1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2011

ഇന്ത്യന്‍ കാര്‍ വിപണി കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഗവേഷണ രംഗം ശക്തിപ്പെടുത്താന്‍ ഇന്ത്യയിലെ കാര്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ ഗവേഷണ – വികസന വിഭാഗത്തിലേക്ക് വന്‍ തോതില്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു.

മാരുതി സുസുക്കി, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായ് എന്നീ കമ്പനികളാണ് വന്‍തോതിലുള്ള നിയമനങ്ങള്‍ക്ക് ഒരുങ്ങുന്നത്. ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിന്നായിരിക്കും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുക. അതേസമയം, മാരുതിയും മഹീന്ദ്രയും യു.എസ്., യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ഗവേഷകരെ നിയമിക്കും.

യാത്രാ വാഹന വില്‍പന 2015 ഓടെ 50 ലക്ഷം യൂണിറ്റും 2020ഓടെ 90 ലക്ഷവുമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ 19.5 ലക്ഷം യാത്രാവാഹനങ്ങളാണ് വില്‍ക്കുന്നത്. ആഭ്യന്തര വില്‍പനയ്‌ക്കൊപ്പം കയറ്റുമതിയിലും മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

2009ല്‍ അമേരിക്കന്‍ കാര്‍ വിപണി 30 ശതമാനം ഇടിഞ്ഞപ്പോള്‍ മഹീന്ദ്ര ഒരു ഡസന്‍ എന്‍ജിനീയര്‍മാരെയും മാരുതി സുസുക്കി എട്ട് പേരെയും റിക്രൂട്ട് ചെയ്തിരുന്നു. 8-10 എന്‍ജിനീയര്‍മാരെ കൂടി റിക്രൂട്ട് ചെയ്യാനിരിക്കുകയാണ് മാരുതി.

മാരുതി ഈ വര്‍ഷം എല്ലാ വിഭാഗങ്ങളിലുമായി മൊത്തം 1,500 പേരെ നിയമിക്കുമെന്ന് മാനേജിങ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.വൈ.സിദ്ദീഖി പറഞ്ഞു. മാരുതി സുസുക്കിയുടെ മാതൃകമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ജപ്പാനു പുറത്തുള്ള ആദ്യ സമ്പൂര്‍ണ ഗവേഷണ വികസന കേന്ദ്രം ഇന്ത്യയില്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.

അമേരിക്കയില്‍ നിന്നുള്ള കൂടുതല്‍ ഗവേഷകരെ തങ്ങള്‍ തേടുകയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവിന്റെ ഹ്യൂമന്‍ ക്യാപ്പിറ്റല്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് പ്രിന്‍സ് അഗസ്റ്റിന്‍ അറിയിച്ചു. ഗവേഷണം, രൂപകല്പന, എന്‍ജിനീയറിങ് മേഖലകളിലേക്കാണിത്. വിവിധ വകുപ്പുകളിലേക്കായി മൊത്തം 600ലേറെ പേരെ നിയമിക്കാനാണ് മഹീന്ദ്ര ഒരുങ്ങുന്നത്.

അതേസമയം, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയും വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല. ജനറല്‍ മോട്ടോഴ്‌സ് മൊത്തം 500 ഓളം പേരെ നിയമിക്കും.

ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് കാര്‍ കമ്പനികളിലെ ഗവേഷണ വിഭാഗത്തില്‍ ഏറ്റവുമധികം അവസരം ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.