1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2011


ക്യാപ്റ്റന്റെ കളി കളിച്ച ധോണി നിറഞ്ഞാടിയപ്പോള്‍ കപിലിന്റെ ചെകുത്താന്‍മാര്‍ക്ക് ശേഷം ഇന്ത്യയുടെ ചുണക്കുട്ടികള്‍ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടു. തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചതിന്റെ സര്‍വഖ്യാതിയും ധോണിയ്ക്ക് അവകാശപ്പെടാം.79 ബോളില്‍ നിന്നും 91 റണ്‍സെടുത്ത ധോണിയും 97 റണ്‍സെടുത്ത ഗംഭീറും ഇന്ത്യയെ വിജയ തേരില്‍ ഏറ്റുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു


കഴിഞ്ഞ IPL ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ കിരീടം ചൂടിപ്പിച്ച അതേ പ്രകടനം ധോണി പുറത്തെടുത്തപ്പോള്‍ ലോകകിരീടം ഇന്ത്യക്ക് സ്വന്തം.കുലസേഖരയുടെ ബോള്‍ സിക്സറിന് പറത്തിയാണ്‌ ധോണി ടീമിന്‍റെ വിജയ റണ്‍ നേടിയത്.ധോനിയാണ് മാന്‍ ഓഫ് ദ മാച്.ഇന്ത്യയുടെ യുവരാജ് സിങ്ങാണ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് .


അങ്ങിനെ ക്രിക്കറ്റ് ദൈവമായ സച്ചിന് വേണ്ടി ലോകകപ്പ് നേടുമെന്ന ടീം ഇന്ത്യയുടെ വാക്കുകള്‍ അന്വര്‍ത്ഥമായി.സച്ചിന്റെ ആറാമത് ലോകകപ്പ് മത്സരമായിരുന്നു ഇത്. വിജയാഹ്ലാദം നടത്തിയ ടീം അംഗങ്ങള്‍ സച്ചിനെ ചുമലിലേറ്റിയാണ് ഗ്രൌണ്ടിലെക്കിറങ്ങിയത്.നേരത്തെ 18 റണ്‍സുമായി തന്റെ അവസാന ലോകകപ്പ് മത്സരം കളിച്ച് സച്ചിന്‍ മടങ്ങിയപ്പോള്‍ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റു നിന്നാണ് ക്രിക്കറ്റ് ഇതിഹാസത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

 

തുടക്കത്തില്‍ പതറിയെങ്കിലും ഇന്ത്യയുടെ അത്ഭുതകരമായ തിരിച്ച് വരവിനു സാക്ഷ്യം വഹിച്ച കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ക്രിക്കറ്റിന്റെ ലോകകിരീടത്തില്‍ മുത്തമിട്ടത്.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 6 വിക്കറ്റ് നഷ്ട്ടത്തില്‍ 274 റണ്‍സെടുത്തു. പത്ത് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ വിജയം പൊരുതി നേടി,ഇതാദ്യമായാണ് ഒരു ആതിഥേയ രാജ്യം ലോകകിരീടം സ്വന്തമാക്കുന്നത്.


നേരത്തെ സെവാഗിനെയും (0) സച്ചിന്‍ തെണ്ടുല്‍ക്കറെയും (18) പവലിയനിലേയ്ക്ക് മടക്കിക്കൊണ്ടാണ് മലിംഗ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് ഭീഷണിയായിരുന്നു. സെഞ്ച്വറിയില്‍ സെഞ്ച്വറി തികയ്ക്കാന്‍ ഒരുങ്ങിയ സച്ചിന്‍ ഏഴാം ഓവറില്‍ പുറത്താകുമ്പോള്‍ 31 റണ്‍സ് മാത്രമായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. കോഹ്ലി 35 റണ്‍സെടുത്തു പുറത്തായി.21 റണ്‍സെടുത്ത യുവരാജ് ധോനിക്കൊപ്പം പുറത്താകാതെ നിന്നു.


ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 6 വിക്കറ്റ് നഷ്ട്ടത്തില്‍ 274 റണ്‍സെടുത്തു.103 റണ്‍സെടുത്ത ജയവര്‍ധനയാണ് ശ്രീലങ്കയെ മികച്ച സ്കോര്‍എടുക്കാന്‍ സഹായിച്ചത്.തുടക്കത്തില്‍ പതറിയെങ്കിലും ക്ഷമയോടെ ബാറ്റ് ചെയ്ത ശ്രീലങ്കന്‍ ടീം ഇന്ത്യക്കെതിരെ മികച്ച സ്കോര്‍ പടുത്തുയര്‍ത്തി.ദില്‍ഷന്‍ (33), സംഗകാര (48), സമരവീര (21), കുലശേഖര (32) എന്നിവര്‍ തങ്ങളുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചു. അവസാന ഓവറുകളില്‍ ബാറ്റ് ചെയ്ത പെരേര 9 ബോളില്‍ നിന്നും 22 റണ്‍സെടുത്തു.സഹീര്‍ ഖാന്‍റെ അവസാന ബോള്‍ സിക്സര്‍ അടിച്ചാണ് പെരേര ഇന്നിങ്ങ്സ് അവസാനിപ്പിച്ചത്.

ശ്രീശാന്ത് ഒഴികെയുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ താരതമ്യേന മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. 8 ഓവര്‍ എറിഞ്ഞ ശ്രീശാന്ത് 52 രണ്‍സ് വിട്ടു കൊടുത്തു.സഹീര്‍ ,യുവരാജ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.ഹര്‍ബജന്‍ ഒരു വിക്കറ്റ് നേടിയപ്പോള്‍ ഒരു ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ റണ്‍ ഔട്ടായി .ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.