1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2015


നേപ്പാളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ റാഞ്ചി, ജയ്പൂര്‍, ആഗ്ര, ഗുവാഹത്തി, പട്‌ന, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

20 സെക്കന്റോളം നീണ്ടു നിന്ന ഭൂചനലം നേപ്പാളില്‍ സര്‍വനാശം വിതച്ചിരിക്കുകയാണ്. 400 ലേറെ പേര്‍ മരിക്കുകയും ആയിരത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ സൈനീകരെ കാഠ്മണ്ഡുവിലേക്ക് അയച്ചിട്ടുണ്ട്. നേപ്പാളിന് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നേപ്പാള്‍ പ്രധാനമന്ത്രിയെയും പ്രസിഡന്‍റിനെയും അറിയിച്ചു. ഇന്ത്യയില്‍ മരണങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി, കൊല്‍ക്കത്താ മെട്രോ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ത്യന്‍ സമയം 11.44 ഓടെയാണ് ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. 12.18 നായിരുന്നു 6.2 രേഖപ്പെടുത്തിയ തുടര്‍ചലനം ഉണ്ടായത്. രണ്ടാം ചലനം ഉണ്ടായതിനെ തുടര്‍ന്നാണ് കൊല്‍ക്കത്താ മെട്രോ റെയില്‍ സര്‍വീസ് നിര്‍ത്തിയത്. ആദ്യ ചലനമുണ്ടായപ്പോള്‍ തന്നെ തുടര്‍ ചലനം ഉണ്ടാകുമെന്ന്് കരുതി ഡല്‍ഹി മെട്രോ സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു.

ചെന്നൈ, കൊച്ചിയില്‍ കലൂര്‍, കടവന്ത്ര എന്നിവിടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതിന് ഔദ്യോഗികമായ സ്ഥിരീകരമുണ്ടായിട്ടില്ല.

നേപ്പാളിലെ പൊഖാറയ്ക്കടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കാഠ്മണ്ഡുവിലും ഡല്‍ഹിയിലും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു. രാവിലെ കാഠ്മണ്ഡുവിലെ വിമാനത്താവളം അടച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ നേപ്പാളില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ ഇന്ത്യയിലേക്കാണ് വഴിതിരിച്ചു വിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.