1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2021

സ്വന്തം ലേഖകൻ: ഹെയ്തി പ്രസിഡന്റ് ജൊവെനെല്‍ മോസെയെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗങ്ങളെ വളഞ്ഞിട്ട് പിടിച്ച് ജനങ്ങൾ. പ്രസിഡന്റിന്റെ കൊലപാതകത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം പോലീസിനൊപ്പം ചേര്‍ന്നതോടെ പ്രതികള്‍ക്ക് രക്ഷാപ്പെടാനായില്ല. 28 സംഘത്തെ പിടികൂടി. വിരമിച്ച കൊളംബിയന്‍ സൈനികരടക്കമുള്ള 28 അംഗ വിദേശ പ്രൊഫഷണല്‍ കൊലയാളികളെയാണ് പിടികൂടിയത്.

ഹെയ്തി തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സിലെ ഒരു വീട്ടില്‍ നടന്ന വെടിവെയ്പ്പിലാണ് ഭൂരിഭാഗം പേരും പിടിയിലായത്. പിടിച്ചെടുത്ത ആയുധങ്ങളും പരിക്കേറ്റ കൊലയാളികളേയും ഹെയ്തി പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്. മൂന്ന് പേരെ പോലീസ് വെടിവെച്ച് കൊന്നു. അതേ സമയം ആക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന്റെ കാരണവും ഇപ്പോഴും അജ്ഞാതമാണ്.

ബുധനാഴ്ച പുലര്‍ച്ചെ ഒരു സംഘം തോക്കുധാരികള്‍ പ്രസിഡന്റിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. പ്രസിഡന്റ് ജൊവെനെല്‍ മോസെയെ വെടിവെച്ച് കൊന്നു. ഭാര്യക്ക് പരിക്കേറ്റു. 12 ബുള്ളറ്റുകള്‍ മോസെയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തതായി ഹെയ്തി പോലീസ് അറിയിച്ചു. കണ്ണിനടക്കം വെടിയേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഭാര്യ മാര്‍ട്ടിനെയെ ചികിത്സക്കായി ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. 15 കൊളംബിയക്കാരും രണ്ട് അമേരിക്കന്‍ പൗരന്‍മാരും കൊലയാളി സംഘത്തിലുണ്ട്. പ്രകോപിതരായ ജനങ്ങളും പ്രതികളെ കണ്ടെത്താനായി പോലീസിനൊപ്പം ചേര്‍ന്നിരുന്നു. കാടുകളില്‍ ഒളിച്ചിരുന്ന ചില കൊലയാളികളെ ജനക്കൂട്ടമാണ് പോലീസിന് കൈമാറിയത്.

“ഞങ്ങള്‍ ഹെയ്തിക്കാര്‍ പരിഭ്രാന്തിയിലാണ്. ഈ കൊലപാതകം ഞങ്ങള്‍ അംഗീകരിക്കില്ല. ഞങ്ങള്‍ എന്ത് സഹായത്തിനും തയ്യാറാണ്. കാരണം ഇതിന് പിന്നിലുള്ളവര്‍ ആരാണെന്നും പശ്ചാത്തലം എന്താണെന്നും കണ്ടെത്തണം,“ ഹെയ്തി പൗരന്‍മാര്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പ്രതികരിച്ചു.

ഇതിനിടെ പ്രതികളുടേതെന്ന് കരുതുന്ന മൂന്ന് കാറുകള്‍ ജനക്കൂട്ടം അഗ്നിക്കിരയാക്കി. ജനക്കൂട്ടം നിയമം കൈയിലെടുക്കരുതെന്ന് പോലീസ് അഭ്യര്‍ഥിച്ചു. പ്രതികളില്‍ 11 പേരെ തങ്ങളുടെ എംബസിയില്‍ വെച്ച് അറസ്റ്റ് ചെയ്തതായി തായ്‌വാന്‍ അറിയിച്ചിട്ടുണ്ട്. ആക്രണത്തിന്റെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ അഴിമതിക്കെതിരെയുള്ള ജൊവെനെല്‍ മോസെയെയുടെ പോരാട്ടം ചിലരെ പ്രകോപിതരാക്കിയിരുന്നതായി ഇടക്കാല പ്രധാനമന്ത്രി ക്ലൂഡ് ജോസഫ് പറഞ്ഞു.

അറസ്റ്റിലായ കൊളംബിയക്കാരുടെ പാസ്‌പോര്‍ട്ടും പോലീസ് പ്രദര്‍ശിപ്പിച്ചു. പിടികൂടിയവരില്‍ ആറു പേര്‍ തങ്ങളുടെ വിരമിച്ച സൈനികരാണെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് തങ്ങള്‍ ഹെയ്തിയെ സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേ സമയം തങ്ങളുടെ പൗരന്‍മാര്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് യുഎസ് അറിയിച്ചു.

പോര്‍ട്ട് പ്രിന്‍സിലെ കുന്നിന്‍മുകളിലാണ് പ്രസിന്റ് ജൊവെനെല്‍ മോസെയുടെ വീട്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കൊലയാളികള്‍ ഇങ്ങോട്ടേക്കെത്തിയത്. ആക്രമണത്തിനിടെ പ്രസിഡന്റിന്റെ ഓഫീസും കിടപ്പ് മുറിയും കൊള്ളയടിക്കപ്പെട്ടു. പ്രസിഡന്റിന്റെ മകളും രണ്ട് ആണ്‍കുട്ടികളും സുരക്ഷിതമായ സ്ഥലത്തായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മകള്‍ ജോമാര്‍ലി കിടപ്പ് മുറിയില്‍ ഒളിച്ചാണ് രക്ഷപ്പെട്ടത്. രണ്ടു വീട്ടുജോലിക്കാരേയും ബന്ദികളാക്കിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ പ്രസിഡന്റിന്റെ ഭാര്യ നിലവില്‍ അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ടെന്നും ഹെയ്തി മാധ്യമങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.