1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2011

ഞാന്‍ ഈ ലോകത്തിലെ ഏറ്റവും നല്ല അച്ഛനും അമ്മയുമാണെന്ന് നമ്മളില്‍ പലരും പറയാറുണ്ട്‌ .വീമ്പടിക്കാന്‍ വരട്ടെ.
ആദ്യം നിങ്ങള്‍ നല്ലൊരു അച്ഛനോ അമ്മയോ ആണോ എന്ന് മനസിലാക്കാനായ് ഈ ചോദ്യങ്ങളുടെ ഉത്തരമെന്തെന്നു കണ്ടെത്തുക.

ജോലിഭാരത്തിന്റെ ഇടയില്‍ കുടുംബത്തിന്റെ കാര്യം നിങ്ങള്‍ മറന്നു പോകുന്നുണ്ടോ ?
നിങ്ങളുടെ കുട്ടികളുടെ ആരോഗ്യവും സ്വഭാവ വളര്‍ച്ചയും നിങ്ങള്‍ നിരീക്ഷിക്കാറുണ്ടോ ?

ഉത്തരം നൂറു ശതമാനം ഉറപ്പിച്ചു പറയാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു കാര്യം ഉറപ്പിക്കുക നിങ്ങള്‍ ഒരു നല്ല അച്ഛനോ അമ്മയോ അല്ല. എന്നുകരുതി വിഷമിക്കേണ്ടതില്ല, നല്ല അച്ഛനും അമ്മയുമാകാന്‍ പന്ത്രണ്ടു വഴികളിതാ..

1.കുടുംബ പരിപാലനവും ഒരു ജോലിയാണ്

കുട്ടികളെ സന്തോഷവും ആരോഗ്യവുമുള്ളവരാക്കി വളര്‍ത്തുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുക. അതുകൊണ്ട് ജോലിയില്‍ നിങ്ങള്‍ പുലര്‍ത്തുന്ന ഉത്തരവാദിത്തവും കരുതലും കുടുംബത്തിലും കാണിക്കുക

2.കരുതലോടെയുള്ള പെരുമാറ്റം

നിങ്ങളുട സ്വഭാവവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമാണ് നിങ്ങളുടെ കുട്ടികളും മാതൃകയാക്കുന്നത്. അതുകൊണ്ട് ഏതുകാര്യവും ചെയ്യുന്നതിനുമുമ്പ് അതുണ്ടാക്കുന്ന പ്രതിഫലനത്തെ കുറിച്ചുകൂടി ഓര്‍ക്കുക. അത് നിങ്ങള്‍ ഇഷ്ടപ്പെടുന്നവിധം തന്നെ ആയിരിക്കുമെന്ന് ഉറപ്പുവരുത്തുക

3.സ്‌നേഹത്തിന്റെ ഫലം ഉത്കണ്ഠയാകരുത്

കുട്ടികളെ ഒരിക്കലും സ്‌നേഹിച്ച് പൊള്ളിക്കരുത്. നിങ്ങള്‍ക്ക് സ്‌നേഹിക്കാനുള്ള ഒരു ഉല്‍പ്പന്നമായി കുട്ടികള്‍ മാറുന്നതോടെ അവര്‍ ഒരു തടവറയിലാകും. അമിത പ്രതീക്ഷയും, ഉല്‍കണ്ഠയും അവരെ ആശങ്കയിലാക്കും

4.കുട്ടികളുടെ ജീവിതത്തിലിടപെടുക

നിങ്ങളുടെ കുട്ടികള്‍ക്ക് എന്താണോ വേണ്ടത് അതു നല്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തുക. മാനസീകമായും ശാരീരികമായും അവരെ സഹായിക്കുക. ഇതിനര്‍ഥം ടീച്ചര്‍ നല്കിയ ഹോം വര്‍ക്കുകള്‍ ചെയ്തു നല്കുക എന്നല്ല, അതവരുടെ പഠനം നിലവാരം ഉറപ്പുവരുത്താനുള്ള ജോലിയായി മാത്രം കണക്കാക്കി അവരെ സ്വതന്ത്രരാക്കുക

5.പാകത്തിലുള്ള പരിപാലനം

കുട്ടികളുടെ വളര്‍ച്ചയ്ക്കും പ്രായത്തിനും അനുസരിച്ചുള്ള നിയന്ത്രണം ശാന്തതയോടെ ഉറപ്പുവരുത്തുക. മൂന്നു വയസ്സുള്ള കുട്ടിയോട് എല്ലാം അതരുതെന്ന് ആവര്‍ത്തിക്കുമ്പോള്‍ അത് നിഷേധ വളര്‍ച്ചയിലേക്ക് അവനെ നയിക്കും. എന്നാല്‍ പതിമുന്നു കാരന്റെ സ്വോഭാവികമായ നിഷേധ ഭാവത്തെ ബുദ്ധിപൂര്‍വ്വം നേര്‍വഴിക്കെത്തിക്കാന്‍ ശ്രമിക്കുകയും വേണം

6.നിയന്ത്രണം അനിവാര്യമാക്കുക

കുട്ടിയായരിക്കമ്പോള്‍ തന്നെ മക്കളുടെ സ്വഭാവത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തവിധം അവന്റെ യുവത്വം വഴിമാറും. നിങ്ങളുടെ മക്കളെ കുറിച്ചുള്ള മൂന്നു ചോദ്യങ്ങള്‍ക്ക് എപ്പോഴും നിങ്ങള്‍ക്ക് ഉത്തരമുണ്ടെന്ന് ഉറപ്പാക്കുക. അതായത്.1.നിങ്ങളുടെ മകന്‍ എവിടെയാണ്. 2. അവന്റെ കുടെ ആരാണുള്ളത്. 3. അവനിപ്പോള്‍ എന്തു ചെയ്യുന്നു. പക്ഷെ നിങ്ങള്‍ ഒരിക്കലും അവനെ സൂക്ഷ്മ നിയന്ത്രണത്തിന്റെ ഉപകരണമാക്കിമാറ്റുകയും അരുത്

7.ഉചിതമായ സ്വാതന്ത്ര്യം അനുവദിക്കുക

കുട്ടികള്‍ക്ക് ഹിതകരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക. ഇത് ഉചിതമായ സമയങ്ങളില്‍ പതറാതെ തീരുമാനങ്ങളെടുക്കാന്‍ അവരെ പ്രാപ്തരാക്കും. എന്നാല്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കുട്ടികളുടെ എടുത്തു ചാട്ടം അപകടത്തിലേക്കാകില്ലെന്ന് നിങ്ങള്‍ ഉറപ്പുവരുത്തണം

8.ഉത്തമ വിശ്വാസികളാവുക

നിങ്ങള്‍ നല്കുന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്ന നിയന്ത്രണവും തെറ്റല്ലെന്ന് ഉറപ്പു വരുത്തുക. അല്ലെങ്കില്‍ നിങ്ങളുടെ പിഴവ് നിങ്ങളുടെ കുട്ടികളുടെ ഭാവി അവന്റെതല്ലാത്ത കാരണങ്ങളാല്‍ തകര്‍ക്കാനിടയാക്കും. കുട്ടികള്‍ക്ക് വെല്ലുവിളി ഒഴിവാക്കാന്‍ നിങ്ങള്‍ തീരുമാനങ്ങളെടുത്തത് അധികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് ഉറപ്പുവരുത്തുക

9.പട്ടാളചിട്ട ഒഴിവാക്കുക

കൗശലവും കുസൃതിയും നിറഞ്ഞവരാണ് കുട്ടികള്‍ അവരെ കര്‍ശന അച്ചടക്കത്തിന്റെ നൂലില്‍ കെട്ടിയിടുകയല്ല വേണ്ടത്. നിങ്ങള്‍ നല്കിയ പരിധികള്‍ ലംഘിക്കപ്പെടുമ്പോള്‍ അവരെ അതില്‍ നിന്നും മാറ്റി മറ്റ് മേഖലയിലെക്ക് ശ്രദ്ധതിരിച്ചുവിടാന്‍ ശ്രമിക്കുക. കര്‍ശന ശകാരമല്ല, സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധമാണ് അവരെ നല്ലവരാക്കാനുള്ള ശരിയായ മാര്‍ഗ്ഗം

10.കൗമാരക്കാര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്കുക

നിങ്ങളുടെ അനുഭവത്തിന്റെയും കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരിക്കും മക്കളുടെ ഭാവിയെ കുറിച്ച് നിങ്ങളുടെ പ്രതീക്ഷകളുമുണ്ടാകുക. നിങ്ങളുടെ നിര്‍ദ്ദേശം കൗമാരക്കാരോട് പറഞ്ഞുമനസ്സിലാക്കുക.അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയാത്ത പ്രശ്‌നങ്ങളെ കുറിച്ച് കരുതിയിരിക്കാനും തീരുമാനമെടുക്കാനും ഇത് ഉപകരിക്കും

11.നല്ല രക്ഷാകര്‍തൃത്വത്തിന്റെ ഗുണങ്ങള്‍

ദയ, സഹിഷ്ണുത, സഹതാപം, സത്യസന്ധത, ആദരപൂര്‍ണ്ണമായ പെരുമാറ്റം, പരസ്പര ബഹുമാനം, സഹകരണം എന്നിവ പ്രധാന മനദണ്ഡങ്ങളാണ്. ഒപ്പം തീരുമാനങ്ങളെടുക്കുന്നത് ബുദ്ധി പൂര്‍വ്വവും കുട്ടികള്‍ക്ക് പ്രചോദനം നല്കുന്നതുമാകണം. നല്ല മാതാപിതാക്കള്‍ ശാരീരിക മാനസീക വൈകല്ല്യങ്ങളില്‍ നിന്നും സാമൂഹ്യ വിരുദ്ധ പ്രവണതകളില്‍നിന്നും കുട്ടികളെ മോചിപ്പിക്കും.

12.കുട്ടികളേയും ബഹുമാനിക്കുക.

കുട്ടികള്‍ അനുസരണയും ബഹുമാനവുമുള്ളവരായി വളരണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അവരോടുള്ള സമീപനവും സ്‌നേഹപൂര്‍വ്വമാക്കുക. അവരുടെ അഭിപ്രായങ്ങള്‍ക്ക് സ്ഥാനംനല്‍കുക, അവരോടുള്ള സംസാരം ശാന്തവും സൗമ്യവുമാക്കുക. നിങ്ങള്‍ അവരെ എങ്ങനെ പരിഗണിക്കുന്നുവോ അതുമാത്രമാണ് അവര്‍ മറ്റുള്ളവര്‍ക്ക് നല്കുക എന്ന് എപ്പോഴും ഓര്‍ക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.