സ്വന്തം ലേഖകന്‍: കാത്തുനിന്ന് മടുത്ത് ചൂടാകുന്ന ഒബാമയും തിരിഞ്ഞു കളിക്കുന്ന ബില്‍ ക്ലിന്റണും, വീഡിയോ വൈറലാകുന്നു. വെള്ളിയാഴ്ച ഇസ്രായേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ബില്‍ ക്ലിന്റണ്‍ ഒബാമയെ പ്രകോപിപ്പിച്ചത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റും വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ ഇസ്രായേലിലെ ടെല്‍ അവീവില്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തിരിച്ചു പോകുന്നത് ഇരുവരും ഒരുമിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് ഒന്നിലായിരുന്നു. എന്നാല്‍ വിമാനത്തില്‍ ഒബാമ കയറിയിട്ടും വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്നു തിരിഞ്ഞു കളിക്കുകയായിരുന്നു ക്ലിന്റണ്‍. ക്ലിന്റണ്‍ വിമാനത്തില്‍ കയറാതിരുന്നതിനാല്‍ പല തവണ ഒബാമക്ക് അദ്ദേഹത്തെ കൈകൊട്ടിയും ആംഗ്യം കാട്ടിയും വിളിക്കേണ്ടി വന്നു. കാത്തിരുന്ന് മടുത്ത ഒബാമ ക്ലിന്റെണെ ആദ്യമൊന്ന് കൈകൊട്ടി വിളിക്കുന്നത് കാണാം. എന്നാല്‍ ക്ലിന്റണ്‍ കേട്ട മട്ടില്ലാത്തതിനാല്‍ ഒബാമ വന്ന് ‘ബില്‍ വാ പോകാമെന്ന്’ ആംഗ്യത്തോടെ രണ്ടാമതും പറയുന്നു. ഒരു മിനിറ്റ് കഴിഞ്ഞിട്ടും ക്ലിന്റണ്‍ അനുങ്ങാന്‍ ഭാവമില്ലെന്ന് കണ്ടപ്പോള്‍ വീണ്ടും വാതിലില്‍ വന്ന് നിന്ന് ഒബാമ ക്ലിന്റണെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെ ഒബാമ അക്ഷമയോടെ നെടുവീര്‍പ്പിടുന്നതും കാണാം. സഹികെട്ട ഒബാമ പടിക്കെട്ടുകളിലേക്ക് ഇറങ്ങി വന്നു ആംഗ്യം കാട്ടി അല്‍പ്പം ഉച്ചത്തില്‍ വിളിച്ചതോടെ ക്ലിന്റണ്‍ പടിക്കെട്ടുകള്‍ കയറി വന്നു. പടി കയറുന്നതിനിടയില്‍ ക്ലിന്റണ്‍ കയ്യുയര്‍ത്തി ഒബാമയോട് ക്ഷമ പറയുന്നതും കേള്‍ക്കാം. ഒടുവില്‍ രണ്ടു പേരും കൈകൊടുത്ത് വിമാനത്തിലേക്ക് കയറുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല