1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2011

അഭയ് വി അഭയ്

പത്മരാജന്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത് 1978-ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം എന്ന സിനിമ ഉല്‍പാദിപ്പിച്ച (സിനിമാ) സാംസ്‌കാരികാന്തരീക്ഷത്തെ പാടെ മറന്ന് പുതിയ കാലത്ത് ടി കെ രാജീവ് കുമാര്‍ ഒരു സിനിമ എടുക്കുമ്പോള്‍ അത് നിര്‍മ്മിച്ച പുതിയ (അതോ പഴയതോ) ഭാവുകത്വത്തെപ്പറ്റി ചില ചര്‍ച്ചകള്‍ ഇവിടെ നിര്‍ബന്ധമായും ഉണ്ടാകേണ്ടതുണ്ട്.

തുടക്കമെന്ന നിലയില്‍ പറയട്ടെ ഭരതന്‍- പത്മരാജന്‍ കൂട്ടുകെട്ടില്‍ ജയഭാരതിയേയും കൃഷ്ണചന്ദ്രനേയും മുഖ്യ വേഷങ്ങളില്‍ അവതരിപ്പിച്ച് ഇറങ്ങിയ രതിനിര്‍വേദം മലയാള കാമനകള്‍ക്ക് കലയും രതിയും ഇടകലരുമ്പോളുള്ള അപൂര്‍വ സംഗമത്തെ സമ്മാനിക്കുകയായിരുന്നു. കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്കുള്ള കുതിവെക്കല്‍, പ്രണയവും ലൈംഗികതയും ഇടകലര്‍ന്ന് സൃഷ്ടിക്കുന്ന മനോ വിചാരങ്ങളും വികാരങ്ങളും, ലൈംഗികത എന്ന ടാബൂവിനെ -അതും മുതിര്‍ന്ന വയസ്സുള്ള ഒരു സ്ത്രീയുമായുള്ള- കേരളീയ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട് ചര്‍ച്ചയക്ക് വിധേയമാക്കല്‍: ഇങ്ങനെ ഒരു മാതിരിപ്പെട്ട ‘സത്കര്‍മ്മങ്ങളെ’ല്ലാം നിര്‍വഹിച്ചു എന്നതാണ് ഭരതന്റെ രതി നിര്‍േവദത്തിന്റെ സാമൂഹിക/ ചരിത്ര പ്രസക്തി. പ്രത്യേകിച്ചും പപ്പു എന്ന കഥാപാത്രത്തിന്റെ വളര്‍ച്ചാ വികാസം ആദ്യ സിനിമയിലെ മുഖ്യ കഥാതന്തു തന്നെയാണ്. അതായത് സ്പ്രിംഗ് പോലെ കുതിച്ചു ചാടുന്ന കൗമാര കാമനകളെ എങ്ങനെ അഭ്രപാളികളില്‍ ആവിഷ്‌കരിക്കണമെന്ന് ഭരതന്‍-പത്മരാജന്‍ ടീമിന് എന്ന ധാരണയുണ്ടായിരുന്നു എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു 1978-ല്‍ ഇറങ്ങിയ ആദ്യ സിനിമയുടെ പ്രത്യേകത.

എന്നാല്‍ മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ചെറിയ രീതിയില്‍ തൊട്ടു മിനുക്കിയ പഴയ തിരക്കഥയുമായി് ടി കെ രാജീവ്കുമാര്‍ രതിനിര്‍വേദത്തിന്റെ പുതിയ പതിപ്പു നിര്‍മ്മിച്ച് മലയാളി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുമ്പോള്‍ ഈ ചിത്രത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ ഒന്നു വിസിറ്റിംഗ് മുറിയിലിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. എന്തെന്നാല്‍, നാമെല്ലാം ധരിച്ചു വെച്ചിരിക്കുന്നതു പോലെ ശുദധമായ കലാപ്രേമമല്ല ഈ സിനിമയുടെ പുനര്‍നിര്‍മ്മിതിക്കു പിന്നില്‍ എന്നറിയുമ്പോഴാണ് മലയാള സിനിമ ഇന്നെത്തി നില്‍ക്കുന്ന അതി ദയനീയ പരിണാമ ദശയുടെ പൊത്തിവെച്ച മുഖം നാം കാണുന്നത്.

ജയഭാരതി എന്ന നടിയും കൃഷ്ണചന്ദ്രന്‍ എന്ന നടനും ചേര്‍ന്ന് മലയാളിക്ക് സമ്മാനിച്ച ദൃശ്യാനുഭൂതിയെ പാടെ നിരാകരിക്കുന്നതാണ് രാജീവ്കുമാറിന്റെ പുതിയ പടം എന്നു നിസ്സംശയം പറയാം. പഴയ രതി നിര്‍വേദത്തില്‍ രതിയും കാമനകളുമെല്ലാം വളര്‍ച്ചയുടെ സ്വാഭാവിക പരിണാമങ്ങളാണെങ്കില്‍ പുതിയ ചിത്രത്തില്‍ ഷക്കീലാപ്പടം കണ്ട് നിര്‍വൃതിയടയുന്ന മലയാളി പ്രേക്ഷകനെ പ്രൈം ടൈമില്‍ തിയേറ്ററുകളിലെത്തിക്കുക എന്നൊരു സാഹസിക ദൗത്യമാത്രമാണ് രാജീവ് കുമാര്‍ ചെയ്തിരിക്കുന്നത്.

ശ്വേതാ മേനോന്‍ എന്ന നടിയെക്കുറിച്ച് മലയാളി പ്രേക്ഷകനുലുള്ള ചില ധാരണകളെ പരമാവധി ഉപയോഗപ്പെടുത്താനാനാണ് സംവിധായകന്റെ ശ്രദ്ധ എന്നു കാണാം. കാമസൂത്രയില്‍, ലാപ്‌ടോപ്പില്‍, കയത്തില്‍, പാലേരി മാണിക്യത്തില്‍ ഒക്കെയും വേഷമിട്ട ശ്വേത, ഈ സിനിമയില്‍ ജയഭാരതിയുടെ പകരക്കാരിയാകും എന്ന നിലയില്‍ സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പേ ഇവിടെ പുറത്തു വന്നിരുന്ന ചില ‘പരസ്യ’ ങ്ങള്‍ ഓര്‍ക്കുക. ‘ശ്വേത- ജയഭാരതി’എന്നൊരു നിര്‍വചനം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ചില ശ്രമങ്ങള്‍ നടന്നു എന്നു വ്യക്തം.

ഈ ഇന്‍ഫര്‍േമഷനുമായി തിയേറ്ററിലിരിക്കുന്ന പ്രേക്ഷകനു മുന്നില്‍ പുതിയ രതിനിര്‍വേദവുമായി രാജീവ്കുമാര്‍ എത്തുമ്പോള്‍ പ്രധാനമായും രണ്ടു തരം തിരിച്ചറുവുകളാണുണ്ടാകുന്നത്.ഒന്ന്, ശ്വേതാ മേനോന്‍ എന്ന നടിയെ മാത്രമാണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. മറിച്ച് പത്മരാജന്റെ കഥയിലോ, ഭരതന്റെ കലയിലോ ശ്രദ്ധ പതിപ്പിച്ചു പകര്‍ത്താന്‍ രാജീവ് കുമാറിനു കഴിഞ്ഞില്ല. രണ്ട്, പുതിയ രതിനിര്‍വേദം പഴയ സിനിമയുടെ വികലമായ ഒരു അനുകരണം മാത്രമാണ്. അഥവാ പുതിയതായി ഒന്നും സംഭാവന ചെയ്യാന്‍ രാജീവ്കുമാറിന്റെ സിനിമക്കാവുന്നില്ല.

ശ്വേതാ മേനോന്‍ എന്ന നടിയെക്കുറിച്ച് വളരെ ബോധവനാണ് സംവിധായകന്‍ എന്ന് പുതിയ സിനിമയിലെ പല സീനുകളും തെളിവു നല്‍കുന്നു. അറിയാതെ വല്ലതും അധികം ക്യാമറയില്‍ കയറിയാലോ എന്നു ഭയന്ന പോലെ അളന്നു മുറിച്ചാണ് ചിത്രത്തിലെ പല സീനുകളും. ശ്വേത മനോഹരമാക്കിത്തീര്‍ത്ത ചില സീനുകള്‍ പോലും നല്ല രീതിയില്‍ ഒപ്പിയെടുക്കാന്‍ ക്യാമറാമാന്‍ മനോജ് പിള്ളക്കു കഴിഞ്ഞിട്ടില്ല.

ശ്രീജിത് അവതരിപ്പിക്കുന്ന പുതിയ സിനിമയിലെ പപ്പു എന്ന കഥാപാത്രം കൃഷ്ണചന്ദ്രന്റെ പപ്പുവുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ പരാജയമാണ് എന്നു പറയാതെ വയ്യ. പഴയ സിനിമയില്‍ തനിക്കു സമ്മാനമായി കിട്ടിയ വാച്ചും ധരിച്ച് പപ്പു നടക്കുന്ന ആ നടത്തം ഓര്‍ക്കുക. ഒരുപാട് ആഗ്രഹിച്ചു നടന്നതു കയ്യില്‍ കിട്ടിയ കൗമാരക്കാരന്റെ എല്ലാ സന്തോഷവും പത്രാസും കൃഷ്ണചന്ദ്രന്‍ ഫലപ്രദമായി തന്നെ പണ്ട് അഭ്രപാളിയില്‍ എത്തിച്ചെങ്കില്‍ ശ്രീജിത് അതിനെ പുതിയ ചിത്രത്തില്‍ കൈകാര്യം ചെയ്തിക്കുന്നത് വളരെ ലഘുവായാണ്. (ഇതു പോലെ നിരവധി രംഗങ്ങള്‍ പുതിയ സിനിമയില്‍ കാണിച്ചു തരാനാകും..)

പ്രേക്ഷകര്‍ക്കു തീര്‍ത്തും മനസ്സിലാക്കാത്ത മറ്റൊരു കാര്യം പുതിയ രതിനിര്‍വേദത്തിലെ കാലമാണ്. ചില വസ്ത്രങ്ങളും ബാഗുകളും സൂക്ഷിച്ചു നോക്കിയാല്‍ പഴയ കാലം തന്നെ എന്നു തോന്നുമെങ്കിലും അത് വിജയകമായി എക്സ്റ്റാബ്ലിഷ് ചെയ്യുന്നതില്‍ സംവിധായകന്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. സിനിമയില്‍ തപാലില്‍ വാച്ച് അയക്കുന്നതിനു പകരം കൊറിയറില്‍ ഒരു മൊബൈല്‍ അയച്ചാല്‍ പോലും (പപ്പു വിനു സമ്മാനമായി) പ്രേക്ഷകര്‍ക്ക് ഒന്നും തന്നെ തോന്നാനില്ല.

ചുരുക്കത്തില്‍ പഴയ സിനിമാ ദ്രാവകത്തെ പുതിയ അച്ചു കൂടത്തിലേക്ക് ഒഴിച്ചിറക്കുമ്പോള്‍ അതാവശ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പോലും രാജീവ് കുമാര്‍ മറന്നു പോയ മട്ടാണ്. വികാരം ക്രമാനുഗതമായി വികസിക്കുന്ന ഒരു അനുഭൂതിയല്ല, മറിച്ച ‘പഴയ ഭരതന്‍-പത്മരാജന്‍’ സിനിമയുടെ റഫറന്‍സ് വെച്ച് പുനസൃഷ്ടിക്കുന്ന വെറും സീനുകള്‍ മാത്രമാണ് ടി കെ രാജീവ്കുമാറിന്റെ സിനിമയില്‍‍. അതു തന്നെയാണ് ഈ പടത്തിന്റെ പരാജയവും.

ചുവപ്പു കഴിഞ്ഞാല്‍ ഏറ്റവും സെക്‌സ് അപ്പീലുള്ള നിറമാണ് കറുപ്പെന്ന് പല പഠനങ്ങളും മുമ്പ് പറഞ്ഞിട്ടുണ്ട്. എന്തായാലും സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ഇതൊക്കെ പഠിച്ചു വെച്ചിരിക്കുന്നു എന്ന് രതിനിര്‍േവദത്തില്‍ ശ്വേതാ മേനോന്‍ ധരിക്കുന്ന വസ്ത്ര്ങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മലയാളിയുടെ ലൈംഗിക മനശാസ്ത്രം മനസ്സിലാക്കി കറുപ്പും വെളുപ്പും നീലയും വെള്ളയും മഞ്ഞയും ബ്ലൗസുകള്‍ ധരിപ്പിച്ച് ( അതും കറുത്ത പുള്ളിക്കുത്തുകള്‍ ഉള്ളവ!) പ്രേക്ഷകരെ ആവോളം മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട് രാജീവ് കുമാര്‍.

പുതിയ രതി നിര്‍വേദം കാണാനായി ആദ്യ ദിവസം തന്നെ തിരക്കു കൂട്ടി എത്തിയ / ഇനി വരും ദിവസങ്ങളില്‍ എത്താനിടയുള്ള പ്രേക്ഷകരെ പറ്റിയും പറയാതെ വയ്യ. ഷക്കീലാ-മറിയാ പടങ്ങള്‍ കാണാനെത്തുന്ന ഈ കൂട്ടര്‍ ഇനിയും ഇടിച്ചു കയറും. പഴയ രതിനിര്‍വേദം ഇവരിലും റഫറന്‍സായുണ്ട്. രാജീവ്കുമാറിനെപ്പോലെ അവരും ഒരോ സീനിനുമായി കാത്തിരിക്കും. ‘കമോണ്‍..കമോണ്‍..’ എന്നു പ്രോല്‍സാഹനം നല്‍കും. വല്ലാത്ത ഒച്ചത്തില്‍ കയ്യടിക്കും. മി. രാജീവ് കുമാര്‍, തിയേറ്ററില്‍  നിറഞ്ഞിരിക്കുന്ന ഇവരെക്കണ്ട് അവരാണ് യഥാര്‍ത്ഥ മലയാളി പ്രേക്ഷകരെന്ന് ദയവു ചെയ്ത് തെറ്റിദ്ധരിക്കരുത്. മി. രാജീവ് കുമാര്‍, യു ആര്‍ ടെറിബ്‌ലി മിസ്റ്റൈക്കണ്‍…നിങ്ങള്‍ ദയവു ചെയ്ത് ഭരതന്റെ ആ പഴയ പടം ഒന്നു കാണേണ്ടിയിരിക്കുന്നു……

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.