1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2011

ഇന്ത്യക്കാരുടെ പുണ്യനദിയായ ഗംഗാ നദി കാശി വിശ്വനാഥന്റെ വാരാണസി സ്‌നാനഘട്ടങ്ങളില്‍ നിന്നും അകലുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഏറെ പ്രശസ്തമായ ദശാശ്വമേധ് ഘട്ടിലെ അവസാന പടവിറങ്ങിയാലും ഒമ്പതടി അകലമുണ്ട് ഇപ്പോള്‍ വെള്ളത്തിലേക്ക്. രാജേന്ദ്രപ്രസാദ് ഘട്ടില്‍ അവസാന പടവില്‍ നിന്ന് ഏഴ് അടി അകലെയാണ് ഗംഗയൊഴുകുന്നത് അസി ഘട്ടിലും രാജ് ഘട്ടിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപവും നദിയുടെ ഗതി മീറ്ററുകള്‍ മാറിയാണ് ഒഴുകുന്നത്.

കാശി വിശ്വാനാഥന്റെ തീരങ്ങളില്‍ കൂടി എന്നും ഒഴുകിക്കൊള്ളാമെന്ന്് ഗംഗാദേവി സത്യം ചെയ്തിട്ടുണ്ടെന്ന് പുരാണങ്ങള്‍ പറയുന്നു. എന്നാല്‍ കലിയുഗത്തില്‍ ഗംഗാദേവിയ്ക്ക് ഈ വാക്കുപാലിയ്ക്കാന്‍ കഴിയുമോയെന്നാണ് ഭക്തര്‍ സംശയിക്കുന്നത്. കാശിയിലെ പഴമക്കാരുടെ കണ്ണില്‍ നദിക്ക് ഗതിമാറ്റം ദൃശ്യമാകുന്നത് ഇതാദ്യമാണ്.

രൂക്ഷമായ മലിനീകരണവും തീരങ്ങള്‍ ശരിയായി വൃത്തിയായി സൂക്ഷിയ്ക്കാത്തതുമാണ് നദി മാറിയൊഴുകാന്‍ കാരണമെന്ന് ഗംഗാ ആക്ഷന്‍ പ്ലാനുമായി സഹകരിയ്ക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നു.

ഗംഗാ തീരത്തു നിന്നു മാലിന്യങ്ങള്‍ നീക്കുന്നതിലോ ഇവിടേക്കു മാലിന്യം ഒഴുക്കുന്നതു തടയുന്നതിലോ വാരാണസി നഗരസഭാ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നു ഗംഗാ മഹാസഭാ നേതാവ് ആചാര്യ ജിതേന്ദ്ര പറയുന്നു.

ഗംഗയില്‍ അണക്കെട്ടുകളും തടയണകളും നിര്‍മിയ്ക്കുന്നത് നദിയുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. മൃതപ്രായായ ഗംഗയെ സംരക്ഷിയ്ക്കാന്‍ 36,448 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്. ഇത് ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ യമുന പോലൊരു അഴുക്കുചാലായി ഗംഗയും മാറുന്ന കാലം അതിവിദൂരമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.