1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2011

തിരുവനന്തപുരം: ‘പോയവരൊക്കെ തിരിച്ചുവന്നോണ്ടിരിക്കുമ്പം സ്റ്റീഫന്‍ പോയാല്‍ എവിടെവരെപ്പോകാനാ?’ സ്റ്റീഫന്‍ ജോര്‍ജ് കേരള കോണ്‍ഗ്രസില്‍(എം) നിന്നു രാജിവച്ച് കടുത്തുരുത്തിയില്‍ ഇടതു സ്വതന്ത്രനായി മല്‍സരിക്കുന്നുവെന്ന വിവരം കേട്ടപ്പോള്‍ വളരെയടുത്ത ഒരു നേതാവിനോട് കെ.എം.മാണി പറഞ്ഞതാണിത്. സ്റ്റീഫന്റെ രാജിയെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍പ്പിലേക്ക് എന്നൊക്കെ വാര്‍ത്തകേട്ടപ്പോള്‍ അവഗണനയോടെയുള്ള പതിവു ചിരിയായിരുന്നു മാണിയുടെ പ്രതികരണം.

പിളരുംതോറും വളരുന്ന പാര്‍ട്ടിയെന്ന സിദ്ധാന്തം അവതരിപ്പിച്ച മാണിസാറിനെ പിളര്‍പ്പിന്റെ ഉമ്മാക്കി കാട്ടി ആരുമിനി പേടിപ്പിക്കേണ്ടെന്നുതന്നെയാണ് ഉറ്റ അനുയായികള്‍ പറയുന്നത്. കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ സ്ഥാനാര്‍ഥിയായതുകൊണ്ട് മോന്‍സ് ജോസഫിനു ഭീഷണിയുണ്ടാകുമെന്നും കേരള കോണ്‍ഗ്രസ് (എം) കരുതുന്നില്ല. കഴിഞ്ഞതവണ പാല നിയോജകമണ്ഡലത്തിലുണ്ടായിരുന്ന ചില പഞ്ചായത്തുകള്‍കൂടി കടുത്തുരുത്തിയോടു ചേര്‍ക്കപ്പെട്ടതിനാല്‍ തങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിച്ചുവെന്നാണ് മാണി വിഭാഗം പറയുന്നത്.

മാത്രമല്ല, സ്റ്റീഫന്‍ ജോര്‍ജ് മാത്രമേ പാര്‍ട്ടി വിട്ടിട്ടുള്ളുവെന്നും സ്റ്റീഫനോടൊപ്പം പ്രവര്‍ത്തകരാരും പോയിട്ടില്ലെന്നും മാണിക്കാര്‍ പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പോയാല്‍ മാത്രമേ പിളര്‍പ്പായി കാണാനൊക്കുകയുള്ളുവെന്നും സ്റ്റീഫന്‍േറത് വെറും കൂറുമാറ്റം മാത്രമാണെന്നുമാണ് അവരുടെ പക്ഷം. ജോസഫ് ഗ്രൂപ്പു വഴി പാര്‍ട്ടിക്കു ലഭിച്ച ശക്തിയുടെ നേരിയൊരംശംപോലും ചോര്‍ത്താന്‍ സ്റ്റീഫനു സാധിക്കില്ലെന്ന് അവര്‍ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പുഫലം വന്നുകഴിയുമ്പോള്‍ സ്റ്റീഫന്‍ തങ്ങള്‍ക്കൊപ്പം തിരിച്ചുവരുമെന്നും അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

പത്തനംതിട്ട ജില്ലയില്‍ ഇല്ലാതായ കല്ലൂപ്പാറ നിയോജകമണ്ഡലത്തില്‍ 1991 മുതല്‍ മല്‍സരരംഗത്തുള്ളയാളാണ് ജോസഫ്. എം. പുതശ്ശേരി. 96ല്‍ മാത്രം കേരള കോണ്‍ഗ്രസ് (ജെ) സ്ഥാനാര്‍ഥി ടി.എസ് ജോണിനോടു പരാജയപ്പെട്ടു. അതും വെറും 172 വോട്ടുകള്‍ക്ക്. മാണി വിഭാഗക്കാരനായ മാമ്മന്‍ മാത്യു തുടര്‍ച്ചയായി മൂന്നുതവണ മല്‍സരിച്ചു ജയിച്ച തിരുവല്ലയില്‍ കഴിഞ്ഞതവണ മല്‍സരത്തിനിറങ്ങിയ വിക്ടര്‍ ടി. തോമസിന് ജനതാദളിലെ മാത്യു ടി. തോമസിനോട് പരാജയപ്പെട്ട് മണ്ഡലം ഇടതുമുന്നണിക്കു വിട്ടു കൊടുക്കേണ്ടി വന്നു. എന്നിട്ടും കല്ലൂപ്പാറയിലെ സിറ്റിംഗ് എം.എല്‍.എയായ ജോസഫ് എം. പുതുശ്ശേരിക്ക് മാണി തിരുവല്ല നല്‍കിയില്ല.

ചങ്ങനാശ്ശേരിയില്‍ യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ജോബ് മൈക്കിളിന്റെ പേര് ശക്തമായി ഉയര്‍ന്നു വന്നെങ്കിലും അവസാനം സി.എഫ്. തോമസിനെതന്നെ ഒരിക്കല്‍കൂടി രംഗത്തിറക്കാമെന്നാണ് കെ.എം.മാണിയുടെ അന്തിമ തീരുമാനം. ജോബിനെ തളിപ്പറമ്പിലേക്കയക്കുകയും ചെയ്തു. പേരാമ്പ്രയില്‍ 1996ല്‍ മല്‍സരത്തിനിറങ്ങി പരാജയപ്പെട്ട റോഷി അഗസ്റ്റിന് പിന്നീട് ഇടുക്കി സീറ്റ് തീറു നല്‍കിയതാണ് തളിപ്പറമ്പു സ്വീകരിക്കാന്‍ ജോബിനു പ്രേരണയായതെന്നാണ് സംസാരം. വരുംകാല തിരഞ്ഞെടുപ്പുകളില്‍ മാണിസാര്‍ തന്നെ കൈവിടില്ലെന്നു ജോബ് കരുതിയിരിക്കണം.

കേരള കോണ്‍ഗ്രസിനു ലഭിച്ച വടക്കന്‍ കേരളത്തിലെ ബാക്കി രണ്ടു സീറ്റുകളും കാര്യമായ പ്രതീക്ഷ വച്ചുപുലര്‍ത്താനാകാത്തവയായതിനാല്‍ അവയ്ക്കുവേണ്ടി പാര്‍ട്ടിയില്‍ വലിയ തര്‍ക്കമൊന്നുമുണ്ടായില്ല.
പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തേയും തൃപ്തിപ്പെടുത്താന്‍ ജംബോ ഭാരവാഹിപ്പട്ടിക പുറത്തിറക്കിയതുപോലൊരു ഫോര്‍മുല  സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാലിക്കാന്‍ കെ.എം.മാണിക്കു സാധിച്ചില്ല.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ജോസഫ് വിഭാഗത്തിനേയും പി.സി ജോര്‍ജിനേയും ആനയിച്ചു പൂമുഖത്തിരുത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് പാര്‍ട്ടിക്കു കിട്ടിയത്.

ഇത് തിരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ കൂടുതല്‍ കടുക്കുമോ എന്ന ഭയം കേരളകോണ്‍ഗ്രസിനെ പിടികൂടിയിട്ടുമുണ്ട്.

കേരളകോണ്‍ഗ്രസിന്റെ വിമതരെന്നു തത്വത്തില്‍ പറയാവുന്ന മൂന്നുപേരാണ് ഇത്തവണ മാണി കോണ്‍ഗ്രസുകാരെ ഗോദായില്‍ വെല്ലുവിളിക്കുന്നത്. കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്, പൂഞ്ഞാറില്‍ മോഹന്‍ തോമസ്, തൊടുപുഴയില്‍ ജോസഫ് അഗസ്റ്റിന്‍. തിരുവല്ലയില്‍ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ട ജോസഫ് എം. പുതുശ്ശേരിയില്‍ നിന്നുള്ള ഭീഷണിയും വളരെ ശക്തമാണ്.

കേരളാകോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ വീണ്ടും മല്‍സരത്തിനിറങ്ങുന്ന സി.എഫ്. തോമസിന്റെ കോലം യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചു. തനിക്ക് തിരുവല്ലയില്‍ സീറ്റു നിഷേധിച്ചതിനെതിരെ ജോസഫ് എം. പുതുശ്ശേരി പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. പാര്‍ട്ടിയുടെ സിറ്റിംഗ് എം.എല്‍.എമാരില്‍ സീറ്റില്ലാത്തത് പുതുശ്ശേരിക്കു മാത്രമാണ്. പുതുശ്ശേരിയെ തണുപ്പിക്കാന്‍ കെ.എം. മാണി മറ്റുചില നേതാക്കള്‍ വഴി അനുനയശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

കടുത്തുരുത്തിയില്‍ സീറ്റു കിട്ടാത്തതിനെതുടര്‍ന്ന് സ്റ്റീഫന്‍ ജോര്‍ജ് ഇടതു പിന്തുണയോടെ റിബലായി രംഗത്തെത്തിയതിനു പിന്നാലെയാണ് പൂഞ്ഞാറില്‍ പി.സി ജോര്‍ജിന്റെ വിശ്വസ്തനായിരുന്ന മോഹന്‍ തോമസിനെ പിന്തുണയ്ക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചത്. തൊടുപുഴയില്‍ ഒരു കാലത്ത് പി.ജെ. ജോസഫിന്റെ വിശ്വസ്തനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റു വരെയാകുകയും ചെയ്ത ജോസഫ് അഗസ്റ്റിനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്.

പി.ജെ.ജോസഫിന്റെ വരവോടെ ശക്തിപ്പെട്ടെന്നു കരുതിയിരുന്ന പാര്‍ട്ടി മുന്‍കാലെത്തെങ്ങുമുണ്ടാകാത്ത വിമത ഭീഷണിക്കാണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. കോട്ടയം ജില്ലയില്‍ പല ത്രിതലപഞ്ചായത്തുകളിലും ഇപ്പോഴും മാണിയുടെ ആധിപത്യം അംഗീകരിക്കാത്ത കോണ്‍ഗ്രസിന്റെ പാലംവലിക്കല്‍ ഭീഷണിയും കെ.എം.മാണിയെ അസ്വസ്ഥനാക്കുന്നുണ്ട്. സ്റ്റീഫന്റെ കൂറുമാറ്റത്തെ ചിരിച്ചുതള്ളുമ്പോഴും കേരള കോണ്‍ഗ്രസുകാരുടെ ഉള്ളില്‍ നിന്ന് ആശങ്ക വിട്ടുമാറിയിട്ടില്ലെന്നര്‍ഥം. ഇടതുഭരണകാലത്ത് മൂന്ന് കേരള കോണ്‍ഗ്രസുകളിലുമായി വിജയിച്ച 11 സീറ്റുകളില്‍ ഒരെണ്ണമെങ്കിലും ഇത്തവണ നഷ്ടമായാല്‍ തുടര്‍ന്നുള്ള തന്റെ വിലപേശലിന് കോണ്‍ഗ്രസ് കടിഞ്ഞാണിടുമെന്ന് മാണിക്കറിയാം. അതു തടുക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് കെ.എം.മാണിയിപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.