1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2011

നിഷ ഉതുപ്പ് കുടിലില്‍

ഓരോ ലിവര്‍പൂള്‍ മലയാളിക്കും നെഞ്ചിലേറ്റി അഭിമാനിക്കുവാന്‍ അവിസ്മരണീയമായ ദൃശ്യവിസ്മയങ്ങള്‍ സമ്മാനിച്ച് ലിമ ചില്‍ഡ്രന്‍സ് ആന്‍ഡ് യൂത്ത് ഫെസ്റ്റ് ആഹ്ലാദാരവങ്ങളോടെ സമാപിച്ചു. ലിവര്‍പൂളിലെ വിവിധ അസോസിയേഷനുകളുടെ മതില്‍ക്കെട്ടുകള്‍ക്ക് അതീതമായ സഹവര്‍ത്തിത്വത്തിന് ലിമ ആരവം വേദിയായി.

ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് ശനിയാഴ്ച രാവിലെ ഒന്‍പതിന് സെന്റ് ജോണ്‍ ബോസ്‌കോ ഓഡിറ്റോറിയത്തില്‍ ലിമ ആരവത്തിന് തിരി തെളിഞ്ഞു. പ്രസിഡന്റ് ടിജോ തോമസ് ഭദ്രദീപം കൊളുത്തി ആരവം ഉദ്ഘാടനം ചെയ്തു. ഒരേ സമയം മൂന്നു വേദികളിലായി സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കളറിങ്, പെയ്ന്റിങ്, മോണോ ആക്ട്, പ്രസംഗം, ശാസ്ത്രീയനൃത്തം ലളിതഗാനം തുടങ്ങി പതിനഞ്ചോളം ഇനങ്ങളില്‍ നൂറ്റിയറുപതോളം പ്രതിഭകള്‍ മാറ്റുരച്ചു.

പ്രസംഗം, നൃത്തം തുടങ്ങിയ ഇനങ്ങളില്‍ ഉജ്വല പ്രകടനമാണ് മല്‍സരാര്‍ഥികള്‍ കാഴ്ചവച്ചത്. ജൂനിയര്‍ വിഭാഗത്തിലെ വിവിധ ഇനങ്ങളില്‍ മല്‍സരിച്ച് സീനിയര്‍ വിഭാഗവുമായി ഇഞ്ചോടിഞ്ച് പോരാടി ഏറ്റവും കൂടുതല്‍ പോയിന്റോടെ ഷാര്‍ലറ്റ് – ജയ്‌സണ്‍ ലിമ കലാതിലകപട്ടം സ്വന്തമാക്കി. ചലച്ചിത്രതാരം പ്രിയ ലാലില്‍ നിന്നും ലിമ പ്രശസ്തി പത്രവും മെമന്റോയും ഡൊമിനിക് സോളിസിറ്റേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും ഷാര്‍ലറ്റ് ജയ്‌സണ്‍ ഏറ്റുവാങ്ങി.

ലിമ കലാതിലകം റണ്ണര്‍ അപ് ട്രോഫി തുല്യ പോയിന്റുകളോടെ വിജയം നേടിയ നിക്കി പോള്‍, അനഘ, ജേക്കബ് തച്ചില്‍ എന്നിവര്‍ പങ്കിട്ടു. വിദഗ്ധ ജൂറി തിരഞ്ഞെടുത്ത വിജയികള്‍ക്ക് പ്രിയ ലാല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലിമ എജ്യുക്കേഷനല്‍ അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയ കിം, ടെസ് എന്നിവര്‍ക്ക് ലിവര്‍പൂള്‍ എംപി സ്റ്റീഫന്‍ ട്വിഗ് സമ്മാനിച്ചു. ലിമ എക്‌സ്ട്രാ കരിക്കുലര്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് നോര്‍ത്ത് വെസ്റ്റ് ഇന്റര്‍ സ്‌കൂള്‍ പ്രസംഗ മല്‍സര ജേതാവ് ക്രിസ്റ്റി തോമസ് എംപി സ്റ്റീഫന്‍ ട്വിഗില്‍ നിന്നും ഏറ്റുവാങ്ങി. ലിമയുടെ യുവജനവിഭാഗം യുവയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രിയ ലാല്‍ നിര്‍വഹിച്ചു. യൂത്ത് വിങ് കോ – ഓര്‍ഡിനേറ്റര്‍ മെലീസ ഇമ്മാനുവല്‍ യുവ വിഷന്‍ അവതരിപ്പിച്ചു.

എംപി സ്റ്റീഫന്‍ ട്വിഗ് ലിമയുടെ നവസംരംഭത്തിന് എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ജോയി അഗസ്തി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യുവ അവതരിപ്പിച്ച മറ്റനവധി കലാപരിപാടികളും ലിമ ആരവത്തിന് മേളക്കൊഴുപ്പേകി. ലിവര്‍പൂളിലെ എല്ലായിടങ്ങളില്‍ നിന്നുമുള്ള കുട്ടികളും പങ്കെടുത്ത ചില്‍ഡ്രന്‍സ് ഫെസ്റ്റ് മല്‍സരത്തിനുമപ്പുറം കുരുന്നുമനസ്സുകളിലും യുവഹൃദയങ്ങളിലും അതീവ ഹൃദ്യമായ സൗഹൃദ കൂട്ടായ്മയുടെ ആഹ്ലാദാരവങ്ങളാണ് ഉണര്‍ത്തിയത്. വൈകിട്ട് ഏഴോടെ ലിമ ആരവം കൊടിയിറങ്ങി. ഷാജു ഉതുപ്പ് കുടിലില്‍ നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.