കലെയ്‌സില്‍ കുടിയേറ്റ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണെങ്കില്‍ രാത്രികാലങ്ങളില്‍ ചാനല്‍ ടണല്‍ അടച്ചിടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ആഫ്രിക്കയില്‍നിന്നുള്ള കുടിയേറ്റക്കാരില്‍ ഒരാള്‍ ചാനല്‍ ടണലിന്റെ അത്ര ദൂരവും നടന്ന് എത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ആയിര കണക്കിന് ആളുകളാണ് ടണലിലൂടെ യുകെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
ടണല്‍ രാത്രിയില്‍ അടച്ചിടുന്നതിനെ കുറിച്ച് മന്ത്രിമാര്‍ ഇപ്പോള്‍ നിയമോപദേശം തേടിയിരിക്കുകയണ്. സര്‍ക്കാരിന്റെ നിയമോപദേശകര്‍ പച്ചക്കൊടി കാണിക്കുകയാണെങ്കില്‍ ചാനല്‍ ടണല്‍ ഇനി മുതല്‍ രാത്രിയില്‍ അടഞ്ഞ് കിടക്കും. സര്‍ക്കാരിന്റെ എമര്‍ജന്‍സി കോബ്രാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. രാത്രികാലങ്ങളില്‍ അനധികൃത കുടിയേറ്റക്കാര്‍ ടണലിലൂടെ നടക്കുന്നത് അപകടം വിളിച്ചു വരുത്തുമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ചാനല്‍ ടണലില്‍ അപകടങ്ങള്‍ ഉണ്ടായി ജീവഹാനി നടക്കാതിരിക്കാന്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ചാനല്‍ ടണലില്‍ എന്തൊക്കെയാണ് സ്വീകരിക്കേണ്ട നടപടികളെന്നും ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണെന്നും വക്താവ് പറഞ്ഞു.
ചാനല്‍ ടണലിന്റെ മുഴുവന്‍ ദൂരവും നടന്നെത്തിയ സുഡാനിയെ പൗരനെ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യമായിട്ടാണ് ഒരാള്‍ ഇത്രദൂരം നടന്ന് എത്തുന്നത്. നാല് സുരക്ഷാ വേലിക്കെട്ടുകള്‍, 400 ഓളം നിരീക്ഷണ ക്യാമറകള്‍ എന്നിവയെ മറികടന്നാണ് ഇയാള്‍ ടണലിന്റെ ഇങ്ങേഅറ്റം വരെ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല