്തായ ഇന്ത്യ ആതിഥേയരെ 43 ഓവറില്‍ 189 റണ്‍സിന് പുറത്താക്കി ഒരു റണ്ണിന്റെ വിജയം സ്വന്തമാക്കി. ഇതോടെ അഞ്ചു കളികളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കക്കൊപ്പമെത്തി (1-1). അര്‍ധശതകം നേടി ആതിഥേയരെ വിജയത്തോടടുപ്പിച്ച ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തിന്റേതടക്കം(77) നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുനാഫ് പട്ടേലാണ് മാന്‍ ഓഫ് ദി മാച്. അംല(4), പാര്‍നല്‍(12), മോര്‍ക്കല്‍(6) എന്നിവരാണ് മുനാഫിന്റെ മറ്റ് ഇരകള്‍.

ആദ്യ മത്സരം തോറ്റ ഇന്ത്യ, കൂറ്റന്‍ സ്‌കോറുകള്‍ക്ക് പ്രസിദ്ധമായ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ചെറിയ സ്‌കോറിന് പുറത്തായപ്പോള്‍ പരാജയം ഉറപ്പിച്ചെന്ന് തോന്നി. 191 റണ്‍സിന്റെ ലക്ഷ്യം അതിവേഗം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 32 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തിരുന്നു. ബാറ്റിങ് പവര്‍ പ്ലേ ഉള്‍പ്പെടെ 18 ഓവര്‍ ബാക്കിനില്‌ക്കെ അവര്‍ക്ക് ജയിക്കാന്‍ 29 റണ്‍സേ വേണ്ടിയിരുന്നുള്ളൂ. ആതിഥേയരുടെ അവസാന ഏഴു വിക്കറ്റുകള്‍ 27 റണ്‍സിനിടെ പറിച്ചെറിഞ്ഞ് ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കി. സ്മിത്തിനെ ക്ലീന്‍ ബൗള്‍ ചെയ്ത് മുനാഫ് പട്ടേലാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. രണ്ടാം സ്‌പെല്ലില്‍ മുനാഫ് മൂന്നും സഹീര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി ആതിഥേയരെ സമ്മര്‍ദ്ദത്തിലാഴ്ത്തി. സ്മിത്ത് വീണതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ച അഭിമുഖീകരിക്കയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യന്‍ പേസ് ബൗളര്‍ സോട്‌സോബെയ്ക്കു മുന്നില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മുട്ടുമടക്കി. യുവരാജ് സിങ് 53 റണ്‍സെടുത്തു. ഇന്ത്യന്‍ ഇന്നിങ്‌സ് 47.2 ഓവറില്‍ അവസാനിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.