സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും യുകെ ഏജന്‍സിയുമായി ബന്ധം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാല്‍വര്‍ സംഘം. ഐസിസിനെ തുരത്താന്‍ പല രാജ്യങ്ങള്‍ ചേര്‍ന്നു കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ചില ട്വിറ്റര്‍ അകൗണ്ടുകള്‍ ഹാക്കു ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തു വന്നത്.
ഐസിസിനെ സഹായിക്കുന്നതും ഭീകര പ്രചാരണം നടത്തുന്നതുമായ ഇന്റര്‍നെറ്റ് വിലാസങ്ങളും മറ്റും യു കെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്റ് പെന്‍ഷന്‍സുമായി ബന്ധമുള്ളതാണെന്നാണ് കണ്ടെത്തല്‍. പല പ്രൊഫൈലുകളും പെന്‍ഷന്‍സ് ഡിപ്പാര്‍ട്ടമെന്റിന്റെ ഇന്റര്‍നെറ്റ് വിലാസത്തില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഹാക്കര്‍മാരുടെ വാദം.
വെന്ര്‍റ സെക് എന്ന നാലംഗ ഹാക്കര്‍ സംഘമാണ് വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നിട്ടുള്ളത്. നിലവില്‍ ഏറ്റവും കുറഞ്ഞത് മൂന്നു പ്രൊഫൈലുകള്‍ക്ക ഇത്തരം ബന്ധമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച ട്വിറ്റര്‍ ഹാന്റിലുകളും അവയുടെ പിന്നിലെ ഐപി വിലാസങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
പെന്‍ഷന്‍ വിഭാഗത്തിലെ ആരെങ്കിലുമാവാം ഈ പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നതെന്നാണ് ഒരു വാദം. എന്നാല്‍ ജിഹാദികളെ കുടുക്കാനായി ഇന്റലിജന്‍സ് ഏജന്‍സി തന്നെ ഒരുക്കിയ കെണിയാണ് ഈ വിലാസങ്ങളെന്ന് മറ്റൊരു വാദവുമുണ്ട്.
ബ്രിട്ടീഷ് സര്‍ക്കാര്‍ നേരത്തെ കുറേയധികം ഐപി വിലാസങ്ങള്‍ സൗദി ആസ്ഥാനമായ രണ്ടു സ്ഥാപനങ്ങള്‍ക്ക് വിറ്റിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒക്ടോബറില്‍ വില്‍പ്പന നടത്തില്‍ ഈ വിലാസങ്ങളാവും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് നിഗമനം. വിലാസങ്ങള്‍ പൂര്‍ണമായും അപ്‌ഡേറ്റ് ചെയ്യാത്തതുകൊണ്ടാവും ഇങ്ങനെ സംഭവിക്കുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല