1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2011

അപ്പച്ചന്‍ കണ്ണന്‍ചിറ

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ അല്മായ സന്ദര്‍ശനത്തിനും സമ്മേളനങ്ങള്‍ക്കും യൂറോപ്പില്‍ ഇന്ന് തുടക്കമാകും. പ്രഥമഘട്ടം ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ലണ്ടനില്‍ എത്തിച്ചേരുന്ന അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിനും, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനും ഹീത്രൂ വിമാനത്താവളത്തില്‍ ലണ്ടനിലെ സീറോ മലബാര്‍ സഭ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറടിയിലിന്റെയും അല്മായ പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 15ന് ലണ്ടന്‍, 16ന് മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനവും സമ്മേളനവും നടക്കും.

17ന് വാല്‍സിങ്ങാമിലെ മരിയന്‍ തീര്‍ത്ഥാടനത്തില്‍ പതിനായിരത്തോളം സീറോ മലബാര്‍ സഭ വിശ്വാസികള്‍ പങ്കെടുക്കും. സമൂഹബലിക്കുശേഷം അല്മായ സമ്മേളനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വ്വഹിക്കും. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ഫാ.മാത്യു വണ്ടാനക്കുന്നേല്‍ എന്നിവര്‍ സംസാരിക്കും.

18ന് കേംബ്രിഡ്ജ് സെന്റ് ഫിലിപ്പ് ഹൊവാര്‍ഡ് ചര്‍ച്ചില്‍ വൈകുന്നേരം 5.30ന് സമൂഹബലിയും അല്മായ സമ്മേളനവും നടക്കും. 19ന് ഗവണ്‍മെന്റ് അധികാരികളും സഭാധ്യക്ഷന്മാരുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.

ജൂലൈ 20,21,22 തീയതികളിലായി സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലും ഈഡന്‍ബര്‍ഗിലുമായി അല്മായ സമ്മേളനങ്ങള്‍ ചേരും. വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രി മിസ്സ്. നിക്കോള സര്‍ജന്‍, മദര്‍വെല്‍ രൂപത ബിഷപ്പ് ജോസഫ് ഡിവൈന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ ശ്രീ അനില്‍കുമാര്‍ ആനന്ദ് എന്നിവര്‍ മാര്‍ അറയ്ക്കലിനെ ഔപചാരിക കൂടിക്കാഴ്ച നടത്തും. സമ്മേളനങ്ങള്‍ക്ക് ഗ്ലാസ്‌ഗോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ.ജോയി ചേറാടിയില്‍, മദര്‍ വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ.സെബാസ്റ്റ്യന്‍ കല്ലത്ത് അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 23ന് ലങ്കാസ്റ്റര്‍ അതിരൂപതാ ബിഷപ് മൈക്കിള്‍ കാംമ്പെല്‍ന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നതാണ്.

24ന് അയര്‍ലന്‍ഡിലെ ഡബ്ലിന്‍ താല സെന്റ് മാര്‍ക്ക്‌സ് ദൈവാലയത്തില്‍ സമൂഹബലിയോടെ അയര്‍ലന്‍ഡിലെ അല്മായ സമ്മേളനം നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ അധ്യക്ഷതയില്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ഫാ.മാത്യു അറയ്ക്കപ്പറമ്പില്‍ എന്നിവര്‍ സംസാരിക്കും. ഇന്ത്യന്‍ അംബാസിഡര്‍, സഭാധ്യക്ഷന്മാര്‍, എന്നിവരുമായി അല്മായ കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും.

25ന് വൈകുന്നേരം ഇംഗ്ലണ്ടിലെ ബ്രിസ്‌ററാളില്‍ മാര്‍ അറയ്ക്കലിന് പൗരസ്വീകരണം നല്‍കും. സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്തെ വിശിഷ്ടസേവനത്തിന് മാര്‍ അറയ്ക്കലിനെ ആദരിക്കുന്നതാണ്.

ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സില്‍ ഹാളില്‍ മേയര്‍ ജിയോഫ് ഗോലോപ്പ്, ക്യൂന്‍ പ്രതിനിധി മിസസ് മേരി പ്രിയോര്‍, യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് വില്യംഡാര്‍ത്ത് മൗത്ത്, ബിഷപ് ഗ്രീഗ് തോപ്‌സണ്‍, ഇക്വാലിറ്റീസ് ചെയര്‍മാന്‍ ടോം ആദിത്യ എന്നിവര്‍ ആശംസകള്‍ നേരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.