സ്വന്തം ലേഖകന്‍: വൈറ്റ്ഹൗസിന്റെ തലപ്പത്ത് റെയ്ന്‍സ് പ്രീബസ്, മറ്റു പ്രധാന സ്ഥാനങ്ങളില്‍ ട്രംപിന്റെ വിശ്വസ്തര്‍, ടീം ട്രംപ് തയ്യാറാകുന്നു. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി റെയ്ന്‍സ് പ്രീബസിനെ ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ വിശ്വസ്തനായിരുന്നു പ്രീബസ്. ട്രംപ് ജയിച്ചതോടെ ഇദ്ദേഹത്തിന് ഉന്നത സ്ഥാനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
പ്രീബ്‌സിനൊപ്പം, ട്രംപിന്റെ മറ്റൊരു വിശ്വസ്തനായ സ്റ്റീവ് ബാനനും ഉയര്‍ന്ന തസ്തിക ലഭിച്ചിട്ടുണ്ട്. ചീഫ് സ്ട്രാറ്റജിസ്റ്റ് ആന്‍ഡ് സീനിയര്‍ കൗണ്‍സലര്‍ പദവിയാണ് ബാനന് ലഭിച്ചിരിക്കുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യനേതൃത്വം വഹിച്ചിരുന്നത് സ്റ്റീവ് ബാനനായിരുന്നു. കണ്‍സര്‍വേറ്റീവ് ചായ്‌വ് പുലര്‍ത്തുന്ന Breitbart news ന്റെ തലവനായിരുന്ന ബാനന്‍, പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ മുന്‍ എക്‌സിക്യൂട്ടീവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാനാണ് റെയ്ന്‍സ് പ്രീബ്‌സ്. ട്രംപിന്റെ മക്കളായ ഇവാന്‍കയും ഭര്‍ത്താവ് ജാറദ് കുശ്‌നര്‍ക്കും പ്രിയങ്കരനാണ് പ്രീബ്‌സ്. സ്പീക്കര്‍ പോള്‍ ഡി റയാന്‍, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് പെന്‍സ് തുടങ്ങിയവരുമായും പ്രീബ്‌സിന് അടുപ്പമുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃനിരയെയും ട്രംപിനെയും തമ്മില്‍ അടുപ്പിക്കുന്ന പാലമായി പ്രവര്‍ത്തിക്കാന്‍ പ്രീബ്‌സിന് നന്നായി സാധിക്കുമെന്നതും ഇദ്ദേഹത്തെ ചീഫ് ഓഫ് സ്റ്റാഫായി പരിഗണിക്കാന്‍ സാധ്യത വര്‍ധിപ്പിച്ച ഘടകമാണ്.
ട്രംപിനെതിരേ പ്രചാരണഘട്ടത്തില്‍ വിമര്‍ശനം വ്യാപകമായപ്പോള്‍ പ്രതിരോധിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു പ്രീബ്‌സ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേയ്ക്ക് ന്യൂട്ട് ഗിന്റിച്ചിനെയും അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേയ്ക്ക് റൂഡി ഗ്യുലിയാനിയെയും പ്രതിരോധ സെക്രട്ടറി സ്ഥാനത്തേയ്ക്ക് റിട്ടയേഡ് ജനറല്‍ മൈക്കല്‍ ഫ്‌ളിന്നിനെയും പരിഗണിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല