1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2011

പ്രത്യേക ലേഖകന്‍

സ്വാന്സീയിലും ഡെവനിലും സ്കോട്ട് ലാണ്ടിലും ആയി ഏഴു കെയര്‍ ഹോമുകള്‍ സ്വന്തമായുള്ള മലയാളി ഉടമസ്ഥതയില്‍ ഉള്ള കൈപ്പന്‍സ് കെയര്‍ ഗ്രൂപ്പ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും ഹോമുകള്‍ പൂട്ടുമെന്നുമുള്ള വാര്‍ത്തകള്‍ മലയാളികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിരുന്നു.ഇത് സംബന്ധിച്ച പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പല കോണുകളില്‍ നിന്നും ഉയരുന്നതിനാല്‍ നിജസ്ഥിതി അന്വേഷിച്ച് പലരും ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു.ആയതിനാല്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച NRI മലയാളി പ്രതിനിധികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്.(ക്ഷമിക്കണം കിട്ടാത്ത അഭിമുഖം പ്രസിദ്ധീകരിച്ച് വായനക്കാരെ കബളിപ്പിക്കുകയെന്നത് ഞങ്ങളുടെ നയമല്ല.അതുപോലെ സോയിയുമായി നേരിട്ട് അഭിമുഖം നടത്തിയതായി പറയുന്നവര്‍ അദ്ദേഹത്തെ ബന്ധപ്പെടുവാനുള്ള മാര്‍ഗം ഈ വിഷയത്തില്‍ ആശങ്കയുള്ള മാന്യവായനക്കാര്‍ക്ക്‌ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. )

മുപ്പത്തെട്ടാം വയസില്‍ ശതകോടികളുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാവുക .ഏതൊരു ചെറുപ്പക്കാരനും സ്വപ്നത്തില്‍ മാത്രം ആഗ്രഹിക്കുന്ന സൌഭാഗ്യങ്ങള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയതിനു പിന്നില്‍ കാലത്തിനു ഒരു മുഴം മുന്‍പേ സഞ്ചരിക്കുന്ന സെബാസ്റ്റ്യന്‍ കൈപ്പന്‍ എന്ന സോയിയുടെ കൂര്‍മബുദ്ധിയും ഊര്‍ജസ്വലതയും മാത്രമാണ്.ഇതേ ബുദ്ധി തന്നെയാണ് തന്‍റെ ഉടമസ്ഥതയില്‍ ഉള്ള കെയര്‍ ഹോം ഗ്രൂപ്പിനെ ബാങ്കിനെക്കൊണ്ട് ഏറ്റെടുക്കുന്നതിലും സോയി പ്രയോഗിച്ചിരുക്കുന്നത്.

ഇടത്തരം കുടുംബാംഗമായിരുന്ന സോയി സെമിനാരി പഠനം ഇടയ്ക്ക് വച്ച് നിര്‍ത്തിയാണ് നഴ്സിങ്ങിനു ചേര്‍ന്നത്‌.1999 -ല്‍ യു കെയില്‍ എത്തിയ സോയി നഴ്സ് റിക്രൂട്ട്മെന്റിന്റെ സാധ്യത മനസിലാക്കി ആ ബിസിനസിലേക്ക് തിരിയുകയായിരുന്നു.ആദ്യകാലങ്ങളില്‍ മറ്റു നഴ്സിംഗ് ഹോമുകളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച സോയി പിന്നീട് സ്വന്തം നിലയില്‍ ആളുകളെ കൊണ്ടുവരുകയായിരുന്നു.അടാപ്റ്റെഷന്‍ സംവിധാനം നിലവിലുണ്ടായിരുന്ന കാലത്ത് സോയിയും ഭാര്യയും മെന്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.

അങ്ങിനെ കഴിഞ്ഞ 12 വര്‍ഷമായി നൂറു കണക്കിന് മലയാളി നഴ്സുമാരെ യു കെയിലേക്ക് കൊണ്ട് വന്നിട്ടുള്ളയാളാണ് സോയി.അതില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ നല്ല നിലയിലാണ്.മിക്കവര്‍ക്കും പി ആറും സിറ്റിസന്‍ഷിപ്പും കിട്ടിക്കഴിഞ്ഞു.ഇവര്‍ക്കെല്ലാം സോയിയെക്കുറിച്ചു വളരെ നല്ല അഭിപ്രായം ആണുള്ളത്.സോയി വഴി വന്നാല്‍ എങ്ങിനെയും രക്ഷപെടുത്തും എന്നുറപ്പാണ് എന്ന് ചിലര്‍ ഞങ്ങളോട് പറഞ്ഞു.അതേ സമയം സാധാരണ എജെന്റുമാര്‍ വാങ്ങുന്നതില്‍ കൂടുതല്‍ പ്രതിഫലമാണ് സോയി ഈടാക്കിയിരുന്നത് എന്ന പരാതി ഇവരില്‍ പലര്‍ക്കുമുണ്ടായിരുന്നു.

തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി 7 നഴ്സിംഗ് ഹോമുകള്‍ സോയി വാങ്ങുകയും അവിടെയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു.ആദ്യകാലങ്ങളില്‍ ജോലി ലഭിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ യു കെയില്‍ PR അല്ലെങ്കില്‍ പൌരത്വം ലഭിക്കുകയും ചെയ്തു.എല്ലാ ബിസിനസുകാരും ചെയ്യുന്നത് പോലെ ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് സോയ്‌ നഴ്സിംഗ് ഹോമുകള്‍ വാങ്ങിയത്.നഴ്സിംഗ് ഹോമുകള്‍ പ്രവര്‍ത്തിക്കുന്നത് സോയി ഡയറക്ട്ടര്‍ ആയ കമ്പനിയുടെ പേരിലാണ്.യു കെയില്‍ നിയമപ്രകാരം കമ്പനിക്കു നഷ്ട്ടം വന്നാല്‍ ഡയറക്ട്ടര്‍ക്കു വ്യക്തിപരമായി ഉത്തരവാദിത്വമില്ല.

നിയമത്തിലെ ഈ പഴുത് കണക്കിലെടുത്താണ് കെയര്‍ ഹോമുകള്‍ ഇപ്പോള്‍ ബാങ്ക് ഏറ്റെടുത്തിരിക്കുന്നത്.തുടര്‍ന്നും ഹോമുകള്‍ ലാഭത്തില്‍ ആവുന്നില്ലെങ്കില്‍ ഉടമസ്ഥരായ കമ്പനിയെ പാപ്പര്‍ ആയി പ്രഖ്യാപിക്കാനുള്ള നടപടികള്‍ നടക്കും.ഇക്കാര്യങ്ങള്‍ ഒരു വ്യക്തി എന്ന നിലയില്‍ സോയിയെ ബാധിക്കുകയില്ല.കെയര്‍ ഹോം രംഗത്തെ മാന്ദ്യവും റിക്രൂട്ട്മെന്‍റ് രംഗത്തെ തകര്‍ച്ചയും മനസിലാക്കിയ സോയി ചുവടു മാറ്റുകയാണെന്ന് വേണം കരുതാന്‍ .

ഇനി അവസാനകാലങ്ങളില്‍ സോയി പണം വാങ്ങി നിയമിച്ചവരുടെ ഗതിയെന്താവും ?ഇതില്‍ നല്ലൊരു ശതമാനം പേരും പണം നല്‍കിയിരിക്കുന്നത് നാട്ടിലാണ്.യു കെയില്‍ പണം നല്‍കിയവരും കമ്പനിയുടെ പേരിലല്ല നല്‍കിയിരിക്കുന്നത്.മിക്കവരും പണം നല്‍കിയതിനു വ്യക്തമായ രേഖകളുമില്ല.എന്നാല്‍ ഇവരില്‍ ഭൂരിഭാഗം ആളുകളും ജോലി നഷ്ട്ടപ്പെട്ടാല്‍ സോയി പണം തിരികെ നല്‍കുമെന്ന് വിശ്വസിക്കുന്നവരാണ്.നാട്ടില്‍ ശതകോടികളുടെ സമ്പാദ്യമുള്ള സോയി തങ്ങളെ ചതിക്കില്ല എന്നാണ് മിക്കവരും വിശ്വസിക്കുന്നത്.ഈ മാസം 14 -ന് സോയി തിരിച്ച് വരുമെന്നാണ് സോയിയുടെ മൊബൈലിലും ഓഫീസിലും ബന്ധപ്പെടുമ്പോള്‍ ഇപ്പോഴും ലഭിക്കുന്ന വിവരം .ഇത് സംബന്ധിച്ച് സോയിയുടെ ഭാഗത്ത്‌ നിന്നും ഔദ്യോകിക വിശദീകരണം വരുന്നത് വരെ ഊഹാപോഹങ്ങള്‍ പരത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല.

ഫോട്ടോയ്ക്ക് കടപ്പാട് : http://www.kaippanscare.co.uk/aboutus.html

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.