1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2011

സ്വന്തം ലേഖകന്‍

ചൊവാഴ്ച ഗ്ളൂസ്റ്ററില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു രാജകീയ വിടവാങ്ങല്‍ തന്നെ ആയിരുന്നു.പ്രിന്‍സ് എന്ന പേരു അന്വര്‍ത്ഥമാക്കിക്കൊണ്ട്,തങ്ങളുടെ പ്രിയ രാജകുമാരനെ അവസാനമായി യാത്രയാക്കാന്‍ ആയിരത്തോളം മലയാളികളാണ് യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗ്ളൂസ്റ്ററിലേക്ക് ഒഴുകിയെത്തിയത്.ഗ്ളൂസ്റ്റര്‍ സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചില്‍ നടന്ന കുര്‍ബാനയിലും കോണി ഹില്‍ സെമിത്തേരിയില്‍ നടന്ന അവസാന യാത്രയിലും പങ്കെടുത്ത മലയാളികള്‍ തങ്ങളുടെ പ്രിയ സോനുവിനോടുള്ള ആദരവ് പ്രകടിപ്പിച്ചു.

കഴിഞ്ഞ മാസം 17 -ന് മാഞ്ചസ്റ്ററിലെ കനാലില്‍ വീണ് മരിച്ച പ്രിന്‍സിന് യു കെ മലയാളികള്‍ കണ്ണീരോടെ വിടചൊല്ലി. ഗ്ളൂസ്റ്റര്‍ നിവാസികളായ ആല്‍വിന്‍ ജോളി ദമ്പതികളുടെ ഏകമകനായിരുന്നു സോനു എന്ന് വിളിക്കുന്ന പ്രിന്‍സ്.രാവിലെ പത്തു മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 11 മണിക്ക് ഗ്‌ളോസ്റ്റര്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ എത്തിച്ചു.തുടര്‍ന്ന് നടന്ന വിശുദ്ധകുര്‍ബാനയിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കാന്‍ പള്ളിയും പരിസരവും തിങ്ങിനിറഞ്ഞ് ആയിരത്തില്‍ കൂടുതല്‍ മലയാളികള്‍ യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയിരുന്നു.കുര്‍ബാനയ്ക്ക് ശേഷം ഏവര്‍ക്കും പ്രിന്‍സിനെ അവസാനമായി കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും അവസരമൊരുക്കിയിരുന്നു.

പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. സിറില്‍ ഇടമന,ഫാ. സോജി ഓലിക്കല്‍,ഫാ.സജി യോവില്‍,ഫാ. ജോര്‍ജ് അരീക്കുഴി,ഫാ. ബാബു അപ്പാടന്‍ ഫാ. ജോമോന്‍,ഡീക്കന്‍ ബേബിച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഗ്ളൂസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പേട്രന്‍ ഡോക്ട്ടര്‍ ഗബ്രിയേല്‍ അനുശോചന പ്രസംഗം നടത്തി.പ്രിന്‍സിന്റെ അങ്കിള്‍ തങ്ങളുടെ കുടുംബത്തിനുണ്ടായ നഷ്ട്ടം വിവരിച്ചപ്പോള്‍ വിങ്ങിപ്പൊട്ടി.തങ്ങളുടെ വിഷമാവസ്ഥയില്‍ കൈത്താങ്ങായ ഓരോ മലയാളികള്‍ക്കുമുള്ള നന്ദി അദ്ദേഹം അറിയിച്ചു.പ്രിന്‍സിന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയും അനുശോചന സന്ദേശം വായിക്കപ്പെട്ടു.തുടര്‍ന്ന് കോണി ഹില്‍ സെമിത്തേരിയുടെ ഗേറ്റ് മുതല്‍ ശവക്കല്ലറ വരെയുള്ള നാനൂറു മീറ്ററോളം കാല്‍നടയായി സോനുവിനെയും വഹിച്ചുകൊണ്ട്‌ നടന്ന അന്ത്യ യാത്രയില്‍ പങ്കെടുത്ത നൂറുകണക്കിന് മലയാളികള്‍ തങ്ങളുടെ പ്രിയ രാജകുമാരന് രാജകീയ വിടവാങ്ങല്‍ നല്‍കി.

ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയാണ് ആല്‍വിന്‍ ജോളി ദമ്പതികളുടെ ഏകമകനായ പ്രിന്‍സ്(സോനു) ഫെബ്രുവരി 17 -ന് മരിക്കുന്നത്.മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പ്രിന്‍സിനെ രണ്ടാഴ്ചമുമ്പ് കാണാതാവുകയായിരുന്നു.മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രിന്‍സിന്റെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെടുത്തത്.സോനുവിനെ കാണാതാകുന്ന ദിവസം മുതല്‍ അന്ത്യചടങ്ങുകള്‍ വരെ ഊണിലും ഉറക്കത്തിലും ആല്‍വിന്‍ ജോളി ദമ്പതികളോടൊപ്പം നിന്ന ഗ്ളൂസ്റ്റര്‍ മലയാളി സമൂഹം സംഘടനാപാടവത്തിനും ഐക്യടാര്‍ദ്യത്തിനും ഉദാത്ത മാതൃകയായി.


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.