സ്വന്തം ലേഖകന്‍: പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ സ്‌ഫോടനം, പിന്നില്‍ തെഹ്‌രെക്ഇതാലിബാന്‍. പാക് പ്രവിശ്യയായ ഛര്‍സാദായിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തിയഞ്ചായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രെക്ഇതാലിബാന്‍ ഏറ്റെടുത്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സംഘടന വാര്‍ത്താ ഏജന്‍സിയെ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. ബച്ചാ ഖാന്‍ സര്‍വകലാശാലയിലെ ആക്രമണത്തിന് തങ്ങളുടെ നാല് ചാവേറുകളാണ് നേതൃത്വം നല്‍കിയതെന്ന് ഫോണ്‍ സംഭാഷണത്തില്‍ തെഹ്‌രെക്ഇതാലിബാന്‍ നേതാവ് ഉമര്‍ മണ്‍സൂര്‍ വ്യക്തമാക്കുന്നു. മൂടല്‍മഞ്ഞിന്റെ മറവിലായിരുന്നു ആക്രമണം.
ആക്രമണത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ ആരംഭിച്ച സൈനിക നീക്കം അവസാനിച്ചതായാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പില്‍ നാല് ഭീകരരും 21 സാധാരണക്കാരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ ത്യാഗം വെറുതെയാകില്ലെന്നും മാതൃരാജ്യത്തുനിന്നും തീവ്രവാദികളെ തുടച്ചുനീക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രസ്താവനയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല