1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2011

യു കെ മലയാളിയുടെ ജീവിതത്തില്‍ ധ്യാനങ്ങള്‍ക്കും പ്രാര്‍ത്ഥന കൂട്ടായ്മകള്‍ക്കും ഉള്ള പ്രാധാന്യം വളരെ വലുതാണ്‌.തലമുറകളായി വിശ്വാസത്തില്‍ അടിയുറച്ച അച്ചടക്കമുള്ള ജീവിതം നയിച്ചതു മൂലമാണ് നമ്മളില്‍ പലര്‍ക്കും ഇത്രയും ഉയരങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിച്ചതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.നിര്‍ഭാഗ്യവശാല്‍ ആ വിശ്വാസം അതേപടി കാത്തു സൂക്ഷിക്കാനുള്ള സാഹചര്യം യു കെയില്‍ കുറവാണ്.അതുകൊണ്ടുതന്നെ മുതിര്‍ന്നവര്‍ക്ക് വിശ്വാസത്തില്‍ ആഴപ്പെടാനും വരും തലമുറയിലേക്ക് വിശ്വാസ ദീപ്തി പകരാനും ധ്യാനങ്ങളും പ്രാര്‍ത്ഥന കൂട്ടായ്മകളും തികച്ചും ആവശ്യമാണ്.എന്നാല്‍ ചുരുക്കം ചിലരെങ്കിലും ഇതിനെ ഒരു കച്ചവടക്കണ്ണോടെ കണ്ടു തുടങ്ങിയിരിക്കുന്നുവെന്നു ബോധ്യപ്പെട്ടതിനാലാണ് പ്രകാശ്‌ ജോസഫ്‌ എഴുതിയ ഈ ലേഖനം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

എഡിറ്റോറിയല്‍ ബോര്‍ഡ്‌ – എന്‍ ആര്‍ ഐ മലയാളി

വിശ്വാസം വില്‍പ്പനച്ചരക്കാവുമ്പോള്‍ ………

കേരളത്തില്‍ ഇത് പരസ്യങ്ങളുടെ കാലമാണ്. എന്തിനും ഏതിനും പരസ്യത്തിനു പണം മുടക്കാന്‍ മലയാളിക്ക് മടിയില്ല.നാലു പേരുള്ള പാര്‍ട്ടിയുടെ പ്രാദേശിക നേതാവായി തിരഞ്ഞെടുക്കപ്പെട്ടാലും സ്വന്തമായി ഏര്‍പ്പെടുത്തിയ പുരസ്ക്കാരം സ്വന്തമായി വാങ്ങിയാലും സ്വന്തം തിരുമുഖം അഞ്ഞൂറു രൂപ മുടക്കി ഫ്ലെക്സ്‌ ബോര്‍ഡില്‍ അച്ചടിച്ചു തൂക്കുന്ന സാദാ മലയാളി മുതല്‍ മിനിട്ടിനു ലക്ഷങ്ങള്‍ വാങ്ങുന്ന ടി വി പരസ്യങ്ങള്‍ക്ക് പണം മുടക്കുന്ന വന്‍ കിട ബിസിനസുകാര്‍ വരെ പയറ്റുന്നത് ഒരേ മാര്‍ക്കെറ്റിംഗ് തന്ത്രമാണ്.

പരസ്യങ്ങള്‍ ശരാശരി മലയാളിയുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌.പഴയകാലത്തെ ചുവരെഴുത്തുകളില്‍ തുടങ്ങി ഇപ്പോള്‍ പ്രചാരത്തിലുള്ള ഓണ്‍ലൈന്‍ ബാനറുകള്‍ വരെ പരസ്യങ്ങള്‍ പല രൂപത്തിലും ഭാവത്തിലും നമ്മുടെ മുന്നിലെത്തുന്നു.ബിസിനസുകാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിറ്റഴിക്കാന്‍ കോടികള്‍ ചിലവാക്കുമ്പോള്‍ സ്വാഭാവികമായും അതിലൊരു ലാഭേച്ഛയുണ്ടെന്നു സ്പഷ്ടം.പരസ്യത്തിനായി മുടക്കുന്നതിന്റെ നാലിരട്ടി പണം ഉപഭോക്താവില്‍ നിന്നും കച്ചവടക്കാര്‍ തിരിച്ചു പിടിച്ചിരിക്കും.

പരസ്യങ്ങള്‍ക്കൊപ്പം കൊടുക്കുന്ന വാചകങ്ങള്‍ക്ക് വളരെ പ്രാധാന്യമാണുള്ളത്. വിശ്വാസം അതല്ലേ എല്ലാം എന്നാണ് കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണ്ണക്കടയുടെ പരസ്യം പറയുന്നത്. പരസ്യം പറയുന്നത് സ്വര്‍ണ്ണത്തിന്റമേല്‍ വാങ്ങുന്നവന്‍ ഏല്‍പ്പിക്കുന്ന വിശ്വാസത്തെക്കുറിച്ചാണെങ്കില്‍, വിശ്വാസം തന്നെയാണ് എല്ലാമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ജനങ്ങള്‍ക്ക് വിശ്വാസം കൂടാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് പുതിയ കാര്യമൊന്നുമല്ല. എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും വിശ്വാസം വല്ലാതെ കൂടിയിരിക്കുന്നു.

ഈ വിശ്വാസക്കച്ചവടത്തിലെ സാധ്യതകള്‍ മനസിലാക്കിയിട്ടോ അതോ ഈ രംഗത്തെ കിടമല്‍സരത്തില്‍ പിടിച്ചു നില്‍ക്കാനോ.എന്താണെന്നറിയില്ല ചുരുക്കം ചില ആത്മീയ നേതാക്കന്മാരെങ്കിലും തങ്ങളുടെ വിശ്വാസത്തെ വില്‍ക്കാന്‍ പരസ്യങ്ങളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.ആളുകളെ ആകര്‍ഷിക്കാന്‍ ചൈതന്യ വര്‍ഷം,അനുഗ്രഹപ്പെരുമഴ,അത്ഭുത രോഗശാന്തി തുടങ്ങിയ ഉശിരന്‍ പരസ്യ വാചകങ്ങള്‍ ആണ് ആത്മീയ ബിസിനസുകാര്‍ തങ്ങളുടെ പരസ്യങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നത്.

മുമ്പെങ്ങുമില്ലാത്ത മട്ടില്‍ യാഗങ്ങളും സപ്താഹയജ്ഞങ്ങളും ധ്യാനങ്ങളും മതസമ്മേളനങ്ങളും നടക്കുന്നു. സമാധാനത്തിനുവേണ്ടിയുള്ള യാഗങ്ങള്‍, രോഗശാന്തി ശുശ്രൂഷകള്‍ എന്നിങ്ങനെ കാര്യങ്ങള്‍ പൊടിപ്പൊടിക്കുകയാണ്. കേരളത്തിലിപ്പോള്‍ ഏത് മതവിഭാഗമാണ് കൂടുതല്‍ കാര്യമായി ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നതെന്ന് ഉത്തരം നല്‍കുക അത്ര എളുപ്പമല്ല. ഒരുവശത്ത് ശതകോടി അര്‍ച്ചനകളും മറ്റും നടത്തി കോടിക്കണക്കിന് രൂപ പൊടിപ്പൊടിക്കുമ്പോള്‍ മറുവശത്ത് പതിനായിരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള രോഗശാന്തി ശുശ്രൂഷയും അരങ്ങു തകര്‍ക്കുന്നുണ്ട്. പണ്ടു ചില ചാത്തന്‍ സേവക്കാര്‍ മാത്രമാണ് പരസ്യം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ പത്രങ്ങളും ഹോര്‍ഡിങ്ങുകളും നിറയുന്നത് മേല്‍പ്പറഞ്ഞ ആളുകളുടെ പരസ്യങ്ങള്‍ കൊണ്ടാണ്.

എന്തായാലും ഈ ആത്മീയ ബിസിനസുകാര്‍ പലരും കോടീശ്വരന്മാരും വന്‍ ഭൂപ്രഭുക്കന്മാരുമൊക്കെയായി. ഇതൊക്കെ കേരളത്തില്‍ നടക്കുന്ന സംഭവമാണെങ്കില്‍ വിദേശത്ത് താമസിക്കുന്ന മലയാളികളെയും ഇവര്‍ വേറുതെ വിടുന്നില്ല. കേരളത്തിലെ ആളുകള്‍ മുഴുവനും രക്ഷിക്കപ്പെട്ടത്‌ കൊണ്ടാണോ അതോ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതു കൊണ്ടാണോ എന്നറിയില്ല.ഇവര്‍ക്കെല്ലാം ഇപ്പോള്‍ പ്രിയം യു കെ അടക്കമുള്ള പണത്തിനു മൂല്യം കൂടുതലുള്ള രാജ്യങ്ങളാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇവര്‍ കേരളത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് വിദേശത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അടുത്ത കാലത്ത് മധ്യ ഇംഗ്ലണ്ടില്‍ നടന്ന ഒരു വചന ശുശ്രൂഷ ഉദാഹരണമായെടുക്കാം.ഹൈ ടെക് രീതിയില്‍ പ്രാക്റ്റിക്കല്‍ ദൈവവചനം പറയുന്ന ഒരു വ്യക്തിയായിരുന്നു ധ്യാനം നയിച്ചത്.കോടികളുടെ അനധികൃത സമ്പാദ്യം ഉണ്ടെന്നതിന്റെ പേരില്‍ അന്വേഷണം നേരിടുന്നയാളാണ് ഇദ്ദേഹം.ധ്യാനത്തിനു മാസങ്ങള്‍ക്കു മുന്‍പേ യു കെയിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മുഴുനീള പരസ്യങ്ങള്‍ വന്നു.സാധാരണ ധ്യാനങ്ങള്‍ക്ക് നല്‍കുന്ന പത്രക്കുറിപ്പുകള്‍ക്ക് പകരം വിവിധ ഭാഷകളില്‍ സംസാരിക്കുന്ന ഇദ്ദേഹത്തിന്‍റെ പരസ്യ ചിത്രങ്ങളാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്.

പള്ളികള്‍ പബ്ബുകളും തീയറ്റുകളും ഓഡിറ്റോറിയങ്ങളുമായി മാറിക്കൊണ്ടിരിക്കുന്ന യു കെ പോലുള്ള രാജ്യത്ത് വിശ്വാസത്തില്‍ ആഴപ്പെടാനും വളര്‍ന്നു വരുന്ന തലമുറയ്ക്ക് വിശ്വാസ തീഷ്ണത വളര്‍ത്തുവാനും ധ്യാനങ്ങളും പ്രാര്‍ത്ഥന കൂട്ടായ്മകളും തികച്ചും ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ചില ധ്യാനങ്ങളും പ്രാര്‍ത്ഥനാ സംഗമങ്ങളും എല്ലാ പരിധിയും വിട്ട് കച്ചവടമായി മാറിയിരിക്കുകയാണെന്ന കാര്യം പറയാതെ വയ്യ.ആയിരക്കണക്കിന് പൌണ്ട് ധ്യാന പരസ്യങ്ങള്‍ക്കു വേണ്ടി മുടക്കാന്‍ തയ്യാറാകുന്നവരുടെ ലക്ഷ്യം ധന സമ്പാദനം കൂടിയാണെന്ന് മനസിലാക്കാന്‍ രണ്ടു വട്ടം ആലോചിക്കേണ്ട കാര്യമില്ല.

ആത്മീയത പരസ്യം നല്‍കി വില്‍ക്കേണ്ട കച്ചവട ചരക്കല്ല.ദൈവ വചനം വില്‍ക്കപ്പെടുവാനുള്ളതുമല്ല.വിശ്വാസത്തെ ഉപഭോഗ വസ്തുവായി ചിത്രീകരിക്കുവാനുള്ള ഏതൊരു നീക്കത്തെയും ചെറുത്തു തോല്‍പ്പിക്കണം.ഇത്തരം ആത്മീയ കച്ചവടക്കാരെ നാം തിരിച്ചറിയണം.ദൈവങ്ങളുടെ പേരു പറഞ്ഞ് നമ്മുടെ അധ്വാനം പങ്കു പറ്റി മണിമാളികകള്‍ തീര്‍ക്കാന്‍ ഇവരെ നാം അനുവദിച്ചു കൂടാ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.