1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2017

സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യന്‍ വംശജനായ ധനമന്ത്രിയെ പുറത്താക്കി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പ്രസിഡന്റ് ജേക്കബ് സുമ ഇന്ത്യന്‍ വംശജനായ ധനമന്ത്രി പ്രവീണ്‍ ഗോര്‍ധനെയാണ് പുറത്താക്കിയത്. ജേക്കബ് സുമയുടെ അഴിമതി ഭരണത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ഒരാളായിരുന്നു ഗോര്‍ധന്‍.

കഴിഞ്ഞയാഴ്ച അന്തരിച്ച ആഫ്രിക്കന്‍ വര്‍ണവിവേചന പോരാളി അഹ്മദ് കത്രാദയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗോര്‍ധന്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ തന്റ നിശിത വിമര്‍ശകനായിരുന്ന കത്രാദയുടെ സംസ്‌കാര ചടങ്ങുകളില്‍ സുമയുടെ അസാന്നിധ്യം വാര്‍ത്തയാകുകയും ചെയ്തു. കൂടാതെ ലണ്ടനില്‍ ഈയിടെ ഗോര്‍ധന്‍ നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗോര്‍ധനു പകരം ആഭ്യന്തര മന്ത്രി മാലുസി ഗിഗാബയെ ധനമന്ത്രിയായി നിയമിച്ചു.

പാര്‍ട്ടിയിലെ പ്രമുഖാംഗവും ഇന്ത്യന്‍ വംശജനുമായ പ്രവീണ്‍ ഗോര്‍ധനെ പുറത്താക്കിയതിനെതിരെ പാര്‍ട്ടിക്കകത്തു നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ ഡെപ്യൂട്ടി പ്രസിഡന്റ് സിറില്‍ രംഫോസ ഇക്കാര്യത്തില്‍ തെന്റ വിയോജിപ്പ് ജേക്കബ് സുമയെ അറിയിച്ചതാണെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏറെ പ്രയാസമുണ്ടാക്കുന്ന കാര്യമാണിതെന്ന് സെക്രട്ടറി ജനറല്‍ ഗ്വെദെ മാന്റാഷെയും പ്രതികരിച്ചു. അര്‍ധരാത്രിയില്‍ മന്ത്രിമാരുടെ കൂട്ടക്കൊല എന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ മുന്‍ യു.എസ് അംബാസഡര്‍ പാട്രിക് ഗാസ്പാര്‍ഡിന്റെ ട്വീറ്റ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.