1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2011


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി ഷിപ്പിങ് കോര്‍പ്പറേഷന്‍ അടക്കം 19 കമ്പനികള്‍ താല്പര്യപത്രം വാങ്ങിയിട്ടുണ്ടെന്ന് മന്ത്രി വി. സുരേന്ദ്രന്‍ പിള്ള അറിയിച്ചു. ജനവരി പത്തിന് താല്പര്യപത്രം തുറന്ന് ഒരുമാസത്തിനുള്ളില്‍ ഓപ്പറേറ്ററെ നിശ്ചയിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുക്കുമെന്നതിനാലാണ് കൂടുതല്‍ കമ്പനികള്‍ രംഗത്തുവന്നത്. 450 കോടി രൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിനായി മുടക്കുന്നത്. തുറമുഖ നിര്‍മാണത്തിന് പണം അനുവദിക്കുന്നത് സംബന്ധിച്ച് എസ്.ബി.ടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുംബൈയില്‍ യോഗം ചേരും. ഇതില്‍ ഷിപ്പിങ് സെക്രട്ടറി പങ്കെടുക്കുന്നുണ്ട്.

വാര്‍ഫിലേക്ക് 45 മീറ്റര്‍ വീതിയില്‍ 600 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മിക്കുന്നത്. കോവളം -കളിയിക്കാവിള റോഡ് ഏതാണ്ട് പൂര്‍ത്തീകരണ ഘട്ടത്തിലാണ്. റെയില്‍വേപ്പാത നിര്‍മിക്കുന്നതിനുള്ള അലൈന്‍റ്‌മെന്‍റ് തീരുമാനിക്കുന്നത് റെയില്‍വികാസ് നിഗം ലിമിറ്റഡ് എന്ന റെയില്‍വേയുടെ തന്നെ കമ്പനിയാണ്. അവരുമായുള്ള ചര്‍ച്ചകളും പുരോഗമിച്ചുവരികയാണ്.

വൈദ്യുതി വകുപ്പ് നേരിട്ട് 250 മെഗാവാട്ടിന്റെ ലൈന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളായണി കായലില്‍ നിന്നാകും തുറമുഖത്തിന് ആവശ്യമായ കുടിവെള്ളം ശേഖരിക്കുക. പുനരധിവാസ നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഉടമകള്‍ക്ക് പണം നല്‍കി വീടും സ്ഥലവും സര്‍ക്കാര്‍ വാങ്ങുകയാണ്. വീട് പൊളിച്ചെടുക്കുന്നതിനായി ചില ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.