1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2011

കഴിഞ്ഞ കുറേനാളായി കളിക്കളത്തില്‍ ശ്രീശാന്തിന്റെ ക്ഷോഭം കാണാനില്ലായിരുന്നു. ഐപിഎല്‍ തുടങ്ങിയതില്‍പ്പിന്നെ ശ്രീശാന്തിന്റെ പെരുമാറ്റപ്രശ്‌നങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ക്യാപ്റ്റന്‍ മഹേല ജയവര്‍ധന പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച ശ്രീയുടെ ക്ഷോഭം മറനീക്കി പുറത്തുവന്നു. ഇത്തവണ ഇതു കളിക്കളത്തിലായിരുന്നില്ലെന്നുമാത്രം. ടീം കോച്ച് ജെഫ് ലോസണായിരുന്നു ഇത്തവണ ശ്രീയുടെ ക്ഷോഭത്തിന് ഇരയായത്.

റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ബാംഗഌരില്‍ നടന്ന മത്സരത്തിനു തൊട്ടുമുമ്പാണ് ശ്രീശാന്ത് നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചത്. ഞായറാഴ്ചത്തെ മത്സരത്തിനു മുമ്പ് ടീമംഗങ്ങളെ പ്രഖ്യാപിക്കുന്ന സ്ഥലമായിരുന്നു വേദി. ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ ടീം പ്രഖ്യാപനം നടത്തുമ്പോള്‍ അല്പമകലെ ശ്രീശാന്ത് നില്‍പുണ്ടായിരുന്നു. ഓഫ്‌സ്പിന്നര്‍ രമേഷ് പവാറിന്റെ പേരു വായിച്ചയുടന്‍ തന്നെ ശ്രീശാന്തിന്റെ മട്ടും ഭാവവും മാറി. ടീമംഗങ്ങളുടെ മുഴുവന്‍ പേരും വായിച്ചുതീര്‍ന്നതോടെ ഇക്കുറിയും താനുള്‍പ്പെട്ടിട്ടില്ലെന്ന് ശ്രീക്ക് ബോധ്യമായി. ഉടന്‍ തന്നെ തൊട്ടടുത്തു നിന്നിരുന്ന കോച്ച് ജെഫ് ലോസണോട് തട്ടിക്കയറുകയായിരുന്നു ശ്രീശാന്ത് ചെയ്തത്. ആദ്യമൊക്കെ ശ്രീശാന്തിന്റെ വാക്കുകള്‍ ക്ഷമയോടെ കേട്ടെങ്കിലും അല്പനേരം കഴിഞ്ഞപ്പോള്‍ കോച്ചും കര്‍ക്കശമായി സംസാരിച്ചുവത്രേ. പിന്നെ അല്പനേരത്തേക്ക് ഇരുവരും തമ്മില്‍ പൊരിഞ്ഞ വാഗ്വാദം തന്നെ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

കോച്ചിന്റെ മുഖത്തിനുനേരെ കൈചൂണ്ടിക്കൊണ്ട് ഉച്ചത്തില്‍ സംസാരിച്ച ശ്രീശാന്തിനെ അനുനയിപ്പിക്കാന്‍ ടീമംഗവും ലങ്കന്‍ താരവുമായ മുത്തയ്യ മുരളീധരന്‍ വരേണ്ടിവന്നുവെന്നാണ് കേള്‍ക്കുന്നത്. മുരളി ഏറെ കഷ്ടപ്പെട്ടാണ് ശ്രീശാന്തിനെ കോച്ചിന്റെ സമീപത്തു നിന്നു മാറ്റിയത്. ഈ സംഭവങ്ങളത്രയും ടെലിവിഷന്‍ കാമറകള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ സംഭവം വിവാദമാക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്തായാലും തങ്ങള്‍ പകര്‍ത്തി ദൃശ്യങ്ങള്‍ ചാനലുകളൊന്നും പുറത്തുവിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.