1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2011

മഹാഭാരതത്തില്‍ ദ്രൗപദിയെപ്പോലെയായിരുന്നു വാഷിങ്ടണ്ണിലെ എഫാര്‍ത സ്‌കൂളിലെ അധ്യാപകനായ ഗാരിയും. ദുശാസനനെ കൊല്ലും വരെ മുടികെട്ടില്ലെന്നായിരുന്നു ദ്രൗപദിയുടെ ശപഥമെങ്കില്‍ ലാദന്റെ കാര്യത്തില്‍ തീരുമാനമാകും വരെ താടിവടിയ്ക്കില്ലെന്നായിരുന്നു ഗാരിയുടെ പ്രതിജ്ഞ. ലാദന്‍ മരിച്ചുവെന്ന് ഉറപ്പായതോടെ ഏതാണ്ട് പത്ത് വര്‍ഷത്തിന് ശേഷം ഗാരി താടിയും വടിച്ചു.

വാഷിങ്ടണിലെ എഫാര്‍തയിലെ സ്‌കൂളില്‍ ജോലി ചെയ്യുന്ന ഗാരി, 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അല്‍ക്വയ്ദ ആക്രമണം നടത്തിയതോടെയാണ് ഉഗ്രശപഥമെടുത്തത്. ലാദനെ പിടികൂടുകയോ വധിയ്ക്കുകയോ ചെയ്യും വരെ താടിവടിയ്ക്കില്ലെന്നായിരുന്നു ഗാരിയുടെ ദ്രൗപദി ശപഥം.

പത്ത് വര്‍ഷത്തോളം താടിവടിയ്ക്കാതിരുന്നതോടെ അമ്പതുകാരനായ ഗാരിയുടെ താടി നെഞ്ചോളം വളര്‍ന്നിരുന്നു. തന്നെ ജൂനിയര്‍ലാദനെന്ന് വിളിച്ച് സഹപ്രവര്‍ത്തകര്‍ കളിയാക്കുമായിരുന്നുവെന്ന് ഗാരി പറയുന്നു.

ലാദന്റെ മരണം അറിഞ്ഞയുടന്‍ ഗാരി തിടുക്കത്തില്‍ കുളിമുറിയിലേക്ക് കയറി താടിവടിയ്ക്കുകയായിരുന്നു. പ്രസിഡന്റ് ഒബാമ ഭീകരന്റെ മരണം സ്ഥിരീകരിയ്ക്കും മുമ്പെ ഗാരി തന്റെ ശപഥം നിറവേറ്റി. അതിനിടെ ഈ അപൂര്‍വ നിമിഷം നേരില്‍ക്കാണാനായി അയല്‍വാസികളും സുഹൃത്തുക്കളും ഗാരിയുടെ വീട്ടിലേക്ക് ഓടിയെത്തുകയും ചെയ്തു.

അങ്ങനെ 3454 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഗാരി താടി വടിച്ചപ്പോള്‍ കൂട്ടുകാര്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. നീണ്ട താടി പോയപ്പോള്‍ ഗാരിയുടെ ഭാര്യ ഡൊനിറ്റയ്ക്കും സന്തോഷമായി. ഗാരിയ്ക്ക് പത്ത് വയസ്സെങ്കിലും കുറഞ്ഞുവെന്നാണ് ഭാര്യയുടെ കമന്റ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.