1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2011

കൂടുതല്‍ വരുമാനമുള്ള ജോലി തേടുന്നവരെ ലക്ഷ്യമിട്ട് ഇന്‍റര്‍നെറ്റ് മുഖേന വന്‍ തട്ടിപ്പ് വ്യാപകമാകുന്നു. വിദേശികളടക്കമുള്ളവര്‍ ഈ തട്ടിപ്പുസംഘത്തിലെ അംഗങ്ങളായുണ്ടെന്നാണ് സൂചന. തികച്ചും ആസൂത്രിതമായി നടപ്പാക്കുന്ന നീണ്ട പ്രക്രിയയ്‌ക്കൊടുവിലാണ് പണം തട്ടിയെടുക്കുക. തട്ടിപ്പിനിരയായി എന്നു മനസ്സിലാവുന്നതു തന്നെ വളരെ വൈകിയായിരിക്കും എന്നത് ഇവരുടെ ‘ഓപ്പറേഷന്റെ’ വ്യാപ്തിയും കൃത്യതയും വ്യക്തമാക്കുന്നു. കേരളാ പോലീസിന്റെ സൈബര്‍ സെല്ലിന് ഇതുസംബന്ധിച്ച ചില പരാതികള്‍ ലഭിച്ചുവെങ്കിലും അന്വേഷണം എങ്ങനെ മുന്നോട്ടു നീക്കണം എന്നകാര്യത്തില്‍ അവര്‍ ആശയക്കുഴപ്പത്തിലാണ്.

ഇന്‍റര്‍നെറ്റിലെ ജോബ് സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരാണ് തട്ടിപ്പിന്റെ ഇരകള്‍. വിദേശത്തെ ജോലിയുടെ പേരിലാണ് തട്ടിപ്പ്. പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഉദ്യോഗാര്‍ഥിയുടെ ജീവചരിത്രക്കുറിപ്പ് വിശദമായി പരിശോധിച്ചുവെന്നും കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണതെന്നും അറിയിച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശമാണ് ആദ്യം ലഭിക്കുക. ഏതെങ്കിലും വലിയ കമ്പനിയുടെ പേരിനു മുന്നില്‍ ‘കരിയര്‍’ എന്നോ ‘എച്ച്.ആര്‍.’ എന്നോ ചേര്‍ത്തു തയ്യാറാക്കിയ വിലാസത്തില്‍ നിന്നായിരിക്കും ഇതു വരിക. ഒരു ചോദ്യാവലിയും ഒപ്പമുണ്ടാവും. അത് പൂരിപ്പിച്ച് തിരിച്ചയയ്ക്കണം.

ഈ ചോദ്യാവലിക്ക് ഉത്തരം നല്‍കിക്കഴിയുമ്പോള്‍ അടുത്ത ചോദ്യാവലി വരും. പ്രൊഫഷണല്‍ പശ്ചാത്തലം വിലയിരുത്തുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് അതിലുണ്ടാവുക. അതിനു മറുപടി നല്‍കിക്കഴിയുമ്പോള്‍ ടെലിഫോണ്‍ ഇന്‍റര്‍വ്യൂ സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഒരു നിശ്ചിത സമയത്ത് ഉദ്യോഗാര്‍ഥിയുടെ ഫോണിലേക്ക് വിളി വരും. കോണ്‍ഫറന്‍സ് കോളിന്റെ രൂപത്തിലുള്ള ഈ വിളിയില്‍ ഒന്നിലേറെ പേര്‍ ഉദ്യോഗാര്‍ഥിയുമായി ആശയവിനിമയം നടത്തുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. ഇതും കഴിയുമ്പോള്‍ നിയമന ഉത്തരവ്, മറ്റ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, വിസ അപേക്ഷാ ഫോറം എന്നിവ ഇ-മെയിലില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യാ-പെസഫിക് കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ച് ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ടാവും. വിളിച്ചാല്‍, ഇ-മെയിലില്‍ പറഞ്ഞിട്ടുള്ള പേരുകാരന്‍ തന്നെയാണ് ഫോണ്‍ എടുക്കുക. വിദേശിയായ ഇയാള്‍ തന്നെയാണ് ഇ-മെയില്‍ അയയ്ക്കുന്നതെന്നും സംശയിക്കപ്പെടുന്നു.

വിസ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പണം ഒരു നിശ്ചിത അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഈ കമ്പനി പ്രതിനിധി ഉദ്യോഗാര്‍ഥിയോട് നിര്‍ദ്ദേശിക്കുന്നതാണ് അടുത്ത ഘട്ടം. 1132 ബ്രിട്ടീഷ് പൗണ്ടാണ് (95088 രൂപ) സ്ഥിരമായി ഈടാക്കുന്ന ഫീസ്. രേഖകള്‍ വാങ്ങാന്‍ മുംബൈയിലെത്തുമ്പോള്‍ ഈ തുക മടക്കിനല്‍കുമെന്ന് അദ്ദേഹം ഉറപ്പുപറയും. എന്തെങ്കിലും കാരണവശാല്‍ ഉദ്യോഗാര്‍ഥി എത്താതിരുന്നാല്‍ കമ്പനിക്കുണ്ടാവുന്ന നഷ്ടം ഒഴിവാക്കാനാണ് തുക മുന്‍കൂര്‍ വാങ്ങുന്നതെന്നാണ് അദ്ദേഹം വിശദീകരിക്കുക. അദ്ദേഹം നിര്‍ദേശിച്ച പ്രകാരം പണം നിക്ഷേപിച്ച ശേഷം മുംബൈയിലെത്തുമ്പോഴാണ് അങ്ങനെ ഒരു ഓഫീസോ വ്യക്തിയോ ഇല്ല എന്നു മനസ്സിലാവുക.

ദുബായില്‍ എന്‍ജിനീയറായിരുന്ന ഒരു കോഴിക്കോട്ടുകാരന്‍ അടുത്തിടെ ഈ തട്ടിപ്പിനിരയായിരുന്നു. ലണ്ടനില്‍ 15 ലക്ഷം രൂപ പ്രതിമാസ ശമ്പളമുള്ള ജോലിയാണ് അദ്ദേഹത്തിനു വാഗ്ദാനം ചെയ്യപ്പെട്ടത്. വിസയ്ക്കും മറ്റുമായി ഒരു ലക്ഷം രൂപ അദ്ദേഹത്തില്‍ നിന്നു വാങ്ങി. വീണ്ടും 30000 രൂപ കൂടി കമ്പനി ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ അദ്ദേഹം ബ്രിട്ടീഷ് എംബസിയില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ലണ്ടനിലെ ജോലി സ്വീകരിക്കാന്‍ അദ്ദേഹം ദുബായിലുണ്ടായിരുന്ന ജോലി ഉപേക്ഷിക്കുകയും ചെയ്തു. ഇതേക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.