സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ ടെസ്കോയില്‍ 20,000 ജോലി ഒഴിവുകള്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കൂം കൂടി ഉപയോഗിക്കാവുന്ന പാര്‍ട്ട്ടൈം ജോലികള്‍ ഉള്‍പ്പെടെയുള്ള ജോലി ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുവേണ്ടിയാണ് പ്രധാനമായും തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചതെന്നാണ് ടെക്സോയുടെ ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ബ്രാഷര്‍ പറഞ്ഞത്. ബ്രിട്ടണെ പിടികൂടിയിരിക്കുന്ന സാമ്പത്തികമാന്ദ്യത്തെ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കുള്ള സഹായമാണ് ഇതെന്ന് റിച്ചാര്‍ഡ് ബ്രാഷര്‍ പറഞ്ഞു.
ടെക്സോയുടെ നിലപാട് ഏറെ സ്വാഗതാര്‍ഹമാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. അതേസമയം പതിനാറിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരുടെ എണ്ണം വളരെ കൂടുതലാണെന്നും കമ്പനികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പലയിടങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്നുണ്ട്. ടെക്സോയുടെ പ്രഖ്യാപനത്തെ മിക്കവാറും പാര്‍ട്ടി നേതാക്കന്മാരും തൊഴില്‍ സംഘടനകളും സ്വാഗതം ചെയ്തിട്ടുണ്ട്.
290,000 ത്തിലധികം തൊഴിലാളികളുള്ള ബ്രിട്ടണിലെതന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് ടെക്സോ. ഈ തൊഴിലാളികളില്‍ ഇരുപത്തിയഞ്ച് ശതമാനവും ഇരുപത്തിയഞ്ച് വയസില്‍ താഴെ പ്രായമുള്ളവരാണ്. ചെറുപ്പക്കാരോട് ഏറ്റവും സൗഹാര്‍ദ്ദ പൂര്‍വ്വം പെരുമാറുന്ന സ്ഥാപനങ്ങളിലൊന്നായിട്ടാണ് ടെക്സോ അറിയപ്പെടുന്നത്. ഇപ്പോള്‍ രൂക്ഷമായ തൊഴിലില്ലായ്മ അനുഭവിക്കുന്ന ബ്രിട്ടണില്‍ ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അല്പം കുറയ്ക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല