1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2011

പുതിയ സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പാക്കുന്നതോടെ ഓരോ കുടുംബത്തിനും എനര്‍ജി ബില്ലില്‍ 430 പൗണ്ടിന്റെ വരെ വര്‍ധനവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കള്‍ എത്രത്തോളം വൈദ്യുതി ഉപയോഗിക്കുന്നു എന്നത് കൃത്യമായി കണക്കാക്കാന്‍ ഉപകരിക്കുന്നതാണ് സ്മാര്‍ട്ട് മീറ്റര്‍.

2014നും 2019നും ഇടയിലായി ഏതാണ്ട് 53 മില്യണിലധികം വീടുകളും ബിസിനസ് സ്ഥാപനങ്ങളും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറപ്പെടുവിച്ചിട്ടുള്ളത്. എനര്‍ജി കമ്പനികളായിരിക്കും ഈ മീറ്ററുകള്‍ക്കുള്ള തുക ചിലവാക്കേണ്ടിവരിക. എന്നാല്‍ തങ്ങള്‍ക്ക് ചിലവാക്കേണ്ടി വരുന്ന തുക കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്നു തന്നെ വസൂലാക്കുമെന്നത് വ്യക്തമായിട്ടുണ്ട്.

എന്നാല്‍ പുതിയ മീറ്റര്‍ ഓരോ കുടുംബത്തിനും 23 പൗണ്ട് വരെ ലാഭിക്കാന്‍ സഹായിക്കുമെന്നാണ് ഇന്ധന കാലാവസ്ഥാ വ്യതിയാന വിഭാഗം പറയുന്നത്. എന്നാല്‍ ഇത്തരം മീറ്ററുകള്‍ സ്ഥാപിക്കാനായി 11.3 ബില്യണ്‍ പൗണ്ടോളം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനുള്ള ചിലവ് ബിസിനസ് സ്ഥാപനങ്ങളും വീടുകളും പങ്കിട്ടെടുക്കേണ്ടിവരുമെന്നും ഇന്ധന കാലാവസ്ഥാ വ്യതിയാന വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

ചിലവാകുന്ന പണം എങ്ങിനെ തിരിച്ചുപിടിക്കണമെന്ന കാര്യം അതത് കമ്പനികള്‍ തീരുമാനിക്കുമെന്ന് ഡി.ഇ.സി.സി വക്താവ് പറഞ്ഞു. പുതിയ മീറ്റര്‍ സ്ഥാപിക്കുന്നതിന്റെ ചിലവ് ആദ്യ കമ്പനികള്‍ക്ക് മേലെയാണ് വരികയെന്നും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും വക്താവ് പറഞ്ഞു. എന്നാല്‍ 15 ശതമാനം ആളുകള്‍ മാത്രമാണ് സമാര്‍ട്ട് മീറ്റര്‍ പദ്ധതിയെ പിന്തുണക്കുന്നതെന്ന് ഈയിടെ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.