1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2016

സ്വന്തം ലേഖകന്‍: ന്യൂജേഴ്‌സിയില്‍ ട്രെയിന്‍ അപകടം, ഒരാള്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരിക്ക്. ന്യൂജേഴ്‌സിയിലെ ഹൊബോക്കന്‍ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നുപേര്‍ മരിച്ചുവെന്നായിരുന്ന നേരത്തെവന്ന വാര്‍ത്ത. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

അമിതവേഗത്തില്‍ വന്ന ട്രെയിന്‍ ഹൊബോക്കന്‍ ടെര്‍മിനലിലെ പാളത്തിന്റെ അറ്റത്തുള്ള ബമ്പില്‍ ഇടിച്ചുതകരുകയായിരുന്നു. സ്റ്റേഷനും ട്രെയിനിനും കനത്തനാശമുണ്ടായി. സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ടു പാഞ്ഞ ട്രെയിന്‍ പാളം അവസാനിക്കുന്നിടത്തെ ബമ്പില്‍ ഇടിച്ചതിനെത്തുടര്‍ന്നു ബോംബു പൊട്ടുന്ന പോലെ ഉഗ്രശബ്ദമുണ്ടായെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ മുന്‍വശം മുകളിലേക്ക് ഉയരുകയും സ്റ്റേഷന്‍ മന്ദിരത്തിന്റെ മേല്‍ക്കൂര തകര്‍ക്കുകയും ചെയ്തു.

ഇന്നലെ രാവിലെ യാത്രക്കാരുടെ തിരക്കുള്ള സമയത്തായിരുന്നു അപകടം. ടിക്കറ്റ്ഹാളും റിസപ്ഷന്‍ഹാളിന്റെ ഒരുഭാഗവും തകര്‍ത്താണു ട്രെയിന്‍നിന്നത്. ട്രെയിനില്‍ 250നടുത്തു യാത്രക്കാരുണ്ടായിരുന്നുവെന്നു ന്യൂജേഴ്‌സി ട്രാന്‍സിറ്റ് വക്താവ് ജന്നിഫര്‍ നെല്‍സണ്‍ പറഞ്ഞു. ട്രെയിനിനുള്ളില്‍ ഇനിയും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നു വ്യക്തമല്ല.

മേല്‍ക്കൂര തകര്‍ന്നുവീണും മറ്റും സ്റ്റേഷന്‍ പ്‌ളാറ്റ്‌ഫോമില്‍ നിന്നിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഹഡ്‌സണ്‍ നദീതീരത്തുള്ള ഹൊബോക്കന്‍ സ്റ്റേഷന്റെ മറുകരയിലാണു ന്യൂയോര്‍ക്ക്‌സിറ്റി. ന്യൂയോര്‍ക്കിലേക്കു ബോട്ടുമാര്‍ഗം പോകാനുള്ള സൗകര്യമുള്ളതിനാല്‍ നിരവധി യാത്രക്കാര്‍ ഈ സ്റ്റേഷനില്‍ ഇറങ്ങാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.